അല്ലാ...ഈ കൊച്ചു വെളുപ്പാന്‍കാലത്തെ ഇതെങ്ങോട്ടാ???????
നിന്നോടു പല പ്രാവശ്യം പറഞ്ഞിട്ടില്ലേ ദേവ്യേ ഒരു വഴിക്ക് പോകുമ്പൊള്‍ പിറകില്‍ നിന്ന് വിളിക്കരുതെന്നു.പാടത്തേക്കല്ലാതെ ഞാനെങ്ങോട്ടു പോകാനാ????
പുറത്തു നല്ല മഞ്ഞുണ്ട്.കാപ്പി കുടിച്ചിട്ട് പോയാല്‍ മതിയില്ലേ?പാടത്ത് പണിക്കാരും കാര്യസ്ഥനും ഒക്കെ ഉണ്ടല്ലോ.
പറഞ്ഞു മുഴുമിക്കാന്‍ സമ്മതിച്ചില്ല. ഇറങ്ങി കഴിഞ്ഞു.ഈ സ്വഭാവം അറിയാഞ്ഞല്ല.പറഞ്ഞു നോക്കീന്നു മാത്രം.എത്ര കാലമായുള്ള പതിവാണ്.ഇത്തവണ കൃഷി ഇറക്കിയതില്‍ പിന്നെ ഒരുതരം വെപ്രാളമാണ് നന്ദേട്ടനു.ഇതില്‍ നിന്ന് കിട്ടുന്ന ലാഭം കൊണ്ടു രക്ഷപ്പെടാമെന്നു മനക്കോട്ട കെട്ടി നടക്കുകയാണ്...പാവം...വിളവെടുപ്പ് ശരിയായില്ലെങ്കില്‍ ആത്മഹത്യ മാത്രമേ വഴിയുള്ളൂ.അത്രക്കുണ്ട് കടം.
താനിവിടെ വന്നു കയറുമ്പോള്‍ എത്ര സ്വത്തും നിലങ്ങളും ഉണ്ടായിരുന്നതാ.മിക്കതും അന്യാധീനപ്പെട്ടു പോയി.സ്വത്തു ഭാഗം വച്ചപ്പോള്‍ കിട്ടിയ ഓഹരി വിറ്റു കാശാക്കി ഏട്ടന്മാരും ഓപ്പോളും പോയി.എല്ലാവര്ക്കും മണ്ണില്‍ പണിയെടുക്കുന്നത് കുറച്ചിലാണ്.ഇപ്പോള്‍ ആ വയലെല്ലാം മണ്ണിട്ട് നികത്തി കോണ്‍ക്രീറ്റ് കെട്ടിടങ്ങളാണ് അവിടെയൊക്കെ.വല്ലാതെ വരണ്ടു പോയിരിക്കുന്നു ഭൂമി. ഇനിയിപ്പോള്‍ ബാക്കിയുള്ളത് താമസിക്കുന്ന തറവാടും തൊടിയും ഒന്നര പറ നിലവും മാത്രമാണ്.അത് നന്ദേട്ടന്റ്റെ വീതമാണ്.
ദേവി പതുക്കെ മുറ്റത്തേക്കിറങ്ങി.വിശാലമായ തൊടിയില്‍ ആറിന്റ്റെ തീരത്ത് പാരമ്പര്യത്തിന്റെ പ്രൌഡ്ഡിയില്‍ തല ഉയര്‍ത്തി നില്ക്കുന്ന നാലുകെട്ട് .ആറ്റിലേക്കിറങ്ങാനായി പടവുകള്‍ കെട്ടിയിരിക്കുന്നു.ഇപ്പോള്‍ എല്ലാം ക്ഷയിച്ചിരിക്കുന്നു.പൊട്ടിപ്പൊളിഞ്ഞ തുളസിത്തറയും ദാരിദ്ര്യത്തിന്റെ മാറാല പിടിച്ച തറവാടും ഗതകാല സ്മരണകള്‍ വിളിച്ചോതിക്കൊന്ടു നിന്നു.
അടിച്ചു വാരാന്‍ വരാറുള്ള കാളിയമ്മയെ ഇനിയും കണ്ടില്ല.മുറ്റം നിറയെ കരിയിലയാണ്.വൃത്തിയാക്കാന്‍ തുടങ്ങിയപ്പോളേക്കും അവര്‍ എത്തി.
കുളിച്ചു വേഗം കാവിലേക്കു പോയി...
