Monday, September 21, 2009

നാടോടിക്കൂട്ടം

നല്ല മഴയുള്ള ഒരു ദിവസം രാവിലെ ബസ്സിറങ്ങി റെയില്‍വേ സ്റ്റേഷനിലേക്ക് നടക്കുമ്പോഴാണ് ആ കാഴ്ച കണ്ടത്.സ്റ്റേഷന്റ്റെ അടുത്തുള്ള ഉപയോഗ ശൂന്യമായ മുനിസിപ്പല്‍ പാര്‍ക്കില്‍ ഒരു നാടോടിക്കൂട്ടം തമ്പടിച്ചിരിക്കുന്നു.ഇത്തരം കാഴ്ചകള്‍ ഒന്നും അത്ര പുതുമയല്ലാത്തതു കൊണ്ടാകണം ദേവി വേഗം മുന്‍പോട്ടു നടന്നു.ട്രെയിന്‍ വരാനുള്ള സമയം ആയിരിക്കുന്നു.

നീ ആ കുട്ടിയെ ശ്രദ്ധിച്ചോ ദേവി?

ലക്ഷ്മിയുടെ ചോദ്യം കേട്ടപ്പോഴാണ് പ്ലാറ്റ്ഫോമില്‍ നിന്നിരുന്ന കുട്ടിയെ ശ്രദ്ധിച്ചത്.ഒരു പന്ത്രണ്ടു വയസ്സ് പ്രായം വരും.നല്ല ഐശ്വര്യമുള്ള മുഖം.പാറിപ്പറന്ന മുടി.അഴുക്കു പിടിച്ചു പിഞ്ഞിക്കീറിയ വസ്ത്രങ്ങള്‍.നിഷ്ക്കളങ്കമായ മുഖം.


ഇത് ആ നാടോടിക്കൂട്ടത്തിലുള്ളതല്ലേ?

അതെ...നീയാ കുട്ടിയുടെ മുഖത്തെ നിഷ്ക്കളങ്കത ശ്രദ്ധിച്ചോ?
ഊം......

കൂടിപ്പോയാല്‍ ഒരു രണ്ടു വര്ഷം കൂടി അവളുടെ മുഖത്ത് ആ നിഷ്ക്കളങ്കത കാണും.അതിനപ്പുറം പോവില്ല?


അതെന്താ നീയങ്ങനെ പറഞ്ഞത്?


അതങ്ങനെയാ...അവള് മാറും....അല്ലെങ്കില്‍ ഈ സമൂഹം അവളെ മാറ്റിയെടുക്കും.


ദാ...ട്രെയിന്‍ വന്നു.വേഗം വാ...


പലപ്പോഴും മടുപ്പാണ് ഈ യാത്ര.ഒരേ മുഖങ്ങള്‍,കാഴ്ചകള്‍,ഒരേ വഴിയിലൂടെയുള്ള യാത്ര.ജീവിതം പോലെ തന്നെ ആവര്‍ത്തനവിരസം.റെയില്‍പ്പാളം പോലെ നീണ്ടു കിടക്കുന്ന ശൂന്യമായ ജീവിതം.എവിടെ തീരുമെന്ന് ഒരു നിശ്ചയവുമില്ല.


ലക്ഷ്മി പറഞ്ഞത് വളരെ ശരിയാണ്.ആ കുട്ടിയെ മാറ്റിയെടുക്കാന്‍ മാത്രം ഇന്നത്തെ സമൂഹം പ്രാപ്തമാണ്.ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ അവളെ വഴി തെറ്റിച്ചിരിക്കും.സമൂഹത്തിന്‍റെ മനോവൈകല്യങ്ങളുടെ ഇരകളാണ് ഇത്തരം നാടോടിക്കൂട്ടങ്ങള്‍. ഇതില്‍ നിന്ന് രക്ഷപ്പെടുന്നവര്‍ വളരെ ചുരുക്കം.ഒരു രാഷ്ട്രീയക്കാരനോ ഉദ്യോഗസ്ഥനോ ഇവര്‍ക്ക് വേണ്ടി ഒന്നും ചെയ്യില്ല.മറ്റുള്ളവരെ സംബന്ധിച്ചിടത്തോളം വെറും കോമാളികള്‍ മാത്രമാണ് ഇവര്‍.ഇവരുടെ വേദനകള്‍ പോലും ഇവര്‍ നടത്തുന്ന തെരിവു സര്‍ക്കസ് കാണുന്ന ലാഘവത്തോടെ കണ്ടു നിന്ന് രസിക്കാനാണ് മറ്റുള്ളവര്‍ക്ക് താല്പര്യം.


