അന്നൊരു വ്യാഴാഴ്ചയായിരുന്നു.നേരം പുലര്‍ന്നപ്പോള്‍ മുതല്‍ ഇടവിട്ട് പെയ്യുന്ന മഴ.കാര്മേഘാവൃതമായ ആകാശം.ഇടക്കിടക്കു ചൂളം വിളിച്ചെത്തുന്ന തണുത്ത കാറ്റ്. മഴത്തുള്ളികള്‍ ബസ്സിന്റ്റെ ജനാലക്കല്‍ കൂടി മുഖത്തേക്ക് ഇറ്റിറ്റു വീണു കൊണ്ടിരുന്നു.ഒരു സാധാരണ യാത്രയുടെ വിരസത അനുഭവപ്പെട്ടതേയില്ല.എന്റ്റെ ഈ യാത്ര വയനാട്ടിലേക്കാണു.വയനാട്ടിലെ ഒരു ഉള്‍നാടന്‍ ഗ്രാമത്തിലേക്ക്.
രാവിലെ വീട്ടില്‍ നിന്നിറങ്ങിയത് മുതല്‍ ഓരോരോ തടസ്സങ്ങളാണ്.ഇന്നത്തെ ഈ യാത്ര വേണ്ട എന്ന് മനസ്സിനെ ആരോ പിറകോട്ടു പിടിച്ചു വലിച്ചു കൊണ്ടിരുന്നു.കുറച്ചു സമയത്തെ മനസ്സുമായുള്ള വാഗ്വാദത്തിനു ശേഷം യാത്ര തുടരാന്‍ തന്നെ ഞാന്‍ തീരുമാനിച്ചു.കുറച്ചു സമയത്തെ യാത്രക്ക് ശേഷം ബസ്സ് നഗരത്തിന്റ്റെ തിരക്കുകളില്‍ നിന്നും പുറത്തേക്കു സഞ്ചരിക്കാന്‍ തുടങ്ങി.വിജനമായ വീഥിയും അതിനിരുവശവും പൂത്തു നില്‍ക്കുന്ന വാകയും നെല്ലിയും.മരങ്ങളില്‍ കൂടു കൂട്ടിയിരിക്കുന്ന കുഞ്ഞിക്കുരുവികളും വിശാലമായ പാടങ്ങളും തെളിനീരൊഴുകുന്ന കൈത്തോടുകളും ഒറ്റപ്പെട്ട വീടുകളും ചെറിയ നാല്ക്കവലകളും മറ്റുമുള്ള ഭൂപ്രദേശങ്ങള്‍.അത്ര കണ്ടു പരിഷ്കൃതമല്ലാത്ത ഭൂപ്രദേശങ്ങളിലൂടെ മഴയുടെ താളത്തില്‍ ലയിച്ചുള്ള യാത്രയുടെ സുഖം തികച്ചും അനിര്‍വചനീയം തന്നെ
ബസ്സില്‍ കുറേശെ തിരക്കനുഭവപ്പെടാന്‍ തുടങ്ങിയിരിക്കുന്നു.കയ്യില്‍ പൊതിച്ചോറും മുറുക്കാന്‍ പൊതിയുമായി കൂലിപ്പണിക്ക് പോകുന്ന സ്ത്രീപുരുഷന്മാര്‍.സ്ത്രീപുരുഷ സമത്വ വാദങ്ങളെക്കുറിച്ചോ ഗാട്ട് കരാറിനെ കുറിച്ചോ വേവലാതിയില്ലാത്തവര്.അന്നന്നത്തെ അന്നം തേടാനുള്ള മാര്‍ഗത്തെക്കുറിച്ച് മാത്രം ചിന്തിക്കുന്നവര്‍.സാമൂഹികമായ വലിപ്പചെറുപ്പങ്ങളെക്കുറിച്ചോ സാമ്പത്തികമായ അന്തരങ്ങളെക്കുറിച്ചോ ചിന്തിക്കാത്തവര്‍.ചിലപ്പോള്‍ അതരക്കാരും അവര്‍ക്കിടയിലുന്ടാകാം.ഇല്ലെന്നുള്ള തോന്നല്‍ എന്റ്റെ കാഴ്ചപ്പാടിന്റ്റെയും അറിവില്ലായ്മയുടെയും മാത്രം കുഴപ്പമാകാം.സ്ത്രീകളും പുരുഷന്മാരും ഇട കലര്‍ന്നിരുന്നും നിന്നും മുറുക്കാന്‍ വായിലിട്ടു ചവച്ചു കലപില സംസാരിച്ചു കൊണ്ടിരുന്നു.
