Saturday, July 2, 2011

വൃദ്ധസദനം

കര്‍ത്താവേ....കുര്‍ബാന തുടങ്ങിയോ?

പള്ളി മണി അടിക്കുന്നത് കേട്ട് മത്തായിച്ചന്‍ വേഗം നടന്നു.....നേരം വെളുത്തിട്ടില്ല.അഞ്ചു മണിയാകാന്‍ ഇനിയും സമയമുണ്ട്..ഡിസംബറിലെ കുളിര് ഇത്തവണ കൂടുതലാണ്.ഇനി ഇപ്പൊ ഈ പ്രായത്തില്‍ ഇതൊക്കെ താങ്ങാന്‍ പാടാണ്.പുത്തന്‍ പുരക്കലച്ചന്റ്റെ കാര്‍മികത്വത്തില്‍ ആണ് ഇന്നത്തെ പ്രാര്‍ത്ഥന.കുര്‍ബാന കഴിഞ്ഞു ഇറങ്ങിയപ്പോള്‍ ആറു മണി കഴിഞ്ഞു.നേരം വെളുക്കുന്നതെയുള്ളൂ....മാന്നാനം കുന്നു മുഴുവന്‍ ഡിസംബറിലെ മഞ്ഞില്‍ മൂടികിടക്കുകയാണ്.പള്ളിയുടെ പടവുകള്‍ ഇറങ്ങി പതുക്കെ നടന്നു.അങ്ങ് കുന്നിന്‍റെ താഴെ നെല്‍പ്പാടങ്ങളും ധാരാളം മരങ്ങളും ഒക്കെ കൊണ്ടു പച്ച പുതച്ചു കിടക്കുകയാണ് മാന്നാനം എന്ന ഗ്രാമം.സൂര്യന്‍ ഉദിച്ചു വരുന്നതേയുള്ളൂ.പഴയ പോലെ നടക്കാന്‍ വയ്യാതായി.ഇനി ഇപ്പൊ ഇരുന്നാല്‍ എത്ര നാള്‍?

അച്ചായോ.... ഇതെന്നാ കാണാത്ത മട്ടിലങ്ങു ‍ പോകുന്നെ?

ആഹ്...ഇതാരാ അന്നക്കുട്ടിയോ...ഞാന്‍ കണ്ടില്ലാരുന്നെടീ കൊച്ചെ ...വയസ്സൊക്കെയായില്ലെയോ...പഴയ കണ്ണൊന്നും പിടിക്കുകേലാതായി...നീയെന്നാ പാലായില്‍ നിന്ന് വന്നെ?

ഇന്നലെ...

കെട്ടിയോനും മക്കളുമൊക്കെയുന്ടോ