Saturday, January 1, 2011

എന്‍റെ ബാല്യം

പറങ്കി മാവിന്തോപ്പിലേക്ക് ഇരച്ചെത്തുന്ന മഴത്തുള്ളികള്‍ പോലെയാണ് ഓര്‍മ്മകള്‍.ചിലപ്പോള്‍ നമ്മിലേക്ക്‌ അത് കടന്നു വരും,സുഖമുള്ള ഒരു അനുഭൂതിയായി കുറച്ചു നേരം മനസ്സില്‍ തത്തിക്കളിക്കും. ജീവിതത്തിലെ സുവര്‍ണ കാലഘട്ടമാണ് ബാല്യം.ജീവിതത്തില്‍ എന്തൊക്കെ മാറ്റങ്ങള്‍ വന്നാലും ആ ഓര്‍മ്മകള്‍ മനസ്സിന്റെ പൂജാമുറിയില്‍ ഒരു കെടാവിളക്കായി തെളിഞ്ഞു നില്ക്കും.

എന്റെ അച്ഛന്റെ തറവാട് കോട്ടയത്താണ്.പട്ടണത്തിന്റെ ഹൃദയഭാഗത്താണന്കിലും ഒരു തുരുത്ത് പോലെ ഒതുങ്ങി നില്ക്കുന്ന സ്ഥലം.ഒരു ഗ്രാമത്തിന്റെ ശാന്തതയും ഭംഗിയുമുള്ള അന്തരീക്ഷം.തറവാടിന്റെ മുറ്റം നിറയെ മുല്ലയും ചെത്തിയും ചാമ്പയുമൊക്കെയാണ്.മുറ്റത്തിന്റെ പടിക്കെട്ടുകള്‍ ഇറങ്ങിച്ചെല്ലുന്നത് പറമ്പിലേക്കാണ്.ജാതിയും,മാവും,പ്ലാവും എന്ന് വേണ്ട ഒരുവിധപ്പെട്ട മരങ്ങളെല്ലാം തന്നെ പറമ്പില്‍ തഴച്ചു വളരുന്നു.പറമ്പ് കഴിഞ്ഞാല്‍ മുമ്പില്‍ വയലാണ്.നെല്ലൊന്നും കൃഷി ചെയ്യുന്നില്ലെന്കിലും നല്ല ഫലഭൂയിഷ്ടമായ മണ്ണാണ്.തെക്കേ അറ്റത്ത്‌ കാരണവന്മാരെ അടക്കം ചെയ്ത മണ്ണും അതിന്റെ ഒരു വശത്ത് കുളവും മറുവശത്ത് ഒരു ഇടവഴിയും ഉണ്ട്.അതിലെ പോയാല്‍ ആശാന്‍റെ വീടിന്റെ ഉമ്മറത്തൂടെ വയലിലെത്താം.വീടിന്‍റെ പിന്നിലൂടെ കുറച്ചു നടന്നാല്‍ ടാറിട്ട വഴിയും അത് മുറിച്ചു കടന്നു കുറച്ചു കൂടെ നടന്നാല്‍ മീനച്ചിലാറിന്റെ തീരമായി.ഇവിടെയാണ് അഞ്ചു വയസ്സ് വരെ ഞാനെന്‍റെ ബാല്യം ചിലവിട്ടത്.

