Thursday, May 7, 2009

എന്‍റെ ബാല്യം-II

ഓര്‍മ്മകളിലെ ഇടവപ്പാതികള്‍ക്ക് ജൂണിന്റ്റെ മന്ദസ്മിതമുണ്‍ടു.അമ്പല മൈതാനത്ത് കെട്ടിക്കിടക്കുന്ന മഴവെള്ളത്തിന്റ്റെ തെളിമയും കുളിരുമുന്ടു.ശ്രീധരന്റ്റെ കടയിലെ പന്ചാര ചാക്കിന്റ്റെ മധുരമുണ്ട്.അമ്മമ്മയുടെ കല്‍ഭരണിക്കകത്തു സൂക്ഷിച്ചു വച്ചിരിക്കുന്ന കല്ക്കന്ടത്തിന്റ്റെ മധുരമുണ്ട്.ഓര്‍മ്മകളിലെ,എന്‍റെ ബാല്യത്തിലെ ഇടവപ്പാതികള്‍ക്ക് വല്ലാത്ത ഒരു കുളിര്‍മ്മയുന്ടു.നനഞ്ഞ അന്തരീക്ഷത്തിന്റെ,അമ്പല മൈതാനത്തെ പുല്‍ക്കൊടിതുമ്പില്‍ പറ്റിപ്പിടിച്ചിരിക്കുന്ന മഴത്തുള്ളിയുടെ....

പൂഹോയ് ..................

ആരാ മന്ജുചേച്ചിയേ ആ കൂവുന്നെ?

അതാ കുമാരനാവും.രാവിലെ പറമ്പില്‍ പണിക്കു പോണതാ...നീയ് കൊഞ്ചിക്കൊന്ടു നില്‍ക്കാതെ വേഗം വരുന്നുണ്ടോ?അല്ലെങ്കില്‍ ഞാനെന്‍റെ പാട്ടിനു പോകും കേട്ടോ.അല്ലെങ്കില്‍ ഞാന്‍ തന്നെ പോയി പാല് വാങ്ങിക്കൊന്ടരാം.....

ഊം..ഊം...പറ്റുകേല...ഞാനൂന്ടു...അനുചേച്ചിയെ വേഗം വായോ......

തറവാടിന്റ്റെ ഒരു വശത്തുള്ള പടിപ്പുര കടന്നിറങ്ങുന്നത് അമ്പല മൈതാനത്തേക്കാണു.അമ്പലമൈതാനത്തിന്റ്റെയും വീടിന്‍റെയും ഇടക്കുള്ള ഒരു ചെറിയ തൊന്ടില്‍ കൂടിയാണ് പാല്‍‌ വാങ്ങാന്‍ പണിക്കര്‍ സാറിന്‍റെ വീട്ടിലേക്കു പോകുന്നത്. വഴിയുടെ ഒരു വശത്തുള്ള തിന്ടിമ്മേല്‍ ധാരാളം ഒടിച്ചുകുത്തി പൂക്കള്‍ വീണു കിടപ്പുണ്ട്.ഒരു ഓന്ത് തിന്ടിമ്മേലെക്ക് പാഞ്ഞു വന്നു ഒന്നെത്തി നോക്കിയിട്ട് തിരിച്ചു പോയി....വഴിയുടെ രണ്ടു വശങ്ങളിലും തൊട്ടാവാടി ചെടിയും മുക്കുറ്റിയും ധാരാളം നില്‍പ്പുണ്ട്.തൊട്ടാവാടി ചെടിയില്‍ തലോടിയും പുല്ലില്‍ പറ്റിപ്പിടിച്ചിരിക്കുന്ന വെള്ളത്തുള്ളി തട്ടിത്തെറിപ്പിച്ചും അങ്ങനെ നടന്നു. അത് വഴി ധാരാളം ആള്‍ക്കാര്‍ ആ സമയത്താണ് തോളില്‍ തൂമ്പയും തലയില്‍ പാളത്തൊപ്പിയുമൊക്കെ വച്ച് പറമ്പില്‍ പണിക്കായി പോകുന്നത്.

