Wednesday, March 25, 2009

മണ്ണ്‌

അല്ലാ...ഈ കൊച്ചു വെളുപ്പാന്‍കാലത്തെ ഇതെങ്ങോട്ടാ???????
നിന്നോടു പല പ്രാവശ്യം പറഞ്ഞിട്ടില്ലേ ദേവ്യേ ഒരു വഴിക്ക് പോകുമ്പൊള്‍ പിറകില്‍ നിന്ന് വിളിക്കരുതെന്നു.പാടത്തേക്കല്ലാതെ ഞാനെങ്ങോട്ടു പോകാനാ????
പുറത്തു നല്ല മഞ്ഞുണ്ട്.കാപ്പി കുടിച്ചിട്ട് പോയാല്‍ മതിയില്ലേ?പാടത്ത് പണിക്കാരും കാര്യസ്ഥനും ഒക്കെ ഉണ്ടല്ലോ.
പറഞ്ഞു മുഴുമിക്കാന്‍ സമ്മതിച്ചില്ല.‍ ഇറങ്ങി കഴിഞ്ഞു.ഈ സ്വഭാവം അറിയാഞ്ഞല്ല.പറഞ്ഞു നോക്കീന്നു മാത്രം.എത്ര കാലമായുള്ള പതിവാണ്.ഇത്തവണ കൃഷി ഇറക്കിയതില്‍ പിന്നെ ഒരുതരം വെപ്രാളമാണ് നന്ദേട്ടനു.ഇതില്‍ നിന്ന് കിട്ടുന്ന ലാഭം കൊണ്ടു രക്ഷപ്പെടാമെന്നു മനക്കോട്ട കെട്ടി നടക്കുകയാണ്...പാവം...വിളവെടുപ്പ് ശരിയായില്ലെങ്കില്‍ ആത്മഹത്യ മാത്രമേ വഴിയുള്ളൂ.അത്രക്കുണ്ട് കടം.

താനിവിടെ വന്നു കയറുമ്പോള്‍ എത്ര സ്വത്തും നിലങ്ങളും ഉണ്ടായിരുന്നതാ.മിക്കതും അന്യാധീനപ്പെട്ടു പോയി.സ്വത്തു ഭാഗം വച്ചപ്പോള്‍ കിട്ടിയ ഓഹരി വിറ്റു കാശാക്കി ഏട്ടന്മാരും ഓപ്പോളും പോയി.എല്ലാവര്ക്കും മണ്ണില്‍ പണിയെടുക്കുന്നത് കുറച്ചിലാണ്.ഇപ്പോള്‍ ആ വയലെല്ലാം മണ്ണിട്ട്‌ നികത്തി കോണ്‍ക്രീറ്റ് കെട്ടിടങ്ങളാണ് അവിടെയൊക്കെ.വല്ലാതെ വരണ്ടു പോയിരിക്കുന്നു ഭൂമി. ഇനിയിപ്പോള്‍ ബാക്കിയുള്ളത് താമസിക്കുന്ന തറവാടും തൊടിയും ഒന്നര പറ നിലവും മാത്രമാണ്.അത് നന്ദേട്ടന്റ്റെ വീതമാണ്.

ദേവി പതുക്കെ മുറ്റത്തേക്കിറങ്ങി.വിശാലമായ തൊടിയില്‍ ആറിന്റ്റെ തീരത്ത് പാരമ്പര്യത്തിന്റെ പ്രൌഡ്ഡിയില്‍ തല ഉയര്‍ത്തി നില്‍ക്കുന്ന നാലുകെട്ട് .ആറ്റിലേക്കിറങ്ങാനായി പടവുകള്‍ കെട്ടിയിരിക്കുന്നു.ഇപ്പോള്‍ എല്ലാം ക്ഷയിച്ചിരിക്കുന്നു.പൊട്ടിപ്പൊളിഞ്ഞ തുളസിത്തറയും ദാരിദ്ര്യത്തിന്റെ മാറാല പിടിച്ച തറവാടും ഗതകാല സ്മരണകള്‍ വിളിച്ചോതിക്കൊന്ടു നിന്നു.
അടിച്ചു വാരാന്‍ വരാറുള്ള കാളിയമ്മയെ ഇനിയും കണ്ടില്ല.മുറ്റം നിറയെ കരിയിലയാണ്.വൃത്തിയാക്കാന്‍ തുടങ്ങിയപ്പോളേക്കും അവര്‍ എത്തി.