എന്നെ സ്കൂളില്‍ കൊണ്ടു വിടുന്നത് വേണുകൊച്ചച്ചനാണ്.അച്ചച്ചനു പഴയ ഒരു ബജാജ് സ്കൂട്ടര്‍ ഉണ്ട്,അതിലാണ് എന്നെ സ്കൂളില്‍ കൊണ്ടു വിടുന്നത്.മലയാളം ശരിക്കും ഉറച്ചു കിട്ടുന്നതിനു വേണ്ടി ശനിയും ഞായറും എന്നെ നിലത്തെഴുത്ത് കളരിയില്‍ വിടുമായിരുന്നു.ആദ്യത്തെ ദിവസം കളരിയില്‍ പോയത് അച്ഛമ്മയുടെ കൂടെയാണ്.ഞങ്ങളുടെ വീടിന്‍റെ അടുത്ത് തന്നെയാണ് കളരി(കളരി എന്ന് പറഞ്ഞാല്‍ അത് വീട് തന്നെയണ്.അവിടെ തന്നെയാണ് അവര്‍ താമസിക്കുന്നതും).അച്ഛമ്മയുടെ നേര്യതിന്റെ അറ്റത്ത്‌ പിടിച്ചു പേടിച്ച് പേടിച്ചാണ് ഞാന്‍ ആ മുറ്റത്തേക്ക്‌ കയറിയത്.വലിയ ഒരു പറമ്പിന്റെ നടുക്ക് ഓല മേഞ്ഞ മതിലില്ലാത്ത ഒരു ചെറിയ വീട്.വീടിന്‍റെ മുറ്റത്തു തന്നെ ഒരു തള്ളയാട്‌ പച്ചപ്ലാവില തിന്നു കൊണ്ടു നില്ക്കുന്നു.അതിന്റെ ചുറ്റും തുള്ളിച്ചാടിക്കളിക്കുന്ന കുടമണി കെട്ടിയ ഒരു ആട്ടിന്‍കുട്ടിയും.പറമ്പിന്‍റെ ഒരു വശത്ത് പശുത്തൊഴുത്തും, അതില്‍ പശുവും അതിന്‍റെ കിടാവും. വീടിന്‍റെ അടുക്കളയോട് ചേര്‍ന്ന് ആള്‍മറയില്ലാത്ത ഒരു കിണര്‍.വീടിന്‍റെ തറ ചാണകം മെഴുകിയതാണ്. അവിടെ മുണ്ടും ജാക്കറ്റും തോര്‍ത്തും ധരിച്ചു സാമാന്യം വണ്ണമുള്ള ഒരു സ്ത്രീ.ഇരുണ്ട നിറമാണെങ്കിലും നല്ല ഐശ്വര്യമുള്ള മുഖം.അവരാണ് പഠിപ്പിക്കുന്നത്.

അങ്ങനെ ഞാനും നിലത്തെഴുത്ത് കളരിയിലെ വിദ്യാര്‍ത്ഥിനിയായി.പഠിപ്പിക്കുന്ന രീതിയും ശിക്ഷണ രീതിയും ഒക്കെ വളരെ കഠിനമായിരുന്നു.നിലത്തു മണ്ണ് വിരിച്ചു അതില്‍ വിരല്‍ കൊണ്ടു എഴുതിയായിരുന്നു ആദ്യം പഠനം.തെറ്റിപ്പോയാല്‍ വിരല്‍ മണ്ണിലിട്ട്‌ ഞെരിക്കും ആശാട്ടി.കാ‍ന്താരി മുളക് അരച്ച് തേച്ചു ചുട്ടു പഴുപ്പിച്ച ഒരു വള്ളിച്ചുരല്‍ ഉണ്ട് അവരുടെ കയ്യില്‍. സ്ലേറ്റില്‍ എഴുതുമ്പോള്‍ തെറ്റിയാല്‍ എഴുന്നേല്‍പ്പിച്ചു നിര്‍ത്തി കാലിന്‍റെ താഴെ വള്ളിച്ചുരല്‍ കൊണ്ടു അടിക്കും. ഈരേഴു പതിന്നാലു ലോകവും ഒരുമിച്ചു കാണുന്ന രീതിയിലുള്ള അടിയാണ് ആശാട്ടിയുടേതു.മാത്രമല്ല അതിന് ശേഷം ഒരു മണിക്കൂര്‍ നേരമെന്കിലും കണ്ണില്‍ കൂടി പൊന്നീച്ച പറന്നു കളിക്കും. ഈ സമ്മാനം മിക്കവാറും ഞാന്‍ ചോദിച്ചു വാങ്ങാറുമുന്ടായിരുന്നു. ഈ സമ്മാനം വാങ്ങാന്‍ എനിക്ക് കൂട്ടുമുന്ടായിരിന്നു. ഒരു അക്ഷരത്തിന്റ്റെയെങ്കിലും ഷേപ്പ് മാറിയാല്‍ അടി ഉറപ്പാണ്. എനിക്ക് അടി കിട്ടുന്നത് മിക്കവാറും 'ഉ' എഴുതുമ്പോഴാണ്.ഞാന്‍ എഴുതുന്ന 'ഉ' കണ്ടാല്‍ ഒരാള്‍ കഴുത്ത് നീട്ടിനില്‍ക്കുന്നതായിട്ടാണ് തോന്നുക.
ബാബുക്കുട്ടനും ദേവിയും അനിയന്‍ കുട്ടിയുമൊക്കെ അവിടുത്തെ എന്‍റെ സതീര്‍ത്ഥ്യരായി.അവര്‍ പങ്കു വച്ചു തന്ന ഇലുമ്പന്‍ പുളിയിലും പുളിങ്കുരുവിലും ചാമ്പങ്ങയിലുമൊക്കെ ആത്മാര്‍ത്ഥ സൗഹൃദത്തിന്റെ സ്വാദ് ഞാന്‍ തൊട്ടറിഞ്ഞു.മണ്ണില്‍ നിന്നും കുഴിയാനയെ തപ്പിപ്പിടിക്കാനും,അതിനെ തീപ്പട്ടിക്കൂടിലിട്ടു സൂക്ഷിച്ചു വയ്ക്കാനും ഒക്കെ എനിക്ക് പഠിപ്പിച്ചു തന്നത് എന്‍റെ ഈ കൂട്ടുകാരാണ്.ഞങ്ങളെല്ലാവരും കൂടിയാണ് സ്ലേറ്റ് തുടക്കുന്നതിനുള്ള മാഷിത്തന്ടു പറിക്കാന്‍ പോകുന്നത്.സാധാരണ ആയി വീടിന്‍റെ അതിരിലും മതിലേലും ഒക്കെയാണ് മഷിത്തന്ടു കാണാറ്.