പിന്നെ അന്നത്തെ ദിവസം ആ നാടോടിക്കൂട്ടത്തിനെയോ ആ കുട്ടിയെ കുറിച്ചോ ചിന്തിച്ചതേയില്ല.ജോലിയും തിരക്കുകളുമായി കഴിഞ്ഞു.വൈകുന്നേരം താമസിച്ചതിനാല്‍ ഇടവും വലവും നോക്കാതെ വേഗം നടന്നു.ഇല്ലെങ്കില്‍ വീട്ടിലെത്താനുള്ള അവസാന ബസ്സും കിട്ടില്ല.


പിറ്റേ ദിവസം ബസ്സിറങ്ങി റെയില്‍വെ സ്റ്റേഷനിലേക്കു നടക്കുമ്പോഴാണ് പാര്‍ക്കിനു മുന്നില്‍ പതിവില്ലാത്ത ഒരാള്‍ക്കൂട്ടം കണ്ടത്.പോലീസും പത്രക്കാരും എല്ലാമുന്ടു.എന്തോ ഒരു ദുസ്സൂചന തോന്നി.കാഴ്ച കാണാന്‍ നിന്നിരുന്ന ഒരാളോട് തിരക്കി......


എന്താ പറ്റിയത്?

ആ നാടോടിക്കൂട്ടത്തിലെ ഒരു കുട്ടിയെ ആരോ.........

മൃതദേഹം ആ കുറ്റിക്കാട്ടിലുന്ടു.


കേട്ടപ്പോള്‍ വല്ലാത്ത ഒരു വേദന മനസ്സിലേക്ക് പറന്നിറങ്ങി.ആ പന്ത്രണ്ടു വയസ്സുകാരിയുടെ മുഖം കൂടുതല്‍ വ്യക്തതയോടെ മനസ്സില്‍ തെളിഞ്ഞു വന്നു.ആള്‍ക്കൂട്ടത്തിനിടയിലേക്ക്‌ തിക്കിത്തിരക്കി കയറി നോക്കി.അവള്‍ അവളുടെ അമ്മയുടെ അടുത്തു കരഞ്ഞു കൊണ്ടിരിപ്പുന്ടു.വല്ലാത്ത ഒരു ആകാംക്ഷ മനസ്സിലേക്ക് ചൂഴ്ന്നിറങ്ങുന്നു.അടുത്തു നിന്നിരുന്ന വൃദ്ധനോടു കാര്യം തിരക്കി.


നാടോടിക്കൂടത്തിലെ ആ പെണ്‍കുട്ടി അവിടെയിരിപ്പുന്ടല്ലോ?അപ്പോള്‍ പിന്നെ ആരെയാ?


ആ കുട്ടിയെയല്ലാ...........ആ അച്ഛന്റ്റെയും അമ്മയുടെയും രണ്ടു വയസ്സുള്ള ഇളയ കുഞ്ഞിനെയാണ് .അമ്മയുടെ കൂടെ ഉറങ്ങിക്കിടന്നിരുന്ന കുഞ്ഞിനെ അവിടെ നിന്നും എടുത്തു കൊണ്ടു പോയാണ്.......

ഈശ്വരാ.....പിഞ്ചു കുഞ്ഞുങ്ങള്‍ക്ക് പോലും രക്ഷയില്ലാത്ത നാട്......


കാഴ്ച കണ്ടു നില്‍ക്കുന്നവരില്‍ പലരും ആ അമ്മയുടെ വേദന കണ്ടു രസിക്കുകയാണ്.ഒരു തരം നികൃഷ്ട ജീവികളെ കാണുന്ന ലാഘവത്തോടെ........ട്രെയിന്‍ എത്താറായി.പെട്ടെന്ന് റെയില്‍വേ സ്റ്റേഷനിലേക്കു നടന്നു. ഞാനും പെട്ടെന്ന് അവരില്‍ ഒരുവളായി മാറി.ഒരു തരം നിസ്സഹായാവസ്ഥ.അല്ലെങ്കില്‍ സ്വന്തം കാര്യം മാത്രം ചിന്തിക്കേണ്ടി വരുന്ന അവസ്ഥ.യാത്ര ചെയ്യുമ്പോഴും ഓഫീസില്‍ ഇരിക്കുമ്പോഴും എല്ലാം ആ വൃദ്ധന്റ്റെ വാചകം ചെവിയിലേക്ക് ചൂളം കുത്തി........


പിഞ്ചു കുഞ്ഞുങ്ങള്‍ക്ക് പോലും രക്ഷയില്ലാത്ത നാട്..................ദൈവത്തിന്‍റെ സ്വന്തം നാട്......