കുളിച്ചു വേഗം കാവിലേക്കു പോയി...

ന്‍റെ...വാരിക്കാട്ടുകാവിലമ്മേ കാത്തോളണേ...

പാടവരമ്പത്തൂടെ വരുമ്പോള്‍ എതിരെ വന്ന പരിചയക്കാരോട് കുശലം പറഞ്ഞെന്നു വരുത്തി പെട്ടെന്ന് പോന്നു. സമയം പോയി.ഉച്ചയാവുമ്പോളേക്കും ഊണ് കാലാക്കണം.

ഉച്ചക്ക് ഊണ് കഴിഞ്ഞുടനെ ഇറങ്ങി പാടത്തേക്കു.

എന്തിനാ ഇപ്പോഴേ പാടത്ത് പോയി വെയില് മുഴുവന്‍ കൊള്ളുന്നെ???

എന്നാല്‍ പിന്നെ വേണ്ട...ഞാനിവിടെ നിന്ന് തുള്ളിക്കളിക്കാം...

ഞാനൊന്നും പറഞ്ഞില്ലെന്റ്റപ്പനെ...ക്ഷമിക്കു....

ത്രിസന്ധ്യ കഴിഞ്ഞിട്ടും കാണുന്നില്ലല്ലോ.വിളക്ക് വെച്ചിട്ട് നേരമെത്രയായി.

ഉവ്വ് വരുന്നുണ്ട്...ദൂരെ നിന്നെ വിളിച്ചു കൊണ്ടാണല്ലോ വരുന്നത്.

ഇന്നെന്താ നന്ദേട്ടാ...ഭയങ്കര സന്തോഷത്തിലാണല്ലോ....

ആഹ്....നീയ് സര്‍പ്പക്കാവില് വിളക്ക് വച്ചോ ദേവ്യേ...

ഉവ്വ്...

രണ്ടീസം കൂടി കഴിഞ്ഞാല്‍ കൊയ്യാം...നൂറു മേനിയാ പാടത്ത് വിളഞ്ഞു കിടക്കുന്നെ.മണ്ണ് ഒരിക്കലും ചതിക്കില്ലെടീ.നമ്മുടെ കഷ്ടപ്പാടെല്ലാം മാറും.മണ്ണും പെണ്ണും സംരക്ഷിക്കുന്ന പോലെ ഇരിക്കുമെന്ന് കാര്‍ന്നോമ്മാര് പറയുന്നത് വെറുതെയല്ല...

ഉവ്വോ....ഭഗവതി കാത്തൂ...

വല്ലാത്ത ചൂട്.ആറ്റിലൊന്നു മുങ്ങീട്ടു വരാം.നീ അത്താഴമെടുത്തോ കേട്ടോ...

ഉവ്വ്...

വെളുപ്പിനെ ഒരു നാല് മണി ആയിക്കാണും.നല്ല മഴ പെയ്യുന്ന ശബ്ദം കേട്ടാണ്‌ ഉണര്‍ന്നത്. നല്ല തുമ്പിക്കൈ വണ്ണത്തില്‍ മഴ നിര്‍ത്താതെ പെയ്യുകയാണ്.

നന്ദേട്ടാ....നന്ദേട്ടാ........

ആരോ വിളിക്കുന്നുണ്ടല്ലോ.വടക്കേക്കുറ്റേ ഉണ്ണിയാണെന്നു തോന്നുന്നു.എന്താണാവോ കാര്യം?

നന്ദേട്ടാ നമ്മുടെ പാടത്ത് വെള്ളം കയറി.നെല്ല് മുഴുവന്‍ വെള്ളത്തിനടിയിലായി.

ഈശ്വരാ...ചതിച്ചോ....

എല്ലാം പോയി.ജീവിതത്തോടുള്ള ആശയും പ്രതീക്ഷകളും ഒക്കെ തകിടം മറിഞ്ഞു.കൊയ്യാറായി നില്‍ക്കുന്ന നെല്ല് മുഴുവന്‍ വെള്ളത്തിലായി നില്‍ക്കുന്ന കാഴ്ച സഹിക്കാന്‍ കഴിഞ്ഞില്ല.

ആഴ്ച ഒന്ന് കഴിഞ്ഞു.

നന്ദേട്ടന്റ്റെ അവസ്ഥ കണ്ടപ്പോള്‍ ശരിക്കും പേടിയായി.ഊണില്ല,ഉറക്കമില്ല,കുളിയും തേവാരവുമില്ല.ആരോടും ഒന്നും സംസാരിക്കാതെയായി.