ഞങ്ങള്‍ കുട്ടികളുടെ ഇടയില്‍ ബാബുക്കുട്ടന് ഒരു താരപരിവേഷമുന്ടായിരുന്നു.അതിന് കാരണം അവന് കുട്ടിയും കോലും കളിക്കാനറിയാം, ഞൊട്ടങ്ങ നെറ്റിയില്‍ വച്ചു പൊട്ടിക്കാനറിയാം, മഷിത്തന്ടിലെ വെള്ളം ഊറ്റിക്കളഞ്ഞു ഊതിവീര്‍പ്പിച്ചു പൊട്ടിക്കാനറിയാം.ബാബുക്കുട്ടനാണ് പൊട്ടക്കുളത്തിലെ മോതിരവളയനെ കാണിച്ചു തന്നത്(ഒരുതരം പാമ്പാണ് അത്.മോതിരം പോലെ വളഞ്ഞു ചുറ്റി ഇരിക്കും).ആ കുളത്തില്‍ അത് ധാരാളം ഉണ്ട്.മോതിരവളയനെ കാണാന്‍ നിന്നു താമസിച്ച ദിവസം വീട്ടില്‍ ചെന്നപ്പോള്‍ അച്ഛന്‍റെ കൈയ്യില്‍ നിന്നും നല്ല ചുട്ട പെട കിട്ടി.അന്നത്തെ ദിവസം പിന്നെ ഉമ്മറത്തേക്ക് പോയിട്ടില്ല.വേറൊന്നും കൊണ്ടല്ല, അച്ഛന്‍ ഉമ്മറത്ത്‌ കാണും.എന്നെക്കണ്ടാല്‍ അന്നത്തെ സര്‍ക്കീട്ടിനെ കുറിച്ചു വീണ്ടും എന്തെങ്കിലും ചോദിച്ചാലോ എന്ന് പേടിച്ചാണ്. അന്ന് വൈകുന്നേരം നല്ല മഴയായിരുന്നു.നിലത്തു വീണു ചിതറിത്തെറിക്കുന്ന മഴത്തുള്ളികള്‍ നോക്കി അടുക്കളക്കോലായില്‍ വെറുതെ അങ്ങനെ നിന്നു....ഒക്കെ ഇന്നലെ കഴിഞ്ഞത് പോലെ തോന്നുന്നു.

ഉരുളുന്ന ചക്രത്തിന്‍റെ പിറകെ വടിയും കൊണ്ടു പായുകയാണ് ഓര്‍മ്മകള്‍.ചില നേരത്ത് പൊട്ടിയ പട്ടം കണക്കെ മനസ്സു പറന്നു തുടങ്ങും എങ്ങോട്ടെന്നില്ലാതെ...ചിറ്റയുടെ പനിനീര്‍ചെടിയില്‍ പറ്റിപ്പിടിച്ചിരിക്കുന്ന മഞ്ഞുതുള്ളികള്‍ പോലെയാണ് ഓര്‍മ്മകള്‍. അച്ചച്ചന്റെ ഭഗവത് ഗീത പോലെ അര്‍ത്ഥവത്താണു അവ.എങ്ങനെയാണെങ്കിലും അവ മനസ്സിന്റെ അഭ്രപാളികളില്‍ വ്യക്തതയുള്ള ചിത്രങ്ങളായി ഒരിക്കലും മായാതെ.....