പണിക്കര്‍ സാറിന്‍റെ വീട്ടിലേക്കു ചെല്ലുമ്പോള്‍ തന്നെ വളക്കുഴിയുടെയും ചാണകത്തിന്റ്റെയും റബ്ബര്‍ ഷീറ്റിന്റ്റെയും ഒക്കെ കൂടിക്കലര്‍ന്ന ഒരു ഗന്ധമാണ്.പാല് വാങ്ങി പാത്രത്തിലാക്കി കഴിഞ്ഞാല്‍ പിന്നെ ഒരൊറ്റ ഓട്ടമാണ് അവരുടെ വീടിന്‍റെ പിറകിലുള്ള പുകപ്പുരയും (റബ്ബര്‍ ഷീറ്റ് ഉണക്കുന്ന സ്ഥലം)കടന്നു റബ്ബര്‍ തോട്ടത്തിലുള്ള ചെറിയ കൈത്തോട്ടിലെ വെള്ളത്തിലേക്ക്‌. നല്ല തെളിനീരു പോലെയുള്ള ആ വെള്ളം കലക്കി മറിക്കാതെ അതില്‍ നിന്നും കേറില്ല.ആ തോട്ടില്‍ കൂടി(തോടെന്നു പറഞ്ഞാല്‍ മുട്ടിനു താഴെ വരെയേ വെള്ളമുള്ളൂ..ചെറിയ ഉരുണ്ട പാറക്കല്ലുകളും മറ്റുമുള്ള...)നടന്നു കളിക്കും,ചെറിയ മീനിനെ പിടിക്കുക,വെള്ളത്തില്‍ കൂടി ഓടിക്കളിക്കും.അതില്‍ കൂടി നടന്നു നടന്നു അമ്പലത്തിന്‍റെ ഭാഗത്തുള്ള തോട്ടിലേക്കെത്തും.തോട്ടില്‍ നിന്നും കേറുമ്പോള്‍ പത്തു മണിയെങ്കിലും കഴിഞ്ഞിട്ടുണ്ടാവും......

മഴക്കാലം ആവുമ്പോഴേക്കും അമ്പല മൈതാനം മുഴുവന്‍ പച്ച പുതച്ചത് പോലെ പുല്ലും മറ്റും കൊണ്ടു നിറഞ്ഞിരിക്കും.അമ്പല കുളത്തിന്‍റെ കരക്ക്‌ മുഴുവന്‍ കൊന്തപുല്ല് ആണ്. ഉച്ച കഴിയുമ്പോള്‍ സാധാരണ ഇടവപ്പാതി കാലത്ത് മഴ തകര്‍ത്തു പെയ്യും ചില ദിവസങ്ങളില്‍. വീടിന്‍റെ ഉമ്മറത്ത്‌ മഴയും നോക്കി നില്‍ക്കാന്‍ നല്ല രസമാണ്.അതിലും രസം ആ തിമിര്‍ത്തു പെയ്യുന്ന മഴ നനയാനാണ്.ഒരിക്കല്‍ അങ്ങനെ വീട്ടുമുറ്റത്തെ മഴ നനഞ്ഞു നിക്കുമ്പോളാണ് അമ്പല മുറ്റത്ത്‌ ആലിപ്പഴം പെയ്യുന്നുന്ടെന്നു ചേച്ചി പറഞ്ഞത്.അമ്മമ്മയും അമ്മായിയും കാണാതെ ഒരൊറ്റ ഓട്ടമാണ് അമ്പല മൈതാനത്തേക്ക്‌. പിന്നത്തെ കളി മുഴുവന്‍ അമ്പല മുറ്റത്തെ മഴ നനഞ്ഞു കൊണ്ടാണ്.ആലിപ്പഴം എന്ന് പറഞ്ഞാല്‍ പൈനാപ്പിള്‍ പോലെ ഒരു പഴം ആണെന്നായിരുന്നു അന്നത്തെ ധാരണ.അമ്പല മൈതാനത്ത് പൊങ്ങിക്കിടക്കുന്ന മുട്ടറ്റം വെള്ളത്തില്‍ ഒരു രണ്ടു മണിക്കൂറെങ്കിലും ആലിപ്പഴം തപ്പി നടന്നിട്ടുണ്ടാവും.

