Showing posts with label കഥ. Show all posts
Showing posts with label കഥ. Show all posts

Friday, August 28, 2020

മൂപ്പത്തി

 തിമിർത്തു  പെയ്യുന്ന മഴ പോലെയാണ് ഓർമ്മകൾ.മനസ്സിലേക്കു പെട്ടെന്ന് ഒരു പിടി കുളിര് കോരിയിട്ടു തരുന്ന ഒരു അനുഭൂതി.ഒരിക്കലും അവസാനിക്കരുതെന്നു ആഗ്രഹിക്കുന്ന ചിലപ്പോൾ വശ്യമായ നൈമിഷികതയുടെ  മാത്രം ദൈര്ഘ്യമുള്ള മനസ്സിന്റെ ആനന്ദം.


               മൂപ്പത്തി! ആരോരുമില്ലാത്ത ആര്ക്കും ആവശ്യമില്ലാത്ത ഒരു ജന്മം.ആ പേരു ഓർമിക്കുമ്പോൾ തന്നെ മനസ്സിലേക്കെത്തുന്നതു മൂന്നു ചുവപ്പ് കല്ലുകൾ പതിച്ച ആ വലിയ മൂക്കുത്തിയുടെ പ്രാകാശമാണ്.മുറുക്കി ചുവപ്പിച്ച ചുണ്ടുകൾ.കടും നിറത്തിലുള്ള ബ്ലൌസും, വലിയ കരയുള്ള മുണ്ടുംനേര്യതും  , വെള്ള ക്കല്ല് വെച്ച വലിയ കമ്മലും, നെറ്റിയിലെ ചന്ദനക്കുറിയും ആയി ആകെ മൊത്തം ഒരു ആനച്ചന്തം.


തികച്ചും ഗ്രാമീണമായ അന്തരീക്ഷത്തിലാണ് മൂപ്പത്തി ജനിച്ചതും വളര്ന്നതും ജീവിച്ചതും.കൈത്തോടുകളും കുളവും അമ്പല മൈതാനവും കൈതക്കാടുകളും റബ്ബർ തോട്ടങ്ങളും കൊണ്ടു സമ്പന്നമായ പ്രകൃതി ഭംഗിയുള്ള സ്ഥലം.നഗരത്തിന്റെ കാപട്യങ്ങളും പരിഷ്കാരങ്ങളും അത്ര പെട്ടെന്ന് കടന്നു വരാൻ മടിക്കുന്ന അന്തരീക്ഷം.നാല് മണി വെയിൽ ചായുന്നതോടെ നിഗൂഡമായ ഇരുട്ടിന്റെ ആവരണം പ്രകൃതിയെ പൊതിയാൻ തുടങ്ങും.ചുറ്റും ചീവിടിന്റെ നിലവിളിയും നായ്ക്കളുടെ    ഓരിയിടലും ഒക്കെക്കൊന്ടു ആകപ്പാടെ ഒരു ഭീകരാന്തരീക്ഷം.


ശിവന്റെ അമ്പലത്തിനോടു ചേര്ന്നാണ് മൂപ്പത്തിയുടെ വീട്.കൊന്നാടൻ വല്യച്ഛന്റെ കാവിനേയും മൂപ്പത്തിയുടെ വീടിനെയും തമ്മിൽ വേർതിരിക്കുന്നത്  അമ്പലക്കുളമാണ്.ശിവന്റെ അമ്പലത്തിലെ ഉപദേവത ആണ്  കൊന്നാടൻ വല്യച്ച്ചൻ. ശിവന്റെ ഉപദേഷ്ടാവ് ആണ് കൊന്നാടാൻ വല്യച്ച്ചൻ എന്നാണു പറയപ്പെടുന്നത്.പ്രതിഷ്ഠ എന്ന് പറയുന്നത് പ്രത്യേകിച്ച് രൂപമൊന്നുമില്ലാത്ത ഒരു കല്ലാണ്.ആ കാവിന്റെ മൂലയ്ക്ക് രണ്ടു വടി ചാരി വച്ചിട്ടുണ്ട്.ആ ദേശത്തോടു അടുക്കുന്ന ദുഷ്ട ശക്തികളെ ആട്ടിപ്പായിക്കാൻ ആണത്രേ അത്.


മൂപ്പത്തിയുടെ വളരെ ചെറുപ്പത്തിലെ തന്നെ അവരുടെ മാതാപിതാക്കൾ മരിച്ചതാണ്.സഹോദരങ്ങൾ ഒന്നുമില്ലാത്ത അവർ ഒറ്റപ്പെട്ടാണ് വളർന്നത്‌... .......വിവാഹത്തിന് ശേഷം രണ്ടു വർഷത്തിൽ കൂടുതൽ അവർ ഭർത്താവിന്റെ കൂടെ ജീവിച്ചില്ല.മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്നു അറിഞ്ഞപ്പോൾ അവർ തന്നെയാണ് അയാളെ വീട്ടിൽ നിന്നും പുറത്താക്കിയത്.



മറ്റുള്ള വീടുകളിൽ അത്യാവശ്യം സഹായങ്ങൾ ചെയ്തും മറ്റുമാണ് അവർ ജീവിതം നയിച്ചിരുന്നത്.ആ നാട്ടിലെ പല വീടുകളിലെയും രഹസ്യങ്ങളും പരദൂഷണവും എല്ലാം ഈ സഹായങ്ങൾ എന്ന് പറയുന്നതിൽ ഉൾപ്പെടും.ഏതൊരു വീട്ടിലും അധികാരം കാണിക്കാനും അവടെ ഉള്ള കുട്ടികളെയും യുവാക്കളെയും എല്ലാ കാര്യങ്ങളിലും ഉപദേശിക്കാനും മറ്റും ഒരു പ്രത്യേക പാടവം തന്നെ ഉണ്ടായിരുന്നു മൂപ്പത്തിക്ക്.അത് കൊണ്ടു തന്നെ മുതിർന്നവർ എത്രത്തോളം അവരെ ഇഷ്ടപ്പെട്ടിരുന്നോ  അത്രത്തോളം പുതു തലമുറയിലെ ചെറുപ്പക്കാർ അവരെ വെറുത്തിരുന്നു.