സാരല്യാ ഏട്ടാ...പോയതൊക്കെ പോട്ടെന്നെ.നമുക്ക് തറവാട് വില്‍ക്കാം.എന്നിട്ട് കടങ്ങളൊക്കെ വീട്ടി ബാക്കിയുള്ള തുകക്ക് ഒരു കൊച്ചു വീട് വാങ്ങിക്കാം.ഇത്ര വിഷമിക്കണ്ട കാര്യോന്നൂല്യാ.അതിനും മാത്രം ഇവിടെയൊന്നും സംഭവിച്ചിട്ടുമില്യാ...

ഒന്നും മിണ്ടാതെ കൊറേ നേരം മുഖത്തേക്ക് തുറിച്ചു നോക്കിക്കൊണ്ടിരുന്നു.

ഈ കാണുന്നതൊക്കെ ന്‍റെ അദ്ധ്വാനത്തിന്റ്റെ ഫലമാ...ന്‍റെ ചോരയും നീരും.ഇവിടം വിട്ടു ഞാനെങ്ങോട്ടും ഇല്ലാ....

എന്നിട്ടിറങ്ങി തൊടിയിലേക്ക്‌ നടന്നു.

എന്റ്റീശ്വരന്മാരെ കാത്തോളണേ....

ഊണ് കാലാക്കുന്നതിനു രണ്ടു ഓമയ്ക്ക കുത്തിച്ചാടിക്കുകാരുന്നു. തെക്കേലെ ജാനുവേടത്തിയുടെ വിളി കേട്ടാണ്‌ നോക്കിയത്.

ദേവ്യേ....മോളെ നമ്മുടെ നന്ദന്‍ പാടത്ത്..........

മുഴുവന്‍ കേള്‍ക്കാന്‍ നിന്നില്ല.ഇറങ്ങി ഓടുകയായിരുന്നു.ഒരു ഭ്രാന്തിയെപ്പോലെ.....മുന്നില്‍ക്കണ്ട വഴികളില്‍ കൂടി...വഴിയില്‍ നിന്നിരുന്ന ആള്‍ക്കാര്‍ ഒക്കെ തന്നെ തുറിച്ചു നോക്കുന്നു.ഏതോ കൌതുകവസ്തുവിനെ നോക്കുന്നത് പോലെ...പലരും പരസ്പരം അടക്കം പറയുന്നത് കൂടി കണ്ടപ്പോള്‍ മനസ്സിലായി എന്തോ അരുതാത്തത് സംഭവിച്ചിരിക്കുന്നു.തൊണ്ടയില്‍ നിന്നും അലയടിച്ചുയര്‍ന്ന തെങ്ങലടക്കിക്കൊന്ടു വേഗം ഓടി....മനസ്സ് ശരീരത്തിനേക്കാള്‍ മുമ്പില്‍ നടക്കാന്‍ വെമ്പി.കാലിനു തീരെ വേഗത പോരാന്നു തോന്നി...പാടത്തേക്കെതിയപ്പോളേക്കും ഹൃദയം പെരുമ്പറ കൊട്ടാന്‍ തുടങ്ങി.അരുതാത്തതൊന്നും കാണരുതേയെന്നു ആശിച്ചപ്പോളേക്കും കണ്ടു........

ആരോ വരമ്പത്ത് കമിഴ്ന്നു കിടക്കുന്നു....ഓടിയടുതെത്തിയപ്പോളേക്കും കണ്ണുനീര് കാഴ്ചകളെ മറച്ചിരുന്നു.

വിഷം കഴിച്ചതാണെന്ന് തോന്നുന്നു.....

ആരൊക്കെയോ ചുറ്റും നിന്നും വിളിച്ചു പറയുന്നതായി തോന്നി.

നെഞ്ചില്‍ അടക്കി വച്ചിരുന്ന കരച്ചില്‍ പൊട്ടിയടര്‍ന്നു വീണു.ഒരു വല്ലാത്ത നിലവിളിയോടെ.....

ന്‍റെ നാഗത്താന്മാരെ ഇത് കാണാനാണോ ഞാന്‍ ഒരു നേരം പോലും മുടക്കം വരുത്താതെ കാവില് വിളക്ക് വച്ചത്?

ഇത് വരെ എന്നോടു പറയാതെ തൊടിക്കപ്പുറത്തേക്ക് പോലും പോയിട്ടില്യാലോ...പിന്നെ ഇപ്പോള്‍ മാത്രമെന്താ ഒന്നും മിണ്ടാതെ.......