ബസ്സ് വയനാടന്‍ ചുരം കയറാന്‍ തുടങ്ങിയിരിക്കുന്നു.മഴ വീണ്ടും കൂടുന്നതല്ലാതെ കുറയുന്ന മട്ടില്ല.വീശിയടിച്ചെത്തുന്ന കിഴക്കന്‍ കാറ്റിന്റ്റെ തണുപ്പിനു ശക്തി കൂടിയിട്ടുണ്ട്.യാത്രയുടെ അപകട സാദ്ധ്യതയും എറിയിട്ടുന്ടു.ബസ്സ് എവിടെയോ തട്ടുന്നത് പോലെ തോന്നി.കൌതുക കാഴ്ച്ചകളുടെ ലോകത്തായിരുന്ന ഞാന്‍ ഞെട്ടിയുണര്‍ന്നു.നിലവിളികളും കൂട്ടക്കരച്ചിലും കൊണ്ടു അന്തരീക്ഷം ശബ്ദമുഖരിതമായി.എലക്കാടുകളിലും കുറ്റിച്ചെടികളിലും പറ്റിപ്പിടിച്ചിരിക്കുന്ന ഹിമകണങ്ങളെ വകഞ്ഞ് മാറ്റിക്കൊണ്ട് ബസ്സ് താഴേക്കുരുന്ടു.
ഒരു വിധത്തില്‍ ബസ്സിനു പുറത്തു കടന്ന ഞാന്‍ ഇപ്പോള്‍ നില്‍ക്കുന്നത് ഒരു മലയടിവാരത്തിലാണ്.മൂടല്‍മഞ്ഞ് തന്റ്റെ നേര്‍ത്ത ആവരണം കൊണ്ടു ഒരു പുകമറ സൃഷ്ടിച്ചിരിക്കുന്നു.അവിടെ നിന്നും നോക്കിയാല്‍ 'ഹിമാലയം ദര്‍ശിക്കാന്‍ സാധിക്കുമോ?' എന്നാ എന്റ്റെ ചിന്തയെ 'എനിക്ക് വട്ടായോ?' എന്നാ സംശയം കൊണ്ടു ഞാന്‍ തകര്‍ത്തു കളഞ്ഞു.അടിവാരമാകെ പച്ച പുതച്ചു കിടക്കുന്നു.കുന്നിക്കുരു വാരി വിതറിയത് പോലെ ചെറുപ്രാണികള്‍ അവിടമാകെ.ഞാന്‍ നില്‍ക്കുന്നതിനു സമീപത്തു കൂടി പുഴുക്കള്‍ വരി വരിയായി നീങ്ങുന്നു.എന്തൊരു അച്ചടക്കമാണ് ഇവറ്റകള്‍ക്ക്.കുറച്ചകലെയായി പതഞ്ഞൊഴുകുന്ന ഒരു അരുവിയും വെള്ളച്ചാട്ടവും.ചുറ്റുമുള്ള തണുപ്പിന്റ്റെ നിര്‍ജീവത ഞാന്‍ അനുഭവിച്ചറിഞ്ഞു.മരണത്തിന്റ്റെ താഴ്വരയിലാണ് ഞാനിപ്പോള്‍.കാറ്റില്‍ നിന്ന് പോലും മരണത്തിന്റ്റെ ഗന്ധം ആവാഹിച്ചെടുക്കാം.