കൊന്നാടാൻ വല്യച്ചന്റെ സംരക്ഷണം ഉള്ളത് കൊണ്ടാണ് പേടി കൂടാതെ താൻ ജീവിച്ചു പോകുന്നതെന്ന് അവർ സ്വയം വിശ്വസിക്കുകയും മറ്റുള്ളവരെ വിശ്വസിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തു.പാതിരാ നേരത്ത് അമ്പല ക്കുളത്തിൽ മുങ്ങിക്കുളിച്ചു അമ്പലത്തിനു ചുറ്റും നടക്കുകയും അമ്പലത്തിന്റെ നാല് അതിരിലും ചെന്ന് വടി ചുഴറ്റി ദുഷ്ട ശക്തികളെ ഭയപ്പെടുത്തുകയും ചെയ്യുന്ന കറുത്ത കരിമ്പടം പുതച്ച മുഖം വ്യക്തമല്ലാത്ത ഒരാൾ.ഇതാണ് മൂപ്പത്തി പറഞ്ഞു പറഞ്ഞു  പഴകിയ കൊന്നാടൻ വല്യച്ഛന്റെ  രൂപം.


കേട്ടു കേൾവികൾ എന്ത് തന്നെ ആയാലും താൻ ജീവിച്ച എണ്‍പത്  വർഷക്കാലവും ആരുടെയും സഹായമില്ലാതെ സ്വന്തം കാലിൽ നിന്ന് സ്വന്തമായി അധ്വാനിച്ചാണ് അവർ ജീവിച്ചത്.തന്റെ നിലനില്പ്പിനെതിരെ വന്ന എത്ര ദുഷ്ട ശക്തികളെ വടി ചുഴറ്റി ആട്ടിപ്പായിച്ചു.ഏഴു തിരിയിട്ടു തെളിയിച്ച ഒരു നിലവിളക്കിന്റെ ശോഭയാണ് മൂപ്പത്തിയെ കുറിച്ചുള്ള ഓർമകൾക്ക്. പനിനീർപ്പൂവിൽ പറ്റിപ്പിടിച്ചിരിക്കുന്ന മഞ്ഞു തുള്ളി പോലെ നൈർമല്യമുള്ള ഓർമ്മകൾ.

Saturday, July 2, 2011

വൃദ്ധസദനം

കര്‍ത്താവേ....കുര്‍ബാന തുടങ്ങിയോ?

പള്ളി മണി അടിക്കുന്നത് കേട്ട് മത്തായിച്ചന്‍ വേഗം നടന്നു.....നേരം വെളുത്തിട്ടില്ല.അഞ്ചു മണിയാകാന്‍ ഇനിയും സമയമുണ്ട്..ഡിസംബറിലെ കുളിര് ഇത്തവണ കൂടുതലാണ്.ഇനി ഇപ്പൊ ഈ പ്രായത്തില്‍ ഇതൊക്കെ താങ്ങാന്‍ പാടാണ്.പുത്തന്‍ പുരക്കലച്ചന്റ്റെ കാര്‍മികത്വത്തില്‍ ആണ് ഇന്നത്തെ പ്രാര്‍ത്ഥന.കുര്‍ബാന കഴിഞ്ഞു ഇറങ്ങിയപ്പോള്‍ ആറു മണി കഴിഞ്ഞു.നേരം വെളുക്കുന്നതെയുള്ളൂ....മാന്നാനം കുന്നു മുഴുവന്‍ ഡിസംബറിലെ മഞ്ഞില്‍ മൂടികിടക്കുകയാണ്.പള്ളിയുടെ പടവുകള്‍ ഇറങ്ങി പതുക്കെ നടന്നു.അങ്ങ് കുന്നിന്‍റെ താഴെ നെല്‍പ്പാടങ്ങളും ധാരാളം മരങ്ങളും ഒക്കെ കൊണ്ടു പച്ച പുതച്ചു കിടക്കുകയാണ് മാന്നാനം എന്ന ഗ്രാമം.സൂര്യന്‍ ഉദിച്ചു വരുന്നതേയുള്ളൂ.പഴയ പോലെ നടക്കാന്‍ വയ്യാതായി.ഇനി ഇപ്പൊ ഇരുന്നാല്‍ എത്ര നാള്‍?

അച്ചായോ.... ഇതെന്നാ കാണാത്ത മട്ടിലങ്ങു ‍ പോകുന്നെ?

ആഹ്...ഇതാരാ അന്നക്കുട്ടിയോ...ഞാന്‍ കണ്ടില്ലാരുന്നെടീ കൊച്ചെ ...വയസ്സൊക്കെയായില്ലെയോ...പഴയ കണ്ണൊന്നും പിടിക്കുകേലാതായി...നീയെന്നാ പാലായില്‍ നിന്ന് വന്നെ?

ഇന്നലെ...

കെട്ടിയോനും മക്കളുമൊക്കെയുന്ടോ?

ഉവ്വ്.വീട്ടിലുന്ടച്ചായാ...ഇതെന്നാ പറ്റിയങ്ങു ക്ഷീണിച്ചു പോയല്ലോ? സുഖമില്ലാരുന്നോ?
ഓ...എനിക്ക് കൊഴപ്പമൊന്നുമില്ലെന്റ്റെ കൊച്ചെ.വയസ്സായതിന്റ്റെ ഏനക്കേട് മാത്രമേയുള്ളൂ.നീയിനി നാളെ ക്രിസ്തുമസ് കൂടെ കഴിഞ്ഞിട്ടല്ലേ പോകുന്നുള്ളൂ?

അത്രേയുള്ളൂ...

എന്നാല്‍ ശരി ഞാനങ്ങോട്ടു നടക്കട്ടേടീ കൊച്ചേ...പിന്നെ കാണാം.....

ശരിയച്ചായാ...

