Saturday, August 15, 2009

ഭ്രാന്തന്‍

ഭ്രാന്തന്‍ പാക്കരന്‍!ആ വിളിപ്പേരിന്റ്റെ അര്‍ത്ഥമെന്തെന്നോ അതാണോ അയാളുടെ യഥാര്‍ത്ഥ പേരെന്നോ എനിക്കറിയില്ല.പക്ഷെ ബാല്യകാലത്തെക്കുറിച്ചുള്ള എന്‍റെ ഓര്‍മ്മകളിലേക്കിറങ്ങി ചെന്നാല്‍ മനസ്സില്‍ വളരെ വ്യക്തമായി തെളിഞ്ഞു വരുന്ന മുഖങ്ങളിലൊന്ന് അയാളുടേതാണ്. നന്നായിട്ട് തേച്ചു മിനുക്കി എഴുതിരിയിട്ടു കത്തിച്ച നിലവിളക്കിന്റ്റെ ശോഭയോടെ മനസ്സിന്‍റെ ഒരു കോണില്‍ തെളിഞ്ഞു നില്‍ക്കും മരണം വരെ ആ ഓര്‍മ്മകള്‍.

വിളിപ്പേരുകള്‍ ധാരാളമാണ് അയാള്‍ക്ക്‌. ഭാസ്ക്കരന്‍, ഭാസി,ഭ്രാന്തന്‍ പാക്കരന്‍ അങ്ങനെ അതങ്ങ് നീളും.ഭ്രാന്തന്‍ എന്ന പേര് കേള്‍ക്കുമ്പോള്‍ തന്നെ മനസ്സിലേക്കിറങ്ങി വരുന്ന ആദ്യത്തെ ഓര്‍മ്മ നല്ല മഴയുള്ള കര്‍ക്കിടകത്തിലെ ഒരു പ്രഭാതമാണ്‌.തുള്ളിക്കൊരു കുടം കണക്കെ അലറിക്കുതിച്ചു പെയ്യുന്ന മഴ ,അമ്പലത്തിന്റെ പടിഞ്ഞാറെ നടയില്‍ മഴ നനയുകയാണെന്ന ഭാവം പോലും ഇല്ലാതെ പടിക്കെട്ടില്‍ ഇരിക്കുന്ന കറുത്ത് മെല്ലിച്ച ഒരു രൂപം.അരികില്‍ സ്ഥിരമായി കയ്യില്‍ കൊണ്ടു നടക്കുന്ന ഭാണ്ടവും വടിയും.ഭാണ്ടം മഴയില്‍ നനഞ്ഞു കുതിര്‍ന്നിരുന്നു.കാലിലെ വ്രണങ്ങളിലേക്ക് മഴത്തുള്ളികള്‍ ചിതറിത്തെറിച്ചു.അമ്പലത്തിലെ സര്‍പ്പക്കാവില്‍ നിന്നും എടുത്തു വ്രണത്തില്‍ വച്ച് കെട്ടിയ മഞ്ഞള്‍ പ്രസാദമെല്ലാം മഴയില്‍ നനഞ്ഞു കുതിര്‍ന്നിരുന്നു.ഭ്രാന്തന്‍ എന്ന സ്ഥാനപ്പെരുന്ടെന്കിലും അയാളെ കൊണ്ടു ആര്‍ക്കും പ്രത്യേകിച്ചൊരു ശല്യവുമുന്ടായിരുന്നില്ല.