പകച്ചു നില്‍ക്കുന്ന എന്നെ ആരോ പിറകില്‍ നിന്നും ചുമലില്‍ തട്ടി വിളിച്ചു.പതിനെട്ടു വയസ്സ് പ്രായം വരുന്ന ഒരു പെണ്‍കുട്ടി.കുറച്ചകലെയുള്ള ഒരു ചെറിയ വീട്ടിലേക്കു അവളെന്നെ കൂട്ടിക്കൊണ്ടു പോയി.ആ വീടിന്റ്റെ ഉമ്മറത്ത് പട്ടില്‍ പൊതിഞ്ഞു ഒരു മൃതശരീരം കിടത്തിയിരിക്കുന്നു.ചുറ്റുമിരിക്കുന്നവര്‍ കരയുന്നുണ്ട്.അവള്‍ സ്വന്തം കഥ പറയാന്‍ തുടങ്ങി.കര്‍ഷകരായ അച്ഛന്റ്റെയും അമ്മയുടെയും മൂന്നു മക്കളില്‍ ഇളയവള്‍.ജീവിതം തരുമെന്നു വിശ്വസിച്ചയാള്‍ വന്ചിച്ചപ്പോള്‍ ആത്മഹത്യയില്‍ അഭയം തേടി.പറഞ്ഞു തീര്‍ന്നതും അവള്‍ കരയാന്‍ തുടങ്ങി.ഞാന്‍ തിരിഞ്ഞു നടന്നു.പിന്നീട് ആ താഴ്വാരത്ത് കണ്ടു മുട്ടിയ പല മുഖങ്ങളില്‍ നിന്നും കണ്ണുകളില്‍ നിന്നും മരണമെന്ന സത്യത്തിന്റ്റെ ഭീകരതയും നിസ്സഹായതയും കാണാന്‍ കഴിഞ്ഞു.അവിടെ നിന്നും ഓടിയകലാന്‍ ആഗ്രഹിച്ചപ്പോള്‍ ഏതോ ജന്മാന്തര ബന്ധങ്ങളുടെ പാശത്താല്‍ ബന്ധിക്കപ്പെട്ടത് പോലെ നിശ്ചലയായി.കാലുകളുടെ ചലനശേഷി നഷ്ടപ്പെട്ടത് പോലെ.ഭീതിയോടെ കണ്ണുകള്‍ ഇറുകെയടച്ചു.
ആരോ എന്നെ ശക്തിയായി തട്ടി വിളിക്കുന്നു.വിളി കേള്‍ക്കണമെന്നും കണ്ണുകള്‍ തുറക്കണമെന്നുമുന്ടു.പക്ഷെ കഴിയുന്നില്ല.വളരെ പ്രയാസപ്പെട്ടു കണ്ണുകള്‍ തുറന്നു.ചുറ്റും കുറെ അവ്യക്ത മുഖങ്ങള്‍.ഒന്ന് കൂടി സൂക്ഷിച്ചു നോക്കി.ഇല്ല!ഒരു മുഖം മാത്രം.അമ്മയുടെ.....
ഇപ്പോള്‍ ഞാനെന്റ്റെ സ്വന്തം മുറിയിലാണ്.എഴുന്നേറ്റു ജനാലക്കല്‍ പോയി നിന്നു.അപ്പോഴും മഴ പെയ്യുന്നുണ്ടായിരുന്നു.മുറ്റത്തു തളം കെട്ടി നില്‍ക്കുന്ന മഴവെള്ളം പൊങ്ങി വരുന്നു.മരക്കൊമ്പിലിരിക്കുന്ന ഓലവാലന്‍ കിളികള്‍ മഴ നനയാതിരിക്കാന്‍ വല്ലാതെ പാടു പെടുന്നു.മഴയില്‍ നനഞ്ഞു കുതിര്‍ന്നു നില്‍ക്കുന്ന എന്റ്റെ മുല്ലവള്ളി കൂടുതല്‍ മനോഹരിയായി.അപ്പോഴും 'മരണത്തിന്റ്റെ താഴ്വര' വളരെ വ്യക്തതയുള്ള ദൃശ്യങ്ങളായി എന്റ്റെ മനസ്സില്‍ തെളിഞ്ഞു നിന്നിരുന്നു.
Sunday, January 3, 2010
Subscribe to:
Posts (Atom)