ഇനി എത്ര നാള്‍ ഈ പള്ളിയും പരിസരവും ഇവരെയുമൊക്കെ കാണാന്‍ പറ്റുമെന്നാര്‍ക്കറിയാം...ഇപ്പൊ തന്നെ വയസ്സ് പത്തെഴുപതന്ച്ചു കഴിഞ്ഞു.ഓര്‍മ്മ വച്ച കാലം മുതല്‍ ഓടി നടന്ന പള്ളിമുറ്റം ആണ്.മാമോദീസയും ആദ്യകുര്‍ബാനയും ഒക്കെ ഇവിടെ തന്നെയായിരുന്നു.അപ്പച്ചന്റ്റെയും അമ്മച്ചിയുടെയും ഏഴു മക്കളില്‍ മൂന്നാമന്‍.തന്‍റെ പതിന്നാലാം വയസ്സില്‍ അപ്പച്ചന്‍ കര്‍ത്താവിങ്കല്‍ നിദ്ര പ്രാപിക്കുമ്പോള്‍ ആകെയുണ്ടായിരുന്ന സമ്പാദ്യം എട്ടും പൊട്ടും തിരിയാത്ത അമ്മച്ചിയും ചിരട്ടയും നാഴിയും പോലെത്തെ കൂടപ്പിറപ്പുകളും അപ്പച്ചന്‍ കൊപ്ര കച്ചവടം നടത്തിയുണ്ടാക്കിയ കടങ്ങളും വീടും കുറച്ചു പറമ്പും മാത്രമായിരുന്നു.അവിടുന്നങ്ങോട്ട് എല്ലു മുറിയെ പണിയെടുത്താണ് എല്ലാം ഒരു കരക്കടുപ്പിച്ചത്.കടങ്ങളെല്ലാം വീട്ടിക്കഴിഞ്ഞപ്പോള്‍ എല്ലാരെയും പഠിപ്പിച്ചു ചേട്ടായിക്കും പെങ്ങന്മാര്‍ക്കും ഓരോ ജീവിതവുമാക്കി കൊടുത്തു.പ്രാരാബ്ധങ്ങളൊക്കെ കഴിഞ്ഞപ്പോള്‍ സ്വന്തമായി ഒരു ജീവിതം തുടങ്ങന്ട കാലമൊക്കെ കഴിഞ്ഞിരുന്നു.അതത്ര അത്യാവശ്യമുള്ള ഒന്നായി തോന്നിയതുമില്ല.അമ്മച്ചിയുടെ കാലശേഷമാണ് ഒറ്റപ്പെടലിന്‍റെ ഭീകരത ശരിക്കും മനസ്സിലാകാന്‍ തുടങ്ങിയത്.ഒക്കെ വെറുതെ ഓരോ തോന്നലായിരിക്കും എന്നങ്ങു ആശ്വസിക്കുകയാ......

താനെന്നതാടോ മത്തായിച്ചാ സ്വപ്നം കണ്ടോണ്ടു നടക്കുകയാണോ?

താനായിരുന്നോ.ഒന്നുമില്ല...വെറുതെ ഓരോന്നാലോചിച്ചങ്ങനെ.....ഇതെവിടെ പോയിട്ട് വരുവാടോ പണിക്കരെ?

അമ്പലത്തില്‍ പോയതാ...അര്‍പ്പൂക്കരെയില്‍...താനെന്നാടോ പോകുന്നെ?

അറിയത്തില്ല.പിള്ളേര് ഒന്നും പറഞ്ഞില്ല...

ഹും...പിള്ളേര്...താനിങ്ങനെ ചത്ത്‌ കെടന്നങ്ങോട്ടു സ്നേഹിക്കാന്‍ അതുങ്ങള് സ്വന്തം മക്കളൊന്നുമല്ലല്ലോ.ചേട്ടായിയുടെയും പെങ്ങമ്മാരുടെയും മക്കളല്ലേ?

ഞാനെടുത്തോന്ടു നടന്നു വളര്‍ത്തിയതല്ലെടോ? എനിക്കവരല്ലാതെ വേറെയാരാടോ ഉള്ളത്?

ഓ...അത് കൊണ്ടായിരിക്കും വൃദ്ധ സദനത്തിലോട്ടു കൊണ്ടു തള്ളാന്‍ പോകുന്നത്?

അതൊക്കെ കര്‍ത്താവിന്റ്റെ ഓരോ തീരുമാനങ്ങളായിരിക്കും.ആരെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല..
എന്നാല്‍ ശരിയെടോ .പിന്നെ കാണാം....

പണ്ടൊക്കെ ഇവിടെ മണ്ണ് റോഡായിരുന്നു.ഇപ്പോഴാണ് റോഡൊക്കെ ടാര്‍ ചെയ്തത്.വാഹനങ്ങളും കൂടി.വഴിയില്‍ കൂടി നടക്കാന്‍ വയ്യെന്നായി.ഒരു വിധത്തിലാണ് വീട് പറ്റിയത്.

അച്ചായനെന്നാ താമസിച്ചത്?

നടന്നിങ്ങു വരണ്ടായോ കൊച്ചെ?എല്ലാരും വന്നോ?

വന്നു.

ആഹ കറിയാച്ചന്‍ എപ്പഴാടാ വന്നത്.നീ നാളയെ ഉള്ളൂന്ന് പറഞ്ഞിട്ട്?

അച്ചായാ ഞാന്‍ വന്നതേ...ഇന്ന് നമുക്ക് അങ്ങ് പോയാലോ?അവിടെ അഡ്മിഷനും എല്ലാം പറഞ്ഞു ശരിയാക്കി വച്ചിരിക്കുവാ.നാളെ ക്രിസ്തുമസ് അല്ലെ?എല്ലാര്‍ക്കും തെരക്കൊക്കെ അല്ലെ?അച്ചായനും ക്രിസ്തുമസ് ആഘോഷിക്കാന്‍ പറ്റത്തില്ല.