മഹാദേവന്‍ ആണ് അമ്പലത്തിലെ പ്രധാന പ്രതിഷ്ഠ.അവിടുത്തെ ഒരു ഉപദേവതയായ അയ്യപ്പന്‍റെ കോവിലിനു മുമ്പിലുള്ള മരത്തിന്‍റെ ചുവട്ടില്‍ നിന്നാല്‍ മഴ ഒട്ടും നനയില്ല.വളര്‍ന്നു ഒരു പ്രദേശം മുഴുവന്‍ പന്തലിച്ചു നില്‍ക്കുന്ന അത്ര വലുതാണ്‌ ആ മരം.അതിന്‍റെ പൊത്തില്‍ ഒരു കിളിക്കൂടുന്ടെന്നു പറഞ്ഞതും അത് കാട്ടിത്തരാന്നു പറഞ്ഞതും കുമാരനാണ്.മഴ തോര്‍ന്നിരുന്ന ഒരു നാലുമണി സമയത്ത് മരത്തിന്‍റെ കൊമ്പില്‍ കയറി വളരെ സൂക്ഷിച്ചു ആ കിളിക്കൂട് പതുക്കെ പുറത്തെടുത്തു കാണിച്ചു തന്നു. തലയുറക്കാത്ത ചെറിയ രണ്ടു മൂന്നു കിളിക്കുഞ്ഞുങ്ങള്‍.എന്നിട്ടത് ആ പൊത്തില്‍ തന്നെ സൂക്ഷിച്ചു വച്ചു.അപ്പോഴേക്കും അമ്മക്കിളി വേവലാതിയോടെ അവിടെ എത്തിയിരുന്നു.

എന്‍റെ ഓര്‍മ്മകളിലെ ഇടവപ്പാതി ഒരിക്കലും തോരില്ല.മീനത്തിലും മേടത്തിലും ചിങ്ങത്തിലും മകരത്തിലും ഒക്കെ ഇത് ആര്‍ത്തു പെയ്തു കൊണ്ടിരിക്കും.ഓര്‍മ്മകളിലെ ഈ ഇടവപ്പാതിയോടാണ് എന്‍റെ പ്രണയം.ഒരിക്കലും തോരാത്ത ഈ പെരുമഴയില്‍ നനയാനാണ് എന്‍റെ ആഗ്രഹം....എന്‍റെ മരണം വരെ.....

25 comments:

കല്യാണിക്കുട്ടി said...

എന്‍റെ ഓര്‍മ്മകളിലെ ഇടവപ്പാതി ഒരിക്കലും തോരില്ല.മീനത്തിലും മേടത്തിലും ചിങ്ങത്തിലും മകരത്തിലും ഒക്കെ ഇത് ആര്‍ത്തു പെയ്തു കൊണ്ടിരിക്കും.ഓര്‍മ്മകളിലെ ഈ ഇടവപ്പാതിയോടാണ് എന്‍റെ പ്രണയം.ഒരിക്കലും തോരാത്ത ഈ പേരുമഴയില്‍ നനയാനാണ് എന്‍റെ ആഗ്രഹം....എന്‍റെ മരണം വരെ.....

Shaivyam...being nostalgic said...

