Tuesday, March 3, 2009

മടക്കം

ഒരു ചെറിയ കിതപ്പോടെ തീവണ്ടി സ്റ്റേഷനില്‍ എത്തി നിന്നു.മാളവിക ചുറ്റും ഒന്നു കണ്ണോടിച്ചു.യാത്രക്കാര്‍ ധൃതി പിടിച്ചു കയറുകയും ഇറങ്ങുകയും ചെയ്യുന്നു.ബന്ധുക്കളെ യാത്ര അയക്കാന്‍ വന്നവരുടെയും സ്വീകരിക്കാന്‍ വന്നവരുടെയും തിരക്കാണ് പ്ലാറ്റ്ഫോമില്‍ നിറയെ.മിക്ക മുഖങ്ങളിലും വേര്‍പാടിന്റ്റെ വേദനയും കണ്ടുമുട്ടലിന്റ്റെ ആനന്ദവും ഒക്കെ അലയടിക്കുന്നു. കണ്ണനും ഉണ്ണിമോളും തീവണ്ടിയുടെ ജനാലയില്‍ പിടിച്ചു കളിക്കുന്നുണ്ട്.രാജീവേട്ടന്‍ ഒരു മാഗസിനിലേക്കു മുഖവും പൂഴ്ത്തി ഇരിക്കുന്നു.എത്ര നേരമായാവോ ഈ ഇരിപ്പ് തുടങ്ങിയിട്ട്?മാളവിക പതുക്കെ സീറ്റിലേക്ക് ചാരി കണ്ണടച്ചു കിടന്നു.

സ്വന്തം നാട്ടിലേക്കുള്ള ഈ മടക്കം എത്ര നാളായി ആഗ്രഹിച്ചിരുന്നതാണ്.വീണ്ടും ഒരിക്കല്‍ കൂടി ആ വഴികളിലൂടെ നടക്കാന്‍,ചെയ്തു പോയ തെറ്റുകള്‍ക്ക് പരിഹാരം കാണാന്‍...ഒന്നും ഒന്നിനും പരിഹാരമാവില്ല എങ്കില്‍ കൂടി....ബാല്യവും കൌമാരവും യൌവ്വനവും എല്ലാം ചിത്രങ്ങളായി മനസ്സിലൂടെ കടന്നു പോകുന്നു.ഇപ്പോഴും ഒരു മങ്ങലും ഏല്‍ക്കാത്ത നല്ല വ്യക്തതയുള്ള ചിത്രങ്ങളായി സ്നേഹത്തിന്‍റെ നിറമുള്ള ഓര്‍മ്മകള്‍.രാജീവേട്ടന്റെ കൂടെ ജീവിക്കാന്‍ ഇറങ്ങിപുറപ്പെടുമ്പോള്‍ അതിന് കൊടുക്കേണ്ട വില അച്ഛന്‍റെ ജീവനായിരിക്കും എന്നോര്‍ത്തില്ല.സ്നേഹിക്കാന്‍ ആരുമില്ലാത്ത രാജീവേട്ടന് ഒരു സാന്ത്വനം ആകണമെന്ന് മാത്രമെ ചിന്തിച്ചിരുന്നുള്ളൂ. തന്‍റെ കുറവ് തീര്‍ക്കാന്‍ സഹോദരിയുന്ടല്ലോ .പക്ഷെ ഒരു മകള്‍ക്ക് പകരമാവില്ലല്ലോ മറ്റൊരാള്‍. അത് മനസ്സിലാക്കാന്‍ കാലങ്ങള്‍ വേണ്ടി വന്നു.ഒരു അമ്മയായപ്പോള്‍ മാത്രമാണ് ആ വേദനയും സ്നേഹത്തിന്‍റെ ആഴവും അതേ രീതിയില്‍ ഉള്‍ക്കൊള്ളാനായത്.ഓര്‍മ്മകളുടെ കുത്തൊഴുക്കില്‍ പെട്ടുപോയ മനസ്സിനെ പിടിച്ചു നിര്‍ത്താന്‍ വല്ലാതെ പ്രയാസപ്പെട്ടു.രാജീവേട്ടന്‍ തട്ടി വിളിച്ചപ്പോഴാണ് ഉണര്‍ന്നത്.ഇറങ്ങേണ്ട സ്റ്റേഷന്‍ ആകാറായിരിക്കുന്നു.