ആ ശരീരം വലിച്ചെടുത്തു മടിയിലേക്ക്‌ കിടത്തി.മുഖത്തെ മണ്ണും ചെളിയുമെല്ലാം നേര്യതിന്റ്റെ തുമ്പു കൊണ്ടു തുടച്ചു കളഞ്ഞു..അപ്പോഴും അയാള്‍ കയ്യില്‍ മുറുക്കിപ്പിടിച്ചിരുന്നു നനവ് മാറാത്ത ഒരു പിടി പച്ചമന്ണു..

Tuesday, March 3, 2009

കുടമാളൂരിലെ വിഷുക്കാലം.....

യാത്രക്കിടയില്‍ എപ്പോഴോ ഞാന്‍ മയങ്ങിപ്പോയി........കണ്ണു തുറന്നപ്പോള്‍ മനസ്സിലായി...കുടമാളൂര്‍ എത്താറായിരിക്കുന്നു...............ആകാശത്തിലെ വെള്ളിമേഘം കണക്കെ മനസ്സു പറന്നു തുടങ്ങിയിരുന്നു....ആ പഴയ നല്ല കാലത്തിലേക്കു...കുടമാളൂര്‍ എന്നു പറഞ്ഞാല്‍ ആദ്യം ഓര്‍മ്മ വരിക...വിഷുക്കാലമാണു...ഒന്നാം പാഠ പുസ്തകത്താളില്‍ ഒളിപ്പിച്ചു വച്ച നനുത്ത മയില്പ്പീലി തണ്ടു പോലെയാണു മനസ്സാകുന്ന ചിപ്പിക്കുള്ളില്‍ ഒളിച്ചു വച്ചിരിക്കുന്ന പോയകാല ഓര്‍മ്മകള്‍...ഇടക്കു എടുത്തു അതിന്റെ മനോഹാരിത നോക്കി തിരിച്ചു പുസ്തകത്താളില്‍‍ തന്നെ സൂക്ഷിച്ചു വയ്ക്കാന്‍ നല്ല രസമാണു.....മനോഹരിയായ യുവതിയുടെ പ്രൗഡ്ഡിയോടെ നിറഞ്ഞു കവിഞ്ഞൊഴുകുന്ന മീനച്ചിലാറും,ഇരുണ്ടു നിഗൂഡമായ സര്‍പ്പക്കാവുകളും,ഇളം വെയിലത്തു തല ഉയര്‍ത്തി നില്ക്കുന്ന നെല്പ്പാടങ്ങളും,പോയകാല പ്രതാപത്തിന്റെ പ്രൗഡിയില്‍ നിലനില്‍ക്കുന്ന നാലുകെട്ടുകളും എട്ടുകെട്ടുകളും, മണ്‍പാതകളും,തല ഉയര്‍ത്തി നില്‍ക്കുന്ന വലിയ വൃക്ഷങ്ങളും...അതില്‍ കൂടു കൂട്ടിയിരിക്കുന്ന കുഞ്ഞിക്കിളികളും...അവരുടെ കലപിലകളും,ധാരാളം അമ്പലങ്ങളും....അതിന്റെ സമീപത്തായി നിറഞ്ഞ അമ്പലക്കുളങ്ങളും....ഒക്കെ കൊണ്ടു സമ്പന്നമാണു കുടമാളൂരിന്റെ പ്രകൃതി........അമ്മമ്മയുടെ നാടു കുടമളൂരായതിനാല്‍ ധാരാളം ബന്ധുക്കളും സ്വന്തക്കാരുമുണ്ടു അവിടെ....ധാരാളം വിഷുക്കൈനീട്ടം കിട്ടുമെന്നതിനാല്‍ ഞങ്ങള്‍ കുട്ടികള്‍ക്കു വിഷുക്കാലം ചിലവഴിക്കാന്‍ ഇഷ്ടം കുടമാളൂരാണു...