എനിക്കിനി എന്നാ ആഘോഷമാടാ മക്കളെ...ജനിച്ചു വളര്‍ന്ന സ്ഥലമാ...ഇവിടെ തന്നെ കിടന്നു മരിക്കണമെന്നാടാ എന്‍റെ ആഗ്രഹം.

ഇങ്ങനെ ഒക്കെ പറഞ്ഞാല്‍ ബുദ്ധിമുട്ടാ അച്ചായാ.അച്ചായനെ നോക്കാന്‍ ഇവിടെ ആരാ?അപ്പച്ചനും അമ്മച്ചിക്കുമൊക്കെ വയസ്സായില്ലേ?ഞങ്ങള്‍ക്കൊക്കെ വേറെ എന്തെല്ലാം തിരക്കുകളുള്ളതാ..ഇവിടെ നോക്കിയിരിക്കാന്‍ പറ്റുമോ?

അതിനു എന്‍റെ കാര്യങ്ങളൊക്കെ നോക്കാന്‍ എനിക്ക് ആവതില്ലെയോടാ മക്കളെ.

എന്നാ ഒക്കെ പറഞ്ഞാലും ഇനി ഈ ഭാരം ചുമക്കാന്‍ ഞങ്ങള്‍ക്ക് പറ്റത്തില്ല.സ്വന്തം അപ്പനെയും അമ്മയെയും നോക്കാം.അപ്പന്‍റെ വീട്ടുകാരെ മുഴുവന്‍ നോക്കുകാന്നു പറഞ്ഞാല്‍ നടക്കുന്ന കാര്യമല്ല.

വേണ്ടടാ കുഞ്ഞേ.ഞാന്‍ പൊക്കോളാം..നീ ഇന്ന് തന്നെ എന്നെ അവിടെ കൊണ്ടു ചെന്നാക്കിക്കോ.ഇവിടുന്നു പോകുന്നതിനു മുമ്പ് അങ്ങോട്ട്‌ വിളിക്കണേ കര്‍ത്താവേന്നുള്ള ഒറ്റ പ്രാര്‍ത്ഥന മാത്രമേ ഉണ്ടാരുന്നുള്ളൂ..സാരമില്ല.അതായിരിക്കും വിധി.

അച്ചായന്‍ വിചാരിക്കുന്ന പോലെ അത്ര മോശം സ്ഥലമൊന്നുമല്ല അത്.നല്ല സൌകര്യങ്ങളൊക്കെ ഉണ്ട് അവിടെ.അച്ചായന്റ്റെ എല്ലാ കാര്യങ്ങളും അവര് നന്നായിട്ട് നോക്കിക്കോളും.എത്ര കാശ് മുടക്കിയാ ഇങ്ങനെയൊരു അഡ്മിഷന്‍ ശരിയാക്കിയതെന്നറിയാമോ? അപ്പോള്‍ വൈകുന്നേരത്തേക്കിനു റെഡി ആയിക്കോ കേട്ടോ അച്ചായാ...

അവന്‍റെ ഭാവമാറ്റം കണ്ടപ്പോള്‍ പറയേണ്ടിയിരുന്നില്ല എന്ന് തോന്നി.എടുത്തോന്ടു നടന്നു വളര്‍ത്തിയതാ.ഉപ്പോളം ആകില്ലല്ലോ ഉപ്പിലിട്ടത്‌.പിന്നെ ആരോടും ഒന്നും പറയാന്‍ തോന്നിയില്ല.പറഞ്ഞിട്ടും കാര്യമില്ല എന്നും അറിയാം.എന്നാലും മനസ്സങ്ങോട്ടു സമ്മതിക്കുന്നില്ല. ഏതാന്നും എന്താനും അറിയാത്ത ഒരു സ്ഥലത്ത് കിടന്നു മരിക്കാനായിരിക്കും വിധി.ഉച്ചയായപ്പോള്‍ ഇറങ്ങി നടന്നു.അപ്പച്ചന്റ്റെയും അമ്മച്ചിയുടെയും കല്ലറക്ക് മുന്നില്‍ നിന്നു.എല്ലാവരില്‍ നിന്നും ഒറ്റപ്പെട്ടു പോയി.ഒരു കുടുംബം വേണ്ടതായിരുന്നു.തിരിച്ചു വീട്ടിലെത്തിയപ്പോള്‍ എല്ലാവരും ഉണ്ട്.

അച്ചായന്‍റെ സാധനങ്ങളൊക്കെ പായ്ക്ക് ചെയ്യന്ടെ?

ഞാനൊന്നും കൊണ്ടു പോകുന്നില്ല.പോകാറാകുംപോള് പറഞ്ഞാല്‍ മതി.ഞാനൊന്ന് കിടക്കട്ടെ.വല്ലാത്ത ക്ഷീണം.

ഡാ കറിയാച്ചാ...അവന്‍ ഇവിടെ നിക്കട്ടെടാ..അവനെ കൊണ്ടു പോകണ്ടാ...

അപ്പന്‍ അവിടെ മിണ്ടാതിരുന്നോണം.ആവശ്യമില്ലാത്ത പ്രശ്നം ഉണ്ടാക്കരുത്.

പിന്നെ ചേട്ടായി ഒന്നും മിണ്ടിയില്ല.പറയുന്നത് കേട്ടില്ലെന്കില്‍ ചിലപ്പോള്‍ ഇത് തന്നെയായിരിക്കും അവരുടെയും ഗതി.സന്ധ്യ ആയി.വല്ലാത്ത ഒരു വിങ്ങല്‍ മനസ്സിലുണ്ട്.ഇനി ഒരിക്കലും വരാന്‍ പറ്റിയെന്നു വരില്ല.ഓടിക്കളിച്ചു നടന്ന സ്ഥലമാണ്.അല്ലെന്കിലും അമ്മച്ചിയുടെ മരണ ശേഷം ഏകാന്തത കൂടുതല്‍ അനുഭവിച്ചിരുന്നു.ആര്‍ക്കും ഉപദ്രവമാകാതിരിക്കാന്‍ പരമാവധി ശ്രദ്ധിച്ചിരുന്നു.എന്നിട്ടും.....കര്‍ത്താവും കൂടെ കൈവിടുമെന്നു കരുതിയില്ല.