ഭാസ്കരന്‍റെ വീട് അമ്പലത്തിന്‍റെ തെക്കേ നടയിലാണ്.ഈ ഭൂമിയില്‍ അയാളെ സ്വന്തമെന്നു പറഞ്ഞു സ്നേഹിക്കാന്‍ അയാള്‍ക്ക് ആകെയുണ്ടായിരുന്നത് അമ്മ മാത്രമായിരുന്നു.മറ്റുള്ളവരൊക്കെ സൌകര്യപൂര്‍വ്വം അയാളെ മറന്നിരുന്നു.അമ്മഅവ ജീവിച്ചിരുന്നപ്പോള്‍ ‍ പകലൊക്കെ എത്ര അലഞ്ഞു നടന്നാലും രാത്രി അയാള്‍ വീട്ടില്‍ ചെല്ലും.അവരുടെ മരണശേഷം അതും ഇല്ലാതായി.വല്ലപ്പോഴും ഒരിക്കല്‍ ചെന്നാലായി.അതോടെ ആ വീട് കാടു കയറി നശിച്ചു.ഇഴജന്തുക്കളും ക്ഷുദ്ര ജീവികളും സ്വൈര്യ വിഹാരം നടത്തുന്ന സ്ഥലം.ഉഗ്രവിഷമുള്ള പാമ്പുകളും മറ്റും ചുറ്റിപ്പിണഞ്ഞു കിടക്കുന്ന മച്ചിന്‍ പുറമുള്ള മുറിയില്‍ അയാള്‍ ശാന്തമായി കിടന്നുറങ്ങി.ആരെങ്കിലും ദൈന്യത തോന്നി എന്തെങ്കിലും വാങ്ങിക്കൊടുക്കുന്നതോ അല്ലെങ്കില്‍ അമ്പലത്തില്‍ നിന്ന് കിട്ടുന്ന നിവേദ്യ ചോറോ മാത്രമാണ് ഭക്ഷണം.അല്ലെങ്കില്‍ മുഴുപ്പട്ടിണി.

ഭാസ്കരന്‍ എന്ന ദളിത്‌ യുവാവ്‌ ഭ്രാന്തന്‍ പാക്കരനായി അലഞ്ഞു നടക്കുന്നതിനെ പറ്റി നാട്ടില്‍ ധാരാളം കഥകള്‍ പ്രചരിച്ചിട്ടുന്ടു.പഠിയ്ക്കാന്‍ നല്ല കഴിവുണ്ടായിരുന്ന ഭാസ്ക്കരന്‍ ഇന്ഗ്ലീഷില്‍ ബിരുദാനന്തര ബിരുദം നേടിയ വ്യക്തിയാണ്.നാട്ടിലെ ഒരു നായര്‍ പ്രമാണിയുടെ മകളുമായി താഴ്ന്ന ജാതിക്കാരനായ ഭാസ്ക്കരന്‍ പ്രണയത്തിലാവുകയും ആ പെണ്‍കുട്ടി മറ്റൊരാളെ വിവാഹം കഴിച്ചപ്പോഴുന്ടായ ദുഖം താങ്ങാനാവാതെ മനസ്സിന്റെ സമനില തെറ്റിയെന്നുമാണ് ഭൂരിപക്ഷാഭിപ്രായം.ആ പെണ്‍കുട്ടിയുടെ ക്രൂരമായ നേരമ്പോക്കുകളില്‍ ഒന്ന് മാത്രമായിരുന്നു ഭാസ്ക്കരന്‍.പ്രണയമെന്നത് പറഞ്ഞറിയിക്കാനാവാത്ത ഒരു നൊമ്പരമാണ്.വേര്‍പാട് ഒരിക്കലും ഉണങ്ങാത്ത മുറിവും.സ്ത്രീ പുരുഷ ഭേദമില്ലാതെ ധാരാളം ഭാസ്ക്കരന്മാര്‍ മനസ്സിന്‍റെ സമനില തെറ്റി നമുക്കിടയില്‍ .ഇന്നും അലയുന്നുന്ടു.

ഓര്‍മ്മയുടെ ഭാണ്ടവും പേറി മനസ്സ് പിറകിലേക്ക് സഞ്ചരിക്കുകയാണ്.മഴ പെയ്തൊഴിഞ്ഞ വഴിയിലൂടെ,പൂത്ത ഗുല്‍മോഹര്‍ മരത്തണലിലൂടെ,തളം കെട്ടിക്കിടക്കുന്ന മഴവെള്ളത്തിലൂടെ ഒരു തിരിഞ്ഞുനടത്തം.......വീണ്ടും ബാല്യത്തിലേക്ക്.ഒരിക്കലും നടക്കാനിടയില്ലാത്ത മനോഹരമായ ഒരു സ്വപ്നം.