Friday, August 28, 2020

മൂപ്പത്തി

 തിമിർത്തു  പെയ്യുന്ന മഴ പോലെയാണ് ഓർമ്മകൾ.മനസ്സിലേക്കു പെട്ടെന്ന് ഒരു പിടി കുളിര് കോരിയിട്ടു തരുന്ന ഒരു അനുഭൂതി.ഒരിക്കലും അവസാനിക്കരുതെന്നു ആഗ്രഹിക്കുന്ന ചിലപ്പോൾ വശ്യമായ നൈമിഷികതയുടെ  മാത്രം ദൈര്ഘ്യമുള്ള മനസ്സിന്റെ ആനന്ദം.


               മൂപ്പത്തി! ആരോരുമില്ലാത്ത ആര്ക്കും ആവശ്യമില്ലാത്ത ഒരു ജന്മം.ആ പേരു ഓർമിക്കുമ്പോൾ തന്നെ മനസ്സിലേക്കെത്തുന്നതു മൂന്നു ചുവപ്പ് കല്ലുകൾ പതിച്ച ആ വലിയ മൂക്കുത്തിയുടെ പ്രാകാശമാണ്.മുറുക്കി ചുവപ്പിച്ച ചുണ്ടുകൾ.കടും നിറത്തിലുള്ള ബ്ലൌസും, വലിയ കരയുള്ള മുണ്ടുംനേര്യതും  , വെള്ള ക്കല്ല് വെച്ച വലിയ കമ്മലും, നെറ്റിയിലെ ചന്ദനക്കുറിയും ആയി ആകെ മൊത്തം ഒരു ആനച്ചന്തം.


തികച്ചും ഗ്രാമീണമായ അന്തരീക്ഷത്തിലാണ് മൂപ്പത്തി ജനിച്ചതും വളര്ന്നതും ജീവിച്ചതും.കൈത്തോടുകളും കുളവും അമ്പല മൈതാനവും കൈതക്കാടുകളും റബ്ബർ തോട്ടങ്ങളും കൊണ്ടു സമ്പന്നമായ പ്രകൃതി ഭംഗിയുള്ള സ്ഥലം.നഗരത്തിന്റെ കാപട്യങ്ങളും പരിഷ്കാരങ്ങളും അത്ര പെട്ടെന്ന് കടന്നു വരാൻ മടിക്കുന്ന അന്തരീക്ഷം.നാല് മണി വെയിൽ ചായുന്നതോടെ നിഗൂഡമായ ഇരുട്ടിന്റെ ആവരണം പ്രകൃതിയെ പൊതിയാൻ തുടങ്ങും.ചുറ്റും ചീവിടിന്റെ നിലവിളിയും നായ്ക്കളുടെ    ഓരിയിടലും ഒക്കെക്കൊന്ടു ആകപ്പാടെ ഒരു ഭീകരാന്തരീക്ഷം.


ശിവന്റെ അമ്പലത്തിനോടു ചേര്ന്നാണ് മൂപ്പത്തിയുടെ വീട്.കൊന്നാടൻ വല്യച്ഛന്റെ കാവിനേയും മൂപ്പത്തിയുടെ വീടിനെയും തമ്മിൽ വേർതിരിക്കുന്നത്  അമ്പലക്കുളമാണ്.ശിവന്റെ അമ്പലത്തിലെ ഉപദേവത ആണ്  കൊന്നാടൻ വല്യച്ച്ചൻ. ശിവന്റെ ഉപദേഷ്ടാവ് ആണ് കൊന്നാടാൻ വല്യച്ച്ചൻ എന്നാണു പറയപ്പെടുന്നത്.പ്രതിഷ്ഠ എന്ന് പറയുന്നത് പ്രത്യേകിച്ച് രൂപമൊന്നുമില്ലാത്ത ഒരു കല്ലാണ്.ആ കാവിന്റെ മൂലയ്ക്ക് രണ്ടു വടി ചാരി വച്ചിട്ടുണ്ട്.ആ ദേശത്തോടു അടുക്കുന്ന ദുഷ്ട ശക്തികളെ ആട്ടിപ്പായിക്കാൻ ആണത്രേ അത്.