വിഷുക്കാലം എന്നു പറഞ്ഞാല്‍ കുടമാളൂരില്‍ ഉല്‍സവക്കാലമാണു.....കരിവുളങ്ങര ദേവീക്ഷേത്രത്തിലെ ഉല്‍സവം ആണു പ്രധാനം...ദേവിയുടെ നട അന്നു വൈകുന്നേരം അടച്ചാല്‍ പിന്നെ മൂന്നു മാസം കഴിഞ്ഞേ തുറക്കൂ...ദേവി തന്റെ ചേച്ചിയായ മധുര മീനാക്ഷിയെ കാണാന്‍ പോകുന്നു എന്നാണു പറയുന്നതു....അന്നു വൈകുന്നേരം മേല്‍ശാന്തി അമ്പലക്കുളക്കടവില്‍ ദേവിക്കു തേച്ചു കുളിക്കാന്‍ ഇഞ്ച്ചയും എണ്ണയും കൊണ്ടു വച്ചു കഴിഞ്ഞാല്‍ പിന്നെ ആരും ആ ഭാഗത്തേക്കു പോകാറില്ല.കുളി കഴിഞ്ഞ ശേഷം ആലിന്റെ ഒരു കൊമ്പു ഒടിച്ചിടും ദേവി.താന്‍ പൊകുന്നു എന്നു ഭക്തരെ അറിയിക്കനാണു ദേവി ഇങ്ങനെ ചെയ്യുന്നതു......പിന്നെ മൂന്നു മാസം കഴിഞ്ഞേ ദേവി വരൂ.....അതു വരെ നിത്യപൂജകളോ,വിളക്കുവയ്പ്പൊ ഒന്നും തന്നെ പതിവില്ല.ഒരിക്കല്‍ നിരീശ്വര വാദിയായ ഒരാള്‍ ദേവിയെ പരീക്ഷിക്കാനായി ആല്‍മരത്തിന്റെ ചുവട്ടില്‍ ചെന്നിരുന്നെന്നും പിറ്റേന്നു കൊമ്പു ഒടിഞ്ഞു കിടക്കുന്നതിന്റെ സമീപത്തായി അയാള്‍‍ മരിച്ചു കിടക്കുന്നതു കണ്ടെന്നുമാണു പഴമക്കാര്‍ പറയുന്നതു...എന്തു തന്നെയായാലും ഞങ്ങള്‍ കുട്ടികള്‍ക്കു ഒരു തരം പേടി കലര്‍ന്ന ഭക്തി ആയിരുന്നു ഭഗവതിയോടു..........
വിഷുദിനത്തില്‍ വെളുപ്പിനെ നാലു മണിക്കു എഴുന്നേല്‍ക്കും.കണി കാണാന്‍ വേണ്ടിയാണു....അമ്മായിയാണു കന്‍ണു പൊത്തിപ്പിടിച്ചു കൊണ്ടു പോകുന്നതും മറ്റും.....കണ്ണു വലിച്ചു തുറന്നു ദീപപ്രഭയില്‍ കുളിച്ചു സുന്ദരനായി നില്‍ക്കുന്ന അമ്പാടിക്കണ്ണനെ കണ്ണു നിറച്ചും കാണും....കണ്‍നന്റെ ചുറ്റും നിരന്നിരിക്കുന്ന സിന്ദൂരച്ചെപ്പും,കോടിമുണ്ടും,കൊന്നപ്പൂവും,കണ്ണാടിയും,സ്വര്‍ണ ലോക്കറ്റും,ചക്ക,മാങ്ങ,കണ്മഷി,വെള്ളിരൂപാ തുടങ്ങിയവയിലേക്കു ഒന്നു കണ്ണോടിക്കും.....പിന്നെ ആദ്യം തിരയുന്നതു അമ്മവനെ ആണു..എന്തിനാണന്നല്ലെ.....വിഷുക്കൈനീട്ടം കിട്ടാന്‍.........അതിനു ശേഷം കുളിച്ചു അമ്പലത്തിലേക്കു ഒറ്റ ഓട്ടമാണു.........സ്വന്തക്കാര്‍ ധാരാളം പേരു കുടമാളൂര്‍ നിവാസികളായതിനാല്‍ ഇഷ്ടം പോലെ കൈനീട്ടം കിട്ടും......ഒരു പതിനൊന്നു മണി ഒക്കെ ആകുമ്പോള്‍‍ കുംഭകുടം കാണാന്‍ പോകും.....അതും കണ്ടു...വഴിയില്‍‍ നിന്നു ഐസ് സ്റ്റിക്കും വാങ്ങി നുണഞ്ഞു നടക്കും......ഒരു മണിയോടെ വീട്ടിലെത്തിയാല്‍....നല്ല കുത്തരിച്ചോറും,പരിപ്പും സാമ്പാറും,കാളനും അടപ്രദമനും കൂട്ടിയുള്ള സദ്യ.....അതിന്റെ സ്വാദ് മരിച്ചാലും നാവില്‍ നിന്നു പോകില്ല.....അത്രക്കു നല്ലതാണു എന്റെ അമ്മായിയുടെ കൈപ്പുണ്യം........രാത്രിയില്‍ ഗരുഡന്‍ തൂക്കവും മറ്റും കണ്ടു.....വളരെ നേരം വൈകിയാണു ഉറങ്ങാന്‍ കിടക്കുന്നതു.....അപ്പോഴും കണ്മുന്നില്‍ പകല്‍സമയതെ കാഴ്ചകള്‍ തത്തിക്കളിക്കും......പേരറിയാത്ത ഒരു വേദന മനസ്സിലേക്കു പറന്നിറങ്ങാന്‍ തുടങ്ങും ആ നേരത്തു.......ഇഷ്ടപ്പെട്ട ആരോ യാത്ര പറയാതെ പടിയിറങ്ങി പോയ പോലെ...........പിന്നെ വീണ്ടും കാത്തിരുപ്പാണു ഐശ്വര്യവും സമൃദ്ധിയുമായി അടുത്ത വിഷു വരുന്നതിനു വേണ്ടി............കാര്‍ സഡന്‍ ബ്രേക്കീട്ടപ്പോള്‍‍ ഞാന്‍ ഞെട്ടിയുണര്‍ന്നു.......പോയകാലത്തിന്റെ വെണ്മേഘതുണ്ടില്‍ നിന്നും ഞാന്‍ പറന്നിറങ്ങി.....യാഥാര്‍ത്ഥ്യത്തിലേക്കു...................................