അച്ചായാ വേഗം വന്നു വണ്ടിയില്‍ കയറു.....

ഒന്നും മിണ്ടിയില്ല.ചെന്ന് വണ്ടിയില്‍ കേറി ഇരുന്നു.വീടും പള്ളിയും പഠിച്ച സ്കൂളും ഒക്കെ അകന്നകന്നു കയ്യെത്താത്ത ദൂരത്തായി.എപ്പോഴോ എത്തി,വളരെ ദൂരെയുള്ള ഏതോ ഒരു വൃദ്ധസദനം .ആര്‍ക്കും വേണ്ടാത്ത കൊറേ പാഴ്ജന്മങ്ങള്‍.ആയ കാലത്ത് കുടുംബത്തിനു വേണ്ടി കഷ്ടപ്പെട്ട് ആരോഗ്യം നഷ്ടപ്പെടുമ്പോള്‍ മറ്റുള്ളവര്‍ക്ക് ഭാരമാകുന്നു.പിന്നെ മരണം വരെ എത്രയും പെട്ടെന്ന് മരണം വരണേയെന്നു ആഗ്രഹിച്ചു സ്വന്തക്കാരെ ഒന്ന് കൂടെ കാണണമെന്ന് ആഗ്രഹിച്ചു...

എന്നാല്‍ ഞങ്ങളങ്ങോട്ടു ചെല്ലട്ടെ അച്ചായാ?

ഒന്നും മിണ്ടിയില്ല.മുഖത്ത് വല്ലാത്ത ദൈന്യതയും വേദനയും.മെല്ലെ തലയൊന്നാട്ടി.ക്ഷീണിച്ച മുഖത്തൂടെ കണ്ണുനീര്‍ ഒഴുകി.പിന്നെ തിരിഞ്ഞു നോക്കിക്കൊണ്ടു തിരിച്ചു നടന്നു...എല്ലാവരുമുണ്ടായിട്ടും ഒരു അനാഥനെ പോലെ...ഇരുണ്ട ഇടനാഴിയിലൂടെ...വെളിച്ചം കടക്കാന്‍ മടി കാണിക്കുന്ന തടവറ പോലെയുള്ള മുറിയിലേക്ക്...ശിഷ്ട ജീവിതം എങ്ങനെയെങ്കിലും ജീവിച്ചു തീര്‍ക്കുന്നതിനായി.....

Sunday, January 3, 2010

മരണത്തിന്റ്റെ താഴ്വര

അന്നൊരു വ്യാഴാഴ്ചയായിരുന്നു.നേരം പുലര്‍ന്നപ്പോള്‍ മുതല്‍ ഇടവിട്ട് പെയ്യുന്ന മഴ.കാര്മേഘാവൃതമായ ആകാശം.ഇടക്കിടക്കു ചൂളം വിളിച്ചെത്തുന്ന തണുത്ത കാറ്റ്. മഴത്തുള്ളികള്‍ ബസ്സിന്റ്റെ ജനാലക്കല്‍ കൂടി മുഖത്തേക്ക് ഇറ്റിറ്റു വീണു കൊണ്ടിരുന്നു.ഒരു സാധാരണ യാത്രയുടെ വിരസത അനുഭവപ്പെട്ടതേയില്ല.എന്റ്റെ ഈ യാത്ര വയനാട്ടിലേക്കാണു.വയനാട്ടിലെ ഒരു ഉള്‍നാടന്‍ ഗ്രാമത്തിലേക്ക്.

        രാവിലെ വീട്ടില്‍ നിന്നിറങ്ങിയത് മുതല്‍ ഓരോരോ തടസ്സങ്ങളാണ്.ഇന്നത്തെ ഈ യാത്ര വേണ്ട എന്ന് മനസ്സിനെ ആരോ പിറകോട്ടു പിടിച്ചു വലിച്ചു കൊണ്ടിരുന്നു.കുറച്ചു സമയത്തെ മനസ്സുമായുള്ള വാഗ്വാദത്തിനു ശേഷം യാത്ര തുടരാന്‍ തന്നെ ഞാന്‍ തീരുമാനിച്ചു.കുറച്ചു സമയത്തെ യാത്രക്ക് ശേഷം ബസ്സ്‌ നഗരത്തിന്റ്റെ തിരക്കുകളില്‍ നിന്നും പുറത്തേക്കു സഞ്ചരിക്കാന്‍ തുടങ്ങി.വിജനമായ വീഥിയും അതിനിരുവശവും പൂത്തു നില്‍ക്കുന്ന വാകയും നെല്ലിയും.മരങ്ങളില്‍ കൂടു കൂട്ടിയിരിക്കുന്ന കുഞ്ഞിക്കുരുവികളും വിശാലമായ പാടങ്ങളും തെളിനീരൊഴുകുന്ന കൈത്തോടുകളും ഒറ്റപ്പെട്ട വീടുകളും ചെറിയ നാല്ക്കവലകളും മറ്റുമുള്ള ഭൂപ്രദേശങ്ങള്‍.അത്ര കണ്ടു പരിഷ്കൃതമല്ലാത്ത ഭൂപ്രദേശങ്ങളിലൂടെ മഴയുടെ താളത്തില്‍ ലയിച്ചുള്ള യാത്രയുടെ സുഖം തികച്ചും അനിര്‍വചനീയം തന്നെ