ന്റെ...വാരിക്കാട്ടുകാവിലമ്മേ കാത്തോളണേ...
പാടവരമ്പത്തൂടെ വരുമ്പോള്‍ എതിരെ വന്ന പരിചയക്കാരോട് കുശലം പറഞ്ഞെന്നു വരുത്തി പെട്ടെന്ന് പോന്നു. സമയം പോയി.ഉച്ചയാവുമ്പോളേക്കും ഊണ് കാലാക്കണം.
ഉച്ചക്ക് ഊണ് കഴിഞ്ഞുടനെ ഇറങ്ങി പാടത്തേക്കു.
എന്തിനാ ഇപ്പോഴേ പാടത്ത് പോയി വെയില് മുഴുവന്‍ കൊള്ളുന്നെ???
എന്നാല്‍ പിന്നെ വേണ്ട...ഞാനിവിടെ നിന്ന് തുള്ളിക്കളിക്കാം...
ഞാനൊന്നും പറഞ്ഞില്ലെന്റ്റപ്പനെ...ക്ഷമിക്കു....
ത്രിസന്ധ്യ കഴിഞ്ഞിട്ടും കാണുന്നില്ലല്ലോ.വിളക്ക് വെച്ചിട്ട് നേരമെത്രയായി.
ഉവ്വ് വരുന്നുണ്ട്...ദൂരെ നിന്നെ വിളിച്ചു കൊണ്ടാണല്ലോ വരുന്നത്.
ഇന്നെന്താ നന്ദേട്ടാ...ഭയങ്കര സന്തോഷത്തിലാണല്ലോ....
ആഹ്....നീയ് സര്പ്പക്കാവില് വിളക്ക് വച്ചോ ദേവ്യേ...
ഉവ്വ്...
രണ്ടീസം കൂടി കഴിഞ്ഞാല്‍ കൊയ്യാം...നൂറു മേനിയാ പാടത്ത് വിളഞ്ഞു കിടക്കുന്നെ.മണ്ണ് ഒരിക്കലും ചതിക്കില്ലെടീ.നമ്മുടെ കഷ്ടപ്പാടെല്ലാം മാറും.മണ്ണും പെണ്ണും സംരക്ഷിക്കുന്ന പോലെ ഇരിക്കുമെന്ന് കാര്ന്നോമ്മാര് പറയുന്നത് വെറുതെയല്ല...
ഉവ്വോ....ഭഗവതി കാത്തൂ...
വല്ലാത്ത ചൂട്.ആറ്റിലൊന്നു മുങ്ങീട്ടു വരാം.നീ അത്താഴമെടുത്തോ കേട്ടോ...
ഉവ്വ്...
വെളുപ്പിനെ ഒരു നാല് മണി ആയിക്കാണും.നല്ല മഴ പെയ്യുന്ന ശബ്ദം കേട്ടാണ് ഉണര്‍ന്നത്. നല്ല തുമ്പിക്കൈ വണ്ണത്തില്‍ മഴ നിര്‍ത്താതെ പെയ്യുകയാണ്.
നന്ദേട്ടാ....നന്ദേട്ടാ........
ആരോ വിളിക്കുന്നുണ്ടല്ലോ.വടക്കേക്കുറ്റേ ഉണ്ണിയാണെന്നു തോന്നുന്നു.എന്താണാവോ കാര്യം?
നന്ദേട്ടാ നമ്മുടെ പാടത്ത് വെള്ളം കയറി.നെല്ല് മുഴുവന്‍ വെള്ളത്തിനടിയിലായി.
ഈശ്വരാ...ചതിച്ചോ....
എല്ലാം പോയി.ജീവിതത്തോടുള്ള ആശയും പ്രതീക്ഷകളും ഒക്കെ തകിടം മറിഞ്ഞു.കൊയ്യാറായി നില്ക്കുന്ന നെല്ല് മുഴുവന്‍ വെള്ളത്തിലായി നില്ക്കുന്ന കാഴ്ച സഹിക്കാന്‍ കഴിഞ്ഞില്ല.
ആഴ്ച ഒന്ന് കഴിഞ്ഞു.
നന്ദേട്ടന്റ്റെ അവസ്ഥ കണ്ടപ്പോള്‍ ശരിക്കും പേടിയായി.ഊണില്ല,ഉറക്കമില്ല,കുളിയും തേവാരവുമില്ല.ആരോടും ഒന്നും സംസാരിക്കാതെയായി.