മൂപ്പത്തിയുടെ വളരെ ചെറുപ്പത്തിലെ തന്നെ അവരുടെ മാതാപിതാക്കൾ മരിച്ചതാണ്.സഹോദരങ്ങൾ ഒന്നുമില്ലാത്ത അവർ ഒറ്റപ്പെട്ടാണ് വളർന്നത്‌... .......വിവാഹത്തിന് ശേഷം രണ്ടു വർഷത്തിൽ കൂടുതൽ അവർ ഭർത്താവിന്റെ കൂടെ ജീവിച്ചില്ല.മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്നു അറിഞ്ഞപ്പോൾ അവർ തന്നെയാണ് അയാളെ വീട്ടിൽ നിന്നും പുറത്താക്കിയത്.



മറ്റുള്ള വീടുകളിൽ അത്യാവശ്യം സഹായങ്ങൾ ചെയ്തും മറ്റുമാണ് അവർ ജീവിതം നയിച്ചിരുന്നത്.ആ നാട്ടിലെ പല വീടുകളിലെയും രഹസ്യങ്ങളും പരദൂഷണവും എല്ലാം ഈ സഹായങ്ങൾ എന്ന് പറയുന്നതിൽ ഉൾപ്പെടും.ഏതൊരു വീട്ടിലും അധികാരം കാണിക്കാനും അവടെ ഉള്ള കുട്ടികളെയും യുവാക്കളെയും എല്ലാ കാര്യങ്ങളിലും ഉപദേശിക്കാനും മറ്റും ഒരു പ്രത്യേക പാടവം തന്നെ ഉണ്ടായിരുന്നു മൂപ്പത്തിക്ക്.അത് കൊണ്ടു തന്നെ മുതിർന്നവർ എത്രത്തോളം അവരെ ഇഷ്ടപ്പെട്ടിരുന്നോ  അത്രത്തോളം പുതു തലമുറയിലെ ചെറുപ്പക്കാർ അവരെ വെറുത്തിരുന്നു.



കൊന്നാടാൻ വല്യച്ചന്റെ സംരക്ഷണം ഉള്ളത് കൊണ്ടാണ് പേടി കൂടാതെ താൻ ജീവിച്ചു പോകുന്നതെന്ന് അവർ സ്വയം വിശ്വസിക്കുകയും മറ്റുള്ളവരെ വിശ്വസിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തു.പാതിരാ നേരത്ത് അമ്പല ക്കുളത്തിൽ മുങ്ങിക്കുളിച്ചു അമ്പലത്തിനു ചുറ്റും നടക്കുകയും അമ്പലത്തിന്റെ നാല് അതിരിലും ചെന്ന് വടി ചുഴറ്റി ദുഷ്ട ശക്തികളെ ഭയപ്പെടുത്തുകയും ചെയ്യുന്ന കറുത്ത കരിമ്പടം പുതച്ച മുഖം വ്യക്തമല്ലാത്ത ഒരാൾ.ഇതാണ് മൂപ്പത്തി പറഞ്ഞു പറഞ്ഞു  പഴകിയ കൊന്നാടൻ വല്യച്ഛന്റെ  രൂപം.


കേട്ടു കേൾവികൾ എന്ത് തന്നെ ആയാലും താൻ ജീവിച്ച എണ്‍പത്  വർഷക്കാലവും ആരുടെയും സഹായമില്ലാതെ സ്വന്തം കാലിൽ നിന്ന് സ്വന്തമായി അധ്വാനിച്ചാണ് അവർ ജീവിച്ചത്.തന്റെ നിലനില്പ്പിനെതിരെ വന്ന എത്ര ദുഷ്ട ശക്തികളെ വടി ചുഴറ്റി ആട്ടിപ്പായിച്ചു.ഏഴു തിരിയിട്ടു തെളിയിച്ച ഒരു നിലവിളക്കിന്റെ ശോഭയാണ് മൂപ്പത്തിയെ കുറിച്ചുള്ള ഓർമകൾക്ക്. പനിനീർപ്പൂവിൽ പറ്റിപ്പിടിച്ചിരിക്കുന്ന മഞ്ഞു തുള്ളി പോലെ നൈർമല്യമുള്ള ഓർമ്മകൾ.