    ബസ്സില്‍ കുറേശെ തിരക്കനുഭവപ്പെടാന്‍ തുടങ്ങിയിരിക്കുന്നു.കയ്യില്‍ പൊതിച്ചോറും മുറുക്കാന്‍ പൊതിയുമായി കൂലിപ്പണിക്ക് പോകുന്ന സ്ത്രീപുരുഷന്മാര്‍.സ്ത്രീപുരുഷ സമത്വ വാദങ്ങളെക്കുറിച്ചോ ഗാട്ട് കരാറിനെ കുറിച്ചോ വേവലാതിയില്ലാത്തവര്.അന്നന്നത്തെ അന്നം തേടാനുള്ള മാര്‍ഗത്തെക്കുറിച്ച് മാത്രം ചിന്തിക്കുന്നവര്‍.സാമൂഹികമായ വലിപ്പചെറുപ്പങ്ങളെക്കുറിച്ചോ സാമ്പത്തികമായ അന്തരങ്ങളെക്കുറിച്ചോ ചിന്തിക്കാത്തവര്‍.ചിലപ്പോള്‍ അതരക്കാരും അവര്‍ക്കിടയിലുന്ടാകാം.ഇല്ലെന്നുള്ള തോന്നല്‍ എന്റ്റെ കാഴ്ചപ്പാടിന്റ്റെയും അറിവില്ലായ്മയുടെയും മാത്രം കുഴപ്പമാകാം.സ്ത്രീകളും പുരുഷന്മാരും ഇട കലര്‍ന്നിരുന്നും നിന്നും മുറുക്കാന്‍ വായിലിട്ടു ചവച്ചു കലപില സംസാരിച്ചു കൊണ്ടിരുന്നു.

     ബസ്സ്‌ വയനാടന്‍ ചുരം കയറാന്‍ തുടങ്ങിയിരിക്കുന്നു.മഴ വീണ്ടും കൂടുന്നതല്ലാതെ കുറയുന്ന മട്ടില്ല.വീശിയടിച്ചെത്തുന്ന കിഴക്കന്‍ കാറ്റിന്റ്റെ തണുപ്പിനു ശക്തി കൂടിയിട്ടുണ്ട്.യാത്രയുടെ അപകട സാദ്ധ്യതയും എറിയിട്ടുന്ടു.ബസ്സ്‌‌ എവിടെയോ തട്ടുന്നത് പോലെ തോന്നി.കൌതുക കാഴ്ച്ചകളുടെ ലോകത്തായിരുന്ന ഞാന്‍ ഞെട്ടിയുണര്‍ന്നു.നിലവിളികളും കൂട്ടക്കരച്ചിലും കൊണ്ടു അന്തരീക്ഷം ശബ്ദമുഖരിതമായി.എലക്കാടുകളിലും കുറ്റിച്ചെടികളിലും പറ്റിപ്പിടിച്ചിരിക്കുന്ന ഹിമകണങ്ങളെ വകഞ്ഞ് മാറ്റിക്കൊണ്ട് ബസ്സ്‌ താഴേക്കുരുന്ടു.


       ഒരു വിധത്തില്‍ ബസ്സിനു പുറത്തു കടന്ന ഞാന്‍ ഇപ്പോള്‍ നില്‍ക്കുന്നത് ഒരു മലയടിവാരത്തിലാണ്.മൂടല്‍മഞ്ഞ് തന്റ്റെ നേര്‍ത്ത ആവരണം കൊണ്ടു ഒരു പുകമറ സൃഷ്ടിച്ചിരിക്കുന്നു.അവിടെ നിന്നും നോക്കിയാല്‍ 'ഹിമാലയം ദര്‍ശിക്കാന്‍ സാധിക്കുമോ?' എന്നാ എന്റ്റെ ചിന്തയെ 'എനിക്ക് വട്ടായോ?' എന്നാ സംശയം കൊണ്ടു ഞാന്‍ തകര്‍ത്തു കളഞ്ഞു.അടിവാരമാകെ പച്ച പുതച്ചു കിടക്കുന്നു.കുന്നിക്കുരു വാരി വിതറിയത് പോലെ ചെറുപ്രാണികള്‍ അവിടമാകെ.ഞാന്‍ നില്‍ക്കുന്നതിനു സമീപത്തു കൂടി പുഴുക്കള്‍ വരി വരിയായി നീങ്ങുന്നു.എന്തൊരു അച്ചടക്കമാണ് ഇവറ്റകള്‍ക്ക്.കുറച്ചകലെയായി പതഞ്ഞൊഴുകുന്ന ഒരു അരുവിയും വെള്ളച്ചാട്ടവും.ചുറ്റുമുള്ള തണുപ്പിന്റ്റെ നിര്‍ജീവത ഞാന്‍ അനുഭവിച്ചറിഞ്ഞു.മരണത്തിന്റ്റെ താഴ്വരയിലാണ് ഞാനിപ്പോള്‍.കാറ്റില്‍ നിന്ന് പോലും മരണത്തിന്റ്റെ ഗന്ധം ആവാഹിച്ചെടുക്കാം.

       പകച്ചു നില്‍ക്കുന്ന എന്നെ ആരോ പിറകില്‍ നിന്നും ചുമലില്‍ തട്ടി വിളിച്ചു.പതിനെട്ടു വയസ്സ് പ്രായം വരുന്ന ഒരു പെണ്‍കുട്ടി.കുറച്ചകലെയുള്ള ഒരു ചെറിയ വീട്ടിലേക്കു അവളെന്നെ കൂട്ടിക്കൊണ്ടു പോയി.ആ വീടിന്റ്റെ ഉമ്മറത്ത്‌ പട്ടില്‍ പൊതിഞ്ഞു ഒരു മൃതശരീരം കിടത്തിയിരിക്കുന്നു.ചുറ്റുമിരിക്കുന്നവര്‍ കരയുന്നുണ്ട്.അവള്‍ സ്വന്തം കഥ പറയാന്‍ തുടങ്ങി.കര്‍ഷകരായ അച്ഛന്റ്റെയും അമ്മയുടെയും മൂന്നു മക്കളില്‍ ഇളയവള്‍.ജീവിതം തരുമെന്നു വിശ്വസിച്ചയാള്‍ വന്ചിച്ചപ്പോള്‍ ആത്മഹത്യയില്‍ അഭയം തേടി.പറഞ്ഞു തീര്‍ന്നതും അവള്‍ കരയാന്‍ തുടങ്ങി.ഞാന്‍ തിരിഞ്ഞു നടന്നു.പിന്നീട് ആ താഴ്വാരത്ത് കണ്ടു മുട്ടിയ പല മുഖങ്ങളില്‍ നിന്നും കണ്ണുകളില്‍ നിന്നും മരണമെന്ന സത്യത്തിന്റ്റെ ഭീകരതയും നിസ്സഹായതയും കാണാന്‍ കഴിഞ്ഞു.അവിടെ നിന്നും ഓടിയകലാന്‍ ആഗ്രഹിച്ചപ്പോള്‍ ഏതോ ജന്മാന്തര ബന്ധങ്ങളുടെ പാശത്താല്‍ ബന്ധിക്കപ്പെട്ടത്‌ പോലെ നിശ്ചലയായി.കാലുകളുടെ ചലനശേഷി നഷ്ടപ്പെട്ടത്‌ പോലെ.ഭീതിയോടെ കണ്ണുകള്‍ ഇറുകെയടച്ചു.