ഞാന്‍ നാട്ടിലായിരുന്നു, തന്‍റെ (അങ്ങിനെ വിളിക്കാമല്ലോ?) കഥയിലൂടെ. അങ്ങ് ദൂരെ അമ്പലക്കുളവും, ആല്‍മരവും, കൈത്തോടും, മാടി വിളിക്കുന്നു. മഴക്കാലത്ത് ഏറ്റു മീന്‍ പിടിക്കാന്‍ വരുന്നവരുടെ ബഹളവും കാതില്‍ മുഴങ്ങുന്നു. ഈ ജൂണ്‍ അവസാനത്തില്‍ നാട്ടില്‍ വരുന്നു, ഒരു വട്ടം കൂടി മഴ നനയാനും, വീണ്ടും ബാല്യം തൊട്ടുണര്‍ത്താനും.....ആശംസകള്‍ Happy Blogging :-)

ramanika said...

കുട്ടിക്കാലം എത്ര മനോഹരം
ഈ പെരുമഴയില്‍ നനയാനാണ് എന്റെയും ആഗ്രഹം.
ഓര്‍ക്കുമ്പോള്‍ നഷ്ട്ടബോതം കൂടുന്നു
മനസ്സിന്റെ വിങ്ങലും കൂടുന്നു.

പോസ്റ്റ്‌ അസ്സലായി .

0000 സം പൂജ്യന്‍ 0000 said...

വളരെ മനോഹരമായ ഒരു പോസ്റ്റ് . ആളെ പിടിച്ചിരുത്തുന്ന ശൈലി . മനസ്സില്‍ നൊസ്റ്റാള്‍ജിയ യുടെ കുളിര് കോരിയിടുന്ന കഥ . ആശംസകള്‍!!

Lathika subhash said...

അക്ഷര നഗരിയിലെ ഓര്‍മ്മകള്‍ തുടരൂ...

ശ്രീ said...

കൊള്ളാം. തികച്ചും ഗ്രാമീണമായ അന്തരീക്ഷം നില നിര്‍ത്തുന്ന നല്ല എഴുത്ത്.

അരുണ്‍ കരിമുട്ടം said...

വരികളിലൂടെ കൂട്ടി കൊണ്ട് പോയ രീതി ഇഷ്ടപ്പെട്ടു.
നല്ലത്, തുടരുക

the man to walk with said...

ormakal nannayi ishtaayi

വാഴക്കോടന്‍ ‍// vazhakodan said...

ഓര്‍മ്മകള്‍ കൈവള ചാര്‍ത്തി,ഈ മനോവീഥിയിലൂടെ വന്നു. വരുത്തി എന്ന് പറയുന്നതാണ് സത്യം! ഇഷ്ടമായി വളരെ വളരെ!

ഹന്‍ല്ലലത്ത് Hanllalath said...

ഓര്‍മ്മകള്‍ പെയ്യട്ടെ...അതില്‍ നനയാന്‍ ഞങ്ങള്‍ കാത്തിരിക്കുന്നു..

പാവപ്പെട്ടവൻ said...

ഓര്‍മ്മകളിലെ,എന്‍റെ ബാല്യത്തിലെ ഇടവപ്പാതികള്‍ക്ക് വല്ലാത്ത ഒരു കുളിര്‍മ്മയുന്ടു.....സത്യം ഒരിക്കലും മറക്കാത്ത ഒരു കുളിര്‍മ .
ആശംസകള്‍

വീകെ said...

ഗ്രാമവും മഴയും ഇന്നും ഓർമ്മയിൽ
നല്ലതു മാത്രംവിളയിക്കുന്നു.
മഴ നനയാൻ കൊതിയുണ്ട്...

പഴയ ഗ്രാമത്തിലേക്ക് കൂട്ടിക്കൊണ്ട് പോയതിനു
വളരെ നന്ദി.

സൂത്രന്‍..!! said...

nalla kuttikalam...

Jayasree Lakshmy Kumar said...

നല്ല എഴുത്ത്. ഇഷ്ടപ്പെട്ടു

കണ്ണനുണ്ണി said...