മടക്കം

ഒരു ചെറിയ കിതപ്പോടെ തീവണ്ടി സ്റ്റേഷനില്‍ എത്തി നിന്നു.മാളവിക ചുറ്റും ഒന്നു കണ്ണോടിച്ചു.യാത്രക്കാര്‍ ധൃതി പിടിച്ചു കയറുകയും ഇറങ്ങുകയും ചെയ്യുന്നു.ബന്ധുക്കളെ യാത്ര അയക്കാന്‍ വന്നവരുടെയും സ്വീകരിക്കാന്‍ വന്നവരുടെയും തിരക്കാണ് പ്ലാറ്റ്ഫോമില്‍ നിറയെ.മിക്ക മുഖങ്ങളിലും വേര്‍പാടിന്റ്റെ വേദനയും കണ്ടുമുട്ടലിന്റ്റെ ആനന്ദവും ഒക്കെ അലയടിക്കുന്നു. കണ്ണനും ഉണ്ണിമോളും തീവണ്ടിയുടെ ജനാലയില്‍ പിടിച്ചു കളിക്കുന്നുണ്ട്.രാജീവേട്ടന്‍ ഒരു മാഗസിനിലേക്കു മുഖവും പൂഴ്ത്തി ഇരിക്കുന്നു.എത്ര നേരമായാവോ ഈ ഇരിപ്പ് തുടങ്ങിയിട്ട്?മാളവിക പതുക്കെ സീറ്റിലേക്ക് ചാരി കണ്ണടച്ചു കിടന്നു.