      ആരോ എന്നെ ശക്തിയായി തട്ടി വിളിക്കുന്നു.വിളി കേള്‍ക്കണമെന്നും കണ്ണുകള്‍ തുറക്കണമെന്നുമുന്ടു.പക്ഷെ കഴിയുന്നില്ല.വളരെ പ്രയാസപ്പെട്ടു കണ്ണുകള്‍ തുറന്നു.ചുറ്റും കുറെ അവ്യക്ത മുഖങ്ങള്‍.ഒന്ന് കൂടി സൂക്ഷിച്ചു നോക്കി.ഇല്ല!ഒരു മുഖം മാത്രം.അമ്മയുടെ.....

      ഇപ്പോള്‍ ഞാനെന്റ്റെ സ്വന്തം മുറിയിലാണ്.എഴുന്നേറ്റു ജനാലക്കല്‍ പോയി നിന്നു.അപ്പോഴും മഴ പെയ്യുന്നുണ്ടായിരുന്നു.മുറ്റത്തു തളം കെട്ടി നില്‍ക്കുന്ന മഴവെള്ളം പൊങ്ങി വരുന്നു.മരക്കൊമ്പിലിരിക്കുന്ന ഓലവാലന്‍ കിളികള്‍ മഴ നനയാതിരിക്കാന്‍ വല്ലാതെ പാടു പെടുന്നു.മഴയില്‍ നനഞ്ഞു കുതിര്‍ന്നു നില്‍ക്കുന്ന എന്റ്റെ മുല്ലവള്ളി കൂടുതല്‍ മനോഹരിയായി.അപ്പോഴും 'മരണത്തിന്റ്റെ താഴ്വര' വളരെ വ്യക്തതയുള്ള ദൃശ്യങ്ങളായി എന്റ്റെ മനസ്സില്‍ തെളിഞ്ഞു നിന്നിരുന്നു.

Monday, September 21, 2009

നാടോടിക്കൂട്ടം

നല്ല മഴയുള്ള ഒരു ദിവസം രാവിലെ ബസ്സിറങ്ങി റെയില്‍വേ സ്റ്റേഷനിലേക്ക് നടക്കുമ്പോഴാണ് ആ കാഴ്ച കണ്ടത്.സ്റ്റേഷന്റ്റെ അടുത്തുള്ള ഉപയോഗ ശൂന്യമായ മുനിസിപ്പല്‍ പാര്‍ക്കില്‍ ഒരു നാടോടിക്കൂട്ടം തമ്പടിച്ചിരിക്കുന്നു.ഇത്തരം കാഴ്ചകള്‍ ഒന്നും അത്ര പുതുമയല്ലാത്തതു കൊണ്ടാകണം ദേവി വേഗം മുന്‍പോട്ടു നടന്നു.ട്രെയിന്‍ വരാനുള്ള സമയം ആയിരിക്കുന്നു.

നീ ആ കുട്ടിയെ ശ്രദ്ധിച്ചോ ദേവി?

ലക്ഷ്മിയുടെ ചോദ്യം കേട്ടപ്പോഴാണ് പ്ലാറ്റ്ഫോമില്‍ നിന്നിരുന്ന കുട്ടിയെ ശ്രദ്ധിച്ചത്.ഒരു പന്ത്രണ്ടു വയസ്സ് പ്രായം വരും.നല്ല ഐശ്വര്യമുള്ള മുഖം.പാറിപ്പറന്ന മുടി.അഴുക്കു പിടിച്ചു പിഞ്ഞിക്കീറിയ വസ്ത്രങ്ങള്‍.നിഷ്ക്കളങ്കമായ മുഖം.


ഇത് ആ നാടോടിക്കൂട്ടത്തിലുള്ളതല്ലേ?

അതെ...നീയാ കുട്ടിയുടെ മുഖത്തെ നിഷ്ക്കളങ്കത ശ്രദ്ധിച്ചോ?
ഊം......

കൂടിപ്പോയാല്‍ ഒരു രണ്ടു വര്ഷം കൂടി അവളുടെ മുഖത്ത് ആ നിഷ്ക്കളങ്കത കാണും.അതിനപ്പുറം പോവില്ല?


അതെന്താ നീയങ്ങനെ പറഞ്ഞത്?


അതങ്ങനെയാ...അവള് മാറും....അല്ലെങ്കില്‍ ഈ സമൂഹം അവളെ മാറ്റിയെടുക്കും.


ദാ...ട്രെയിന്‍ വന്നു.വേഗം വാ...


പലപ്പോഴും മടുപ്പാണ് ഈ യാത്ര.ഒരേ മുഖങ്ങള്‍,കാഴ്ചകള്‍,ഒരേ വഴിയിലൂടെയുള്ള യാത്ര.ജീവിതം പോലെ തന്നെ ആവര്‍ത്തനവിരസം.റെയില്‍പ്പാളം പോലെ നീണ്ടു കിടക്കുന്ന ശൂന്യമായ ജീവിതം.എവിടെ തീരുമെന്ന് ഒരു നിശ്ചയവുമില്ല.