സാരല്യാ ഏട്ടാ...പോയതൊക്കെ പോട്ടെന്നെ.നമുക്ക് തറവാട് വില്‍ക്കാം.എന്നിട്ട് കടങ്ങളൊക്കെ വീട്ടി ബാക്കിയുള്ള തുകക്ക് ഒരു കൊച്ചു വീട് വാങ്ങിക്കാം.ഇത്ര വിഷമിക്കണ്ട കാര്യോന്നൂല്യാ.അതിനും മാത്രം ഇവിടെയൊന്നും സംഭവിച്ചിട്ടുമില്യാ...
ഒന്നും മിണ്ടാതെ കൊറേ നേരം മുഖത്തേക്ക് തുറിച്ചു നോക്കിക്കൊണ്ടിരുന്നു.
ഈ കാണുന്നതൊക്കെ ന്റെ അദ്ധ്വാനത്തിന്റ്റെ ഫലമാ...ന്റെ ചോരയും നീരും.ഇവിടം വിട്ടു ഞാനെങ്ങോട്ടും ഇല്ലാ....
എന്നിട്ടിറങ്ങി തൊടിയിലേക്ക് നടന്നു.
എന്റ്റീശ്വരന്മാരെ കാത്തോളണേ....
ഊണ് കാലാക്കുന്നതിനു രണ്ടു ഓമയ്ക്ക കുത്തിച്ചാടിക്കുകാരുന്നു. തെക്കേലെ ജാനുവേടത്തിയുടെ വിളി കേട്ടാണ് നോക്കിയത്.
ദേവ്യേ....മോളെ നമ്മുടെ നന്ദന് പാടത്ത്..........
മുഴുവന്‍ കേള്‍ക്കാന്‍ നിന്നില്ല.ഇറങ്ങി ഓടുകയായിരുന്നു.ഒരു ഭ്രാന്തിയെപ്പോലെ.....മുന്നില്‍ക്കണ്ട വഴികളില്‍ കൂടി...വഴിയില്‍ നിന്നിരുന്ന ആള്ക്കാര് ഒക്കെ തന്നെ തുറിച്ചു നോക്കുന്നു.ഏതോ കൌതുകവസ്തുവിനെ നോക്കുന്നത് പോലെ...പലരും പരസ്പരം അടക്കം പറയുന്നത് കൂടി കണ്ടപ്പോള്‍ മനസ്സിലായി എന്തോ അരുതാത്തത് സംഭവിച്ചിരിക്കുന്നു.തൊണ്ടയില്‍ നിന്നും അലയടിച്ചുയര്‍ന്ന തെങ്ങലടക്കിക്കൊന്ടു വേഗം ഓടി....മനസ്സ് ശരീരത്തിനേക്കാള്‍ മുമ്പില്‍ നടക്കാന്‍ വെമ്പി.കാലിനു തീരെ വേഗത പോരാന്നു തോന്നി...പാടത്തേക്കെതിയപ്പോളേക്കും ഹൃദയം പെരുമ്പറ കൊട്ടാന്‍ തുടങ്ങി.അരുതാത്തതൊന്നും കാണരുതേയെന്നു ആശിച്ചപ്പോളേക്കും കണ്ടു........
ആരോ വരമ്പത്ത് കമിഴ്ന്നു കിടക്കുന്നു....ഓടിയടുതെത്തിയപ്പോളേക്കും കണ്ണുനീര് കാഴ്ചകളെ മറച്ചിരുന്നു.
വിഷം കഴിച്ചതാണെന്ന് തോന്നുന്നു.....
ആരൊക്കെയോ ചുറ്റും നിന്നും വിളിച്ചു പറയുന്നതായി തോന്നി.
നെഞ്ചില്‍ അടക്കി വച്ചിരുന്ന കരച്ചില് പൊട്ടിയടര്‍ന്നു വീണു.ഒരു വല്ലാത്ത നിലവിളിയോടെ.....
ന്റെ നാഗത്താന്മാരെ ഇത് കാണാനാണോ ഞാന്‍ ഒരു നേരം പോലും മുടക്കം വരുത്താതെ കാവില്‍ വിളക്ക് വച്ചത്?
ഇത് വരെ എന്നോടു പറയാതെ തൊടിക്കപ്പുറത്തേക്ക് പോലും പോയിട്ടില്യാലോ...പിന്നെ ഇപ്പോള്‍ മാത്രമെന്താ ഒന്നും മിണ്ടാതെ.......