സ്വന്തം നാട്ടിലേക്കുള്ള ഈ മടക്കം എത്ര നാളായി ആഗ്രഹിച്ചിരുന്നതാണ്.വീണ്ടും ഒരിക്കല്‍ കൂടി ആ വഴികളിലൂടെ നടക്കാന്‍,ചെയ്തു പോയ തെറ്റുകള്‍ക്ക് പരിഹാരം കാണാന്‍...ഒന്നും ഒന്നിനും പരിഹാരമാവില്ല എങ്കില്‍ കൂടി....ബാല്യവും കൌമാരവും യൌവ്വനവും എല്ലാം ചിത്രങ്ങളായി മനസ്സിലൂടെ കടന്നു പോകുന്നു.ഇപ്പോഴും ഒരു മങ്ങലും ഏല്‍ക്കാത്ത നല്ല വ്യക്തതയുള്ള ചിത്രങ്ങളായി സ്നേഹത്തിന്‍റെ നിറമുള്ള ഓര്‍മ്മകള്‍.രാജീവേട്ടന്റെ കൂടെ ജീവിക്കാന്‍ ഇറങ്ങിപുറപ്പെടുമ്പോള്‍ അതിന് കൊടുക്കേണ്ട വില അച്ഛന്‍റെ ജീവനായിരിക്കും എന്നോര്‍ത്തില്ല.സ്നേഹിക്കാന്‍ ആരുമില്ലാത്ത രാജീവേട്ടന് ഒരു സാന്ത്വനം ആകണമെന്ന് മാത്രമെ ചിന്തിച്ചിരുന്നുള്ളൂ. തന്‍റെ കുറവ് തീര്‍ക്കാന്‍ സഹോദരിയുന്ടല്ലോ .പക്ഷെ ഒരു മകള്‍ക്ക് പകരമാവില്ലല്ലോ മറ്റൊരാള്‍. അത് മനസ്സിലാക്കാന്‍ കാലങ്ങള്‍ വേണ്ടി വന്നു.ഒരു അമ്മയായപ്പോള്‍ മാത്രമാണ് ആ വേദനയും സ്നേഹത്തിന്‍റെ ആഴവും അതേ രീതിയില്‍ ഉള്‍ക്കൊള്ളാനായത്.ഓര്‍മ്മകളുടെ കുത്തൊഴുക്കില്‍ പെട്ടുപോയ മനസ്സിനെ പിടിച്ചു നിര്‍ത്താന്‍ വല്ലാതെ പ്രയാസപ്പെട്ടു.രാജീവേട്ടന്‍ തട്ടി വിളിച്ചപ്പോഴാണ് ഉണര്‍ന്നത്.ഇറങ്ങേണ്ട സ്റ്റേഷന്‍ ആകാറായിരിക്കുന്നു.

വര്‍ഷങ്ങള്‍ക്കു ശേഷമാണ് വീടിന്‍റെ പടി ചവിട്ടുന്നത്.അമ്മ ഉമ്മറത്ത്‌ തന്നെയുണ്ട്‌.വല്ലാതെ മാറിപ്പോയിരിക്കുന്നു.വല്ലാതെ ക്ഷീണിച്ചിരിക്കുന്നു അമ്മ.മുണ്ടും നേര്യതുമുടുത്തു നെറ്റിയില്‍ ഭാസ്മക്കുറിയുമായി....
കണ്ണുനീര്‍ കൊണ്ടു എന്റെ കാഴ്ചകള്‍ വല്ലാതെ മങ്ങിപ്പോകുന്നു.വീണു പോകാതിരിക്കാന്‍ രാജീവേട്ടന്റ്റെ കൈകളില്‍ ബലമായിപ്പിടിച്ചു.ഉമ്മറത്തെത്തിയപ്പോഴേക്കും വീണു പോയിരുന്നു.അമ്മയുടെ കാലില്‍ പിടിച്ചു മനസ്സു തുറന്നൊന്നു കരഞ്ഞു.ഒരു മഴ പെയ്തൊഴിഞ്ഞ പോലെ....കുട്ടികള്‍ വല്ലാതെ പകച്ചു പോയിരുന്നു.ഇങ്ങനെയൊരു രംഗം അവര്‍ ഒരിക്കലും വിഭാവനം ചെയ്തിരിക്കില്ലല്ലോ.

അച്ഛന്‍ തൊടിയിലെവിടെയോ ഉണ്ടെന്നു തോന്നിപ്പോയി.മുഖത്തെപ്പോഴും നിറഞ്ഞു നില്ക്കുന്ന സ്നേഹവും വാത്സല്യവും ആയി പതിവുള്ള ആ ചിരിയോടെ മാളൂട്ടി എന്ന് വിളിച്ചു കൊണ്ടു വരുന്നത് പോലെ...അച്ഛന്‍ തൊടിയില്‍ നിന്നും കയറി വരുമ്പോഴുള്ള വിയര്‍പ്പിന്‍റെ മണം അവിടെ തങ്ങി നില്ക്കുന്നത് പോലെ...

അച്ഛന്‍റെ അസ്ഥിത്തറയില്‍ വിളക്ക് വയ്ക്കണം.ആ വിളക്കിന്‍റെ മുമ്പില്‍ നിന്നു മനസ്സറിഞ്ഞു കരയണം.നഷ്ടപ്പെട്ടു പോയ അച്ഛന്‍റെ സ്നേഹത്തിനായി....തൊടിയില്‍ എവിടെയെങ്കിലും നിന്നു അച്ഛന്‍ എന്നെ കാണുന്നുണ്ടാവും.അമ്മയുടെ അടക്കിപ്പിടിച്ചുള്ള തേങ്ങലാണ് എന്നെ ഓര്‍മ്മയില്‍ നിന്നുണര്‍ത്തിയത്.അവസാന നിമിഷം അച്ഛന്‍ എന്നെ അന്വേഷിച്ചിരുന്നെന്നു....
സന്ധ്യക്ക്‌ കുളിച്ചു ഈറനായി വന്നു അച്ഛന്‍റെ അസ്ഥിത്തറയില്‍ തിരി വച്ചു.മനസ്സു കൊണ്ടു മാപ്പിരന്നു ആ കാല് തൊട്ടു നമസ്കരിച്ചു.ഒരു സാന്ത്വനം പോലെ എങ്ങു നിന്നോ ഒരു കുളിര്‍ക്കാറ്റ് വന്നു തലോടി തിരികെ പോയി."സാരല്യാ മാളൂട്ടി" എന്ന് പറയുമ്പോലെ... ..