ബാല്യത്തില്‍ കണ്ടും കേട്ടും അനുഭവിച്ചും മനസ്സിന്‍റെ ഒരു കോണിലേക്ക് ചേക്കേറിയ നിറങ്ങളും ഗന്ധങ്ങളും നിഴലുകളും ഒക്കെ വീണ്ടും ഓര്‍മയിലേക്ക് മടങ്ങി വരുന്നു ഇത് വായിക്കുമ്പോള്‍... നന്നായിരിക്കുന്നുട്ടോ...

ശ്രീനാഥ്‌ | അഹം said...

അല്ലേലും ഞാന്‍ പണ്ടെ പറയാറുള്ളതാ, സോഫ്റ്റ് വെയര്‍ തൊഴിലാളി - പണിയില്ലാ യൂണിയന്‍ ഒരെണ്ണം ഉണ്ടാക്കണമെന്ന്. ജോലി പോയാ ഈ യൂണിയന്‍ സഹായിക്കണം. എപ്പടി...

മങ്കലശ്ശേരിയില്‍ വന്ന് ഞോണ്ടീട്ട് പോയതിന് നന്ദി. പുതിയ ബ്ലോഗ്ഗര്‍ ആണെന്ന് തോനുന്നു...?

കല്യാണിക്കുട്ടി said...

athe...athe......inganeyoru union vendathu athyaavasyam thanneyaa.............pinne ithiri puthiya blogger aanu...google nte blogspot il.....pani poyenkilum chummaathirinnu jeevikkandaayoo....nandhi varavu vachirikkunnu........

തിരുവല്ലഭൻ said...

ഈ ചെറുബാല്ല്യക്കാരോടൊക്കെ അസൂയ തോന്നുകയാണ്‌. നല്ല ഭാഷ. വായനയും മലയാളവും കഥയും ഒക്കെ മരിച്ചു എന്നു പറഞ്ഞു നടക്കുന്നവരെ തൊഴിക്കണം. ഗൃഹാതുരത്വം ഒരു പരിധി കഴിഞ്ഞാൽ ചെടിക്കും. പഴയ ഗ്രാമമും, പുഴയും ഒക്കെ ഇനി വരാത്ത ദൂരത്തിലായി. കല്ല്യാണിക്കുട്ടി ആഗോലമാന്ദ്യമൊക്കെ കഴിഞ്ഞ്‌ ബാംഗ്ലൂരിലോ മറ്റോ ചേക്കേറിയാൽ ഓർക്കാം. ഇപ്പോൾ നമുക്ക്‌ നാളേക്ക്‌ നോക്കാം.

ചിന്താശീലന്‍ said...

മണ്ണിന്റെ മണവും ,മഴയുടെ ആര്‍ദ്രതയും ആവാഹിക്കുന്ന എഴുത്ത്.
ശരിക്കും മഴ പെയ്യുമ്പോഴാണ് നാട്ടില്‍ ജീവിക്കുന്നവരോട് അസൂയ തോന്നാറ്.തൊടിയും,കുളവും,തോടുമൊക്കെ തുള്ളിക്കളിക്കുന്ന ,പുളകങ്ങല്‍ നിറയുന്ന കാലം.ഐ ടിയുടെ മരുഭൂവില്‍ വരുന്നതിന്റെ മുന്‍പെ ഒരു മഴക്കാലവും കൂടി നാട്ടില്‍ അടിച്ചു പൊളിക്കൂ :)

മഞ്ഞുതുള്ളി said...

mazha pole sundaram

riyavins said...

ഒത്തിരി ഇഷ്ടമായ്.........

Sureshkumar Punjhayil said...

Idavappathiyekkal manoharam thulavarshamalle... Paluvangan pokku njanum kure aswadichatha ketto. Manoharam.. Ashamsakal...!!!

neeraja said...

hai....nice

Anonymous said...

സംഗതി എനിക്കിഷ്ട്ടായി

Bijith :|: ബിജിത്‌ said...

[i] Let the rain come down and wash away my tears...' [/i] How many time si would have sung this with Celine Dion... Rain, always is a refreshing feeling. To wash your ego, tears, anger everything and give a fresh, new view...

Post a Comment