ആ ശരീരം വലിച്ചെടുത്തു മടിയിലേക്ക് കിടത്തി.മുഖത്തെ മണ്ണും ചെളിയുമെല്ലാം നേര്യതിന്റ്റെ തുമ്പു കൊണ്ടു തുടച്ചു കളഞ്ഞു..അപ്പോഴും അയാള്‍ കയ്യില്‍ മുറുക്കിപ്പിടിച്ചിരുന്നു നനവ് മാറാത്ത ഒരു പിടി പച്ചമന്ണു..
Wednesday, March 25, 2009
Subscribe to:
Post Comments (Atom)
13 comments:
ഒഴുക്കുള്ള ശൈലി.. കൂടുതൽ നന്നാവട്ടേ.
ആശംസകൾ
you got a skill,wonderful
ആശംസകള്‍ നേരുന്നു.
ജെ പി അങ്കിള്‍ @ തൃശ്ശിവപേരൂര്‍
jp-smriti.blogspot.com
നന്നായി...
ഒന്ന് നീറി അവസാനം...
kollaam.. touching..
മണ്ണിന്റെ മണമുള്ള ഒരു നല്ല കഥ!
കഥ മനോഹരമായിരിക്കുന്നു നല്ല ഒഴുക്കുള്ള എഴുത്ത് കര്ഷകാത്മഹത്ത്യയിലേക്ക് വിരല്‍ ചുണ്ടുന്ന പ്രമേയം അവതരണ ഭംഗികൊണ്ടു ശ്രദ്ധേയമായി . ഗൃഹാതുരത്വമുണര്‍ത്തുന്ന ചില പ്രയോഗങ്ങള്‍ കഥയ്ക്കു സൌന്ദര്യം കൂട്ടുന്നു .
ആത്മാര്‍ത്ഥമായ ആശംസകള്‍
ഞാന്‍ ഇതുവഴി ആദ്യമായിയാണ് ഇനി തുടരെ വന്നോളാം
കര്‍ഷകരുടെ പ്രശ്നങ്ങള്‍ ഭംഗിയായി അവതരിപ്പിച്ചിരിക്കുന്നു, അഭിനനദനങ്ങള്‍.
എന്റെ ബ്ലോഗില്‍ വന്നതിനും കമന്റിനും നന്ദി.
ഇപ്പോഴാണ് ഇത് കണ്ടത്.
നല്ല ശൈലി, അതും സംസാര ഭാഗങ്ങളില്‍. ആ സീന്‍ മനസ്സില്‍ കാണുന്ന പോലെ
സുഷ : എഴുതാനുള്ള കഴിവുണ്ട് തനിക്ക്. പലയിടങ്ങളിം വരികള്‍ ആകര്‍ഷകമാണ്. എഴുതാന്‍ തിരഞ്ഞെടുത്ത വിഷയവും കൊള്ളാം. സാമൂഹികമായ കാര്യങ്ങളെപ്പറ്റി അറിവുണ്ടെന്ന് അത് ചൂണ്ടിക്കാണിക്കുന്നു.
പക്ഷേ എഴുത്ത് ഇനിയും മെച്ചപ്പെടേണ്ടതുണ്ട് (ഇത് പറയാന്‍ മാത്രമൊന്നുമില്ല. കുറച്ച് നാള് മാത്രമല്ലേ ആയുള്ളൂ രെഴുത്ത് തുടങ്ങിയിട്ട്) ഇനിയും നന്നായി ശ്രമിക്കുക. റിപ്പോര്‍ട്ടഡ് സ്പീച്ച് എഴുതുമ്പോഴൊക്കെ ഗ്യാപ് ഇട്ട് എഴുതുക.
ആശംസകള്‍
:-)
ഉപാസന
Hi Susha, just saw your comments on my blog... thanks. Please continue with your good work. All the best.
കൊള്ളാം.
:)
ഒരുപാട് നാളായി എല്ലാവരെയും കണ്ടിട്ട്, അല്പം ബിസി ആയിരുന്നേ.
പിന്നെ ഒരു സന്തോഷ വാര്‍ത്ത,മൊട്ടുണ്ണി തിരിച്ച് വന്നേ.
ബ്ലോഗില്‍ ഒരു നല്ല കഥ വായിച്ചതിന്റെ സുഖമുണ്ട്.
ഇനിയുമെഴുതൂ ഇതുപോലെ , ഇതിനേക്കാള്‍ നന്നായി.
ആശംസകള്‍
Post a Comment