വിളക്ക് വച്ചു കഴിഞ്ഞു ഉമ്മറക്കോലായില്‍ വെറുതെ ഇരുന്നപ്പോള്‍ അച്ഛന്‍ പടി കടന്നു വരുന്നതു പോലെ തോന്നി.
കയ്യിലിരുന്ന പൊതി തന്നു കൊണ്ടു "അമ്മുവുമായിട്ടു വഴക്ക് കൂടാതെ പോയി പങ്കു വച്ചു തിന്നോ..." എന്ന് പറഞ്ഞു നിറുകയില്‍ തലോടി അകത്തേക്ക് പോകുന്ന അച്ഛന്‍റെ രൂപം....അച്ഛന്‍റെ ആ പഴയ പന്ത്രണ്ടു വയസ്സുകാരി മാളൂട്ടി ആകാന്‍ മനസ്സു അറിയാതെ വെമ്പി.അച്ഛന്‍ ചാരുകസേരയില്‍ കിടക്കുമ്പോള്‍ കൂടെ പോയി ഇരിക്കാനും ചായ കുടിക്കുമ്പോള്‍ അതില്‍ പാതി ഒട്ടുഗ്ലാസ്സില്‍ പകര്‍ന്നു വാങ്ങിക്കുടിക്കാനും,അത്താഴം കഴിക്കുമ്പോള്‍ അച്ഛന്‍റെ കൈയില്‍ നിന്നും പതിവുള്ള ഒരു ഉരുള വായില്‍ വാങ്ങാനും, വിഷുക്കൈനീട്ടം അച്ഛന്‍റെ കൈയില്‍ നിന്നു വാങ്ങാനും , ആ കൈ പിടിച്ചു സ്കൂളില്‍ പോകാനും,നല്ല മഴയത്ത് തൊന്ടിലെ വെള്ളത്തില്‍ കാലിട്ട് കളിക്കുമ്പോള്‍ അച്ഛന്‍ സ്നേഹത്തോടെ പിറകില്‍ വന്നു ചെവിയില്‍ കിഴുക്കാനും,ത്രിസന്ധ്യക്ക്‌ വിളക്ക് കൊളുത്തി കഴിയുമ്പോള്‍ അച്ഛന്‍ ഭാഗവതം വായിക്കുന്നത് കേള്‍ക്കാനും, ആ വാത്സല്യവും തലോടലും ഏറ്റു ഉറങ്ങാനും ഒക്കെ ....................

ഒരിക്കലും നടക്കില്ലെന്നറിയാമായിട്ടും വെറുതെ മോഹിച്ചു ആ കാലത്തെക്കൊന്നു മടങ്ങി പോകാന്‍.ഒരിക്കല്‍ കൂടി വഴക്ക് പറയുമ്പോള്‍ അച്ഛന്‍റെ മുമ്പില്‍ മുഖം വീര്‍പ്പിച്ചു നില്‍ക്കാന്‍... ഒരു മടക്കം അനിവാര്യമാണ്. അത് പക്ഷെ സ്നേഹത്തിന്‍റെ നിറമുള്ള ബാല്യത്തിലേക്കല്ല.തിരക്ക് പിടിച്ച എന്‍റെ പ്രവാസജീവിതത്തിലേക്ക്,എന്‍റെ ഉത്തരവാദിത്വങ്ങളിലേക്ക്.നൈര്‍മല്യവും വിശുദ്ധവുമായ ഗ്രാമീണതയിലേക്കല്ല, മറിച്ചു നഗരത്തിന്‍റെ വിഷമയമായ കാപട്യങ്ങളിലേക്ക്.മനസ്സില്‍ ഒരു ശൂന്യത രൂപപ്പെട്ടു വരുന്നു...