മഴ പെയ്തു തോര്‍ന്ന പ്രഭാതം.ആ കുളിര്‍മയില്‍ മുങ്ങി നില്‍ക്കുന്ന വൃക്ഷ ലതാദികള്‍.പുല്‍ക്കൊടിതുമ്പില്‍ നിന്നും ഇറ്റു വീഴാറായി നില്‍ക്കുന്ന മഴത്തുള്ളികള്‍.പച്ച പട്ടു പുതച്ചു നില്‍ക്കുന്ന
ആ കാടിന്റെ നടുവില്‍ തെളിനീരുള്ള മനോഹരമായ വലിയ ഒരു ജലാശയം.എങ്ങു നിന്നോ രണ്ടു അരയന്നങ്ങള്‍ അവിടെ പറന്നിറങ്ങി.അവ ചിറകിട്ടടിച്ചു പരസ്പരം ആഹ്ലാദം പ്രകടിപ്പിച്ചു.അവരുടെ ഭാഷയില്‍ എന്തൊക്കെയോ സംസാരിച്ചു.അവര്‍ ആ ജലാശയത്തില്‍ മതിയാവോളം നീന്തിത്തുടിച്ചു.
കരക്ക് കയറിയ അവരുടെ തൂവലുകളില്‍ പായല്‍ പോലെ എന്തൊക്കെയോ പറ്റിപ്പിടിച്ചിരുന്നു.വേര്‍പെ ടുത്താന്‍ ശ്രമിക്കുന്തോറും ആ മാലിന്യങ്ങള്‍ കൂടുതല്‍ ശക്തമായി അവയുടെ ശരീരത്തിലേക്ക് ഒട്ടിച്ചേര്‍ന്നു.തൂവലുകള്‍ കരിഞ്ഞു.ശബ്ദം വളരെ ദയനീയമായി.അവ പിടഞ്ഞു നിലവിളിച്ചു.അല്പസമയത്തെ മരണ വേദനക്കൊടുവില്‍ ആ ശരീരങ്ങള്‍ രണ്ടും നിശ്ചലമായി.
ഒരു നിലവിളിയോടെ ഞെട്ടിയുണര്‍ന്ന എന്റെ കണ്ണുകള്‍ സമീപം കിടന്ന ദിനപത്രത്ത്തിലേക്ക് പാഞ്ഞു ചെന്നു.
ആ വെളുത്ത കടലാസിലെ ചില കറുത്ത അക്ഷരങ്ങള്‍.......എന്ടോസള്ഫാ ന്... എന്നെ നോക്കി പരിഹസിച്ചു പല്ലിളിച്ചു കാണിച്ചു
.വീണ്ടും ഉറങ്ങാനായി കണ്ണടച്ച എന്‍റെ മുന്‍പില്‍ ആ അക്ഷരങ്ങള്‍ വാളും ചിലമ്പുമെടുത്തു നൃത്തം ചെയ്യാന്‍ തുടങ്ങി....
തുടക്കത്തില്‍ ശാന്തമായിരുന്ന ആ നൃത്തം പതിയെ താണ്ഡവത്തിലേക്ക് മാറി.
നിദ്ര എന്‍റെ കണ്ണുകളോടു പരിഭവം ഭാവിച്ചു മാറി നിന്നു.