ലക്ഷ്മി പറഞ്ഞത് വളരെ ശരിയാണ്.ആ കുട്ടിയെ മാറ്റിയെടുക്കാന്‍ മാത്രം ഇന്നത്തെ സമൂഹം പ്രാപ്തമാണ്.ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ അവളെ വഴി തെറ്റിച്ചിരിക്കും.സമൂഹത്തിന്‍റെ മനോവൈകല്യങ്ങളുടെ ഇരകളാണ് ഇത്തരം നാടോടിക്കൂട്ടങ്ങള്‍. ഇതില്‍ നിന്ന് രക്ഷപ്പെടുന്നവര്‍ വളരെ ചുരുക്കം.ഒരു രാഷ്ട്രീയക്കാരനോ ഉദ്യോഗസ്ഥനോ ഇവര്‍ക്ക് വേണ്ടി ഒന്നും ചെയ്യില്ല.മറ്റുള്ളവരെ സംബന്ധിച്ചിടത്തോളം വെറും കോമാളികള്‍ മാത്രമാണ് ഇവര്‍.ഇവരുടെ വേദനകള്‍ പോലും ഇവര്‍ നടത്തുന്ന തെരിവു സര്‍ക്കസ് കാണുന്ന ലാഘവത്തോടെ കണ്ടു നിന്ന് രസിക്കാനാണ് മറ്റുള്ളവര്‍ക്ക് താല്പര്യം.


പിന്നെ അന്നത്തെ ദിവസം ആ നാടോടിക്കൂട്ടത്തിനെയോ ആ കുട്ടിയെ കുറിച്ചോ ചിന്തിച്ചതേയില്ല.ജോലിയും തിരക്കുകളുമായി കഴിഞ്ഞു.വൈകുന്നേരം താമസിച്ചതിനാല്‍ ഇടവും വലവും നോക്കാതെ വേഗം നടന്നു.ഇല്ലെങ്കില്‍ വീട്ടിലെത്താനുള്ള അവസാന ബസ്സും കിട്ടില്ല.


പിറ്റേ ദിവസം ബസ്സിറങ്ങി റെയില്‍വെ സ്റ്റേഷനിലേക്കു നടക്കുമ്പോഴാണ് പാര്‍ക്കിനു മുന്നില്‍ പതിവില്ലാത്ത ഒരാള്‍ക്കൂട്ടം കണ്ടത്.പോലീസും പത്രക്കാരും എല്ലാമുന്ടു.എന്തോ ഒരു ദുസ്സൂചന തോന്നി.കാഴ്ച കാണാന്‍ നിന്നിരുന്ന ഒരാളോട് തിരക്കി......


എന്താ പറ്റിയത്?

ആ നാടോടിക്കൂട്ടത്തിലെ ഒരു കുട്ടിയെ ആരോ.........

മൃതദേഹം ആ കുറ്റിക്കാട്ടിലുന്ടു.


കേട്ടപ്പോള്‍ വല്ലാത്ത ഒരു വേദന മനസ്സിലേക്ക് പറന്നിറങ്ങി.ആ പന്ത്രണ്ടു വയസ്സുകാരിയുടെ മുഖം കൂടുതല്‍ വ്യക്തതയോടെ മനസ്സില്‍ തെളിഞ്ഞു വന്നു.ആള്‍ക്കൂട്ടത്തിനിടയിലേക്ക്‌ തിക്കിത്തിരക്കി കയറി നോക്കി.അവള്‍ അവളുടെ അമ്മയുടെ അടുത്തു കരഞ്ഞു കൊണ്ടിരിപ്പുന്ടു.വല്ലാത്ത ഒരു ആകാംക്ഷ മനസ്സിലേക്ക് ചൂഴ്ന്നിറങ്ങുന്നു.അടുത്തു നിന്നിരുന്ന വൃദ്ധനോടു കാര്യം തിരക്കി.


നാടോടിക്കൂടത്തിലെ ആ പെണ്‍കുട്ടി അവിടെയിരിപ്പുന്ടല്ലോ?അപ്പോള്‍ പിന്നെ ആരെയാ?


ആ കുട്ടിയെയല്ലാ...........ആ അച്ഛന്റ്റെയും അമ്മയുടെയും രണ്ടു വയസ്സുള്ള ഇളയ കുഞ്ഞിനെയാണ് .അമ്മയുടെ കൂടെ ഉറങ്ങിക്കിടന്നിരുന്ന കുഞ്ഞിനെ അവിടെ നിന്നും എടുത്തു കൊണ്ടു പോയാണ്.......

ഈശ്വരാ.....പിഞ്ചു കുഞ്ഞുങ്ങള്‍ക്ക് പോലും രക്ഷയില്ലാത്ത നാട്......


കാഴ്ച കണ്ടു നില്‍ക്കുന്നവരില്‍ പലരും ആ അമ്മയുടെ വേദന കണ്ടു രസിക്കുകയാണ്.ഒരു തരം നികൃഷ്ട ജീവികളെ കാണുന്ന ലാഘവത്തോടെ........ട്രെയിന്‍ എത്താറായി.പെട്ടെന്ന് റെയില്‍വേ സ്റ്റേഷനിലേക്കു നടന്നു. ഞാനും പെട്ടെന്ന് അവരില്‍ ഒരുവളായി മാറി.ഒരു തരം നിസ്സഹായാവസ്ഥ.അല്ലെങ്കില്‍ സ്വന്തം കാര്യം മാത്രം ചിന്തിക്കേണ്ടി വരുന്ന അവസ്ഥ.യാത്ര ചെയ്യുമ്പോഴും ഓഫീസില്‍ ഇരിക്കുമ്പോഴും എല്ലാം ആ വൃദ്ധന്റ്റെ വാചകം ചെവിയിലേക്ക് ചൂളം കുത്തി........


പിഞ്ചു കുഞ്ഞുങ്ങള്‍ക്ക് പോലും രക്ഷയില്ലാത്ത നാട്..................ദൈവത്തിന്‍റെ സ്വന്തം നാട്......