വര്‍ഷങ്ങള്‍ക്കു ശേഷമാണ് വീടിന്‍റെ പടി ചവിട്ടുന്നത്.അമ്മ ഉമ്മറത്ത്‌ തന്നെയുണ്ട്‌.വല്ലാതെ മാറിപ്പോയിരിക്കുന്നു.വല്ലാതെ ക്ഷീണിച്ചിരിക്കുന്നു അമ്മ.മുണ്ടും നേര്യതുമുടുത്തു നെറ്റിയില്‍ ഭാസ്മക്കുറിയുമായി....
കണ്ണുനീര്‍ കൊണ്ടു എന്റെ കാഴ്ചകള്‍ വല്ലാതെ മങ്ങിപ്പോകുന്നു.വീണു പോകാതിരിക്കാന്‍ രാജീവേട്ടന്റ്റെ കൈകളില്‍ ബലമായിപ്പിടിച്ചു.ഉമ്മറത്തെത്തിയപ്പോഴേക്കും വീണു പോയിരുന്നു.അമ്മയുടെ കാലില്‍ പിടിച്ചു മനസ്സു തുറന്നൊന്നു കരഞ്ഞു.ഒരു മഴ പെയ്തൊഴിഞ്ഞ പോലെ....കുട്ടികള്‍ വല്ലാതെ പകച്ചു പോയിരുന്നു.ഇങ്ങനെയൊരു രംഗം അവര്‍ ഒരിക്കലും വിഭാവനം ചെയ്തിരിക്കില്ലല്ലോ.

അച്ഛന്‍ തൊടിയിലെവിടെയോ ഉണ്ടെന്നു തോന്നിപ്പോയി.മുഖത്തെപ്പോഴും നിറഞ്ഞു നില്ക്കുന്ന സ്നേഹവും വാത്സല്യവും ആയി പതിവുള്ള ആ ചിരിയോടെ മാളൂട്ടി എന്ന് വിളിച്ചു കൊണ്ടു വരുന്നത് പോലെ...അച്ഛന്‍ തൊടിയില്‍ നിന്നും കയറി വരുമ്പോഴുള്ള വിയര്‍പ്പിന്‍റെ മണം അവിടെ തങ്ങി നില്ക്കുന്നത് പോലെ...

അച്ഛന്‍റെ അസ്ഥിത്തറയില്‍ വിളക്ക് വയ്ക്കണം.ആ വിളക്കിന്‍റെ മുമ്പില്‍ നിന്നു മനസ്സറിഞ്ഞു കരയണം.നഷ്ടപ്പെട്ടു പോയ അച്ഛന്‍റെ സ്നേഹത്തിനായി....തൊടിയില്‍ എവിടെയെങ്കിലും നിന്നു അച്ഛന്‍ എന്നെ കാണുന്നുണ്ടാവും.അമ്മയുടെ അടക്കിപ്പിടിച്ചുള്ള തേങ്ങലാണ് എന്നെ ഓര്‍മ്മയില്‍ നിന്നുണര്‍ത്തിയത്.അവസാന നിമിഷം അച്ഛന്‍ എന്നെ അന്വേഷിച്ചിരുന്നെന്നു....
സന്ധ്യക്ക്‌ കുളിച്ചു ഈറനായി വന്നു അച്ഛന്‍റെ അസ്ഥിത്തറയില്‍ തിരി വച്ചു.മനസ്സു കൊണ്ടു മാപ്പിരന്നു ആ കാല് തൊട്ടു നമസ്കരിച്ചു.ഒരു സാന്ത്വനം പോലെ എങ്ങു നിന്നോ ഒരു കുളിര്‍ക്കാറ്റ് വന്നു തലോടി തിരികെ പോയി."സാരല്യാ മാളൂട്ടി" എന്ന് പറയുമ്പോലെ... ..

വിളക്ക് വച്ചു കഴിഞ്ഞു ഉമ്മറക്കോലായില്‍ വെറുതെ ഇരുന്നപ്പോള്‍ അച്ഛന്‍ പടി കടന്നു വരുന്നതു പോലെ തോന്നി.
കയ്യിലിരുന്ന പൊതി തന്നു കൊണ്ടു "അമ്മുവുമായിട്ടു വഴക്ക് കൂടാതെ പോയി പങ്കു വച്ചു തിന്നോ..." എന്ന് പറഞ്ഞു നിറുകയില്‍ തലോടി അകത്തേക്ക് പോകുന്ന അച്ഛന്‍റെ രൂപം....അച്ഛന്‍റെ ആ പഴയ പന്ത്രണ്ടു വയസ്സുകാരി മാളൂട്ടി ആകാന്‍ മനസ്സു അറിയാതെ വെമ്പി.അച്ഛന്‍ ചാരുകസേരയില്‍ കിടക്കുമ്പോള്‍ കൂടെ പോയി ഇരിക്കാനും ചായ കുടിക്കുമ്പോള്‍ അതില്‍ പാതി ഒട്ടുഗ്ലാസ്സില്‍ പകര്‍ന്നു വാങ്ങിക്കുടിക്കാനും,അത്താഴം കഴിക്കുമ്പോള്‍ അച്ഛന്‍റെ കൈയില്‍ നിന്നും പതിവുള്ള ഒരു ഉരുള വായില്‍ വാങ്ങാനും, വിഷുക്കൈനീട്ടം അച്ഛന്‍റെ കൈയില്‍ നിന്നു വാങ്ങാനും , ആ കൈ പിടിച്ചു സ്കൂളില്‍ പോകാനും,നല്ല മഴയത്ത് തൊന്ടിലെ വെള്ളത്തില്‍ കാലിട്ട് കളിക്കുമ്പോള്‍ അച്ഛന്‍ സ്നേഹത്തോടെ പിറകില്‍ വന്നു ചെവിയില്‍ കിഴുക്കാനും,ത്രിസന്ധ്യക്ക്‌ വിളക്ക് കൊളുത്തി കഴിയുമ്പോള്‍ അച്ഛന്‍ ഭാഗവതം വായിക്കുന്നത് കേള്‍ക്കാനും, ആ വാത്സല്യവും തലോടലും ഏറ്റു ഉറങ്ങാനും ഒക്കെ ....................

ഒരിക്കലും നടക്കില്ലെന്നറിയാമായിട്ടും വെറുതെ മോഹിച്ചു ആ കാലത്തെക്കൊന്നു മടങ്ങി പോകാന്‍.ഒരിക്കല്‍ കൂടി വഴക്ക് പറയുമ്പോള്‍ അച്ഛന്‍റെ മുമ്പില്‍ മുഖം വീര്‍പ്പിച്ചു നില്‍ക്കാന്‍... ഒരു മടക്കം അനിവാര്യമാണ്. അത് പക്ഷെ സ്നേഹത്തിന്‍റെ നിറമുള്ള ബാല്യത്തിലേക്കല്ല.തിരക്ക് പിടിച്ച എന്‍റെ പ്രവാസജീവിതത്തിലേക്ക്,എന്‍റെ ഉത്തരവാദിത്വങ്ങളിലേക്ക്.നൈര്‍മല്യവും വിശുദ്ധവുമായ ഗ്രാമീണതയിലേക്കല്ല, മറിച്ചു നഗരത്തിന്‍റെ വിഷമയമായ കാപട്യങ്ങളിലേക്ക്.മനസ്സില്‍ ഒരു ശൂന്യത രൂപപ്പെട്ടു വരുന്നു...

3 comments:

ആർപീയാർ | RPR said...

ആർദ്രമായ ഒരു അനുഭൂതി... മുഴുവനല്ലെങ്കിലും കുറച്ചൊക്കെ പരിചിതമായ വഴിത്താരകൾ.. നന്നെ ബോധിച്ചു.

ആശംസകൾ

hi said...

:)

Shaivyam...being nostalgic said...

സുഷ, അച്ഛന്‍റെ വേര്‍പാട് ഞാനും അറിഞ്ഞതാണ്. വല്ലാത്ത ഒരു നൊമ്പരം സൃഷ്ടിച്ചു തന്‍റെ ഈ എഴുത്ത്. ഞാനും നാട്ടിലെത്തുമ്പോള്‍ ഇത്തരം അവസ്ഥയിലൂടെ കടന്നു പോയിട്ടുണ്ട്. സുഹൃത്തേ, നന്ദി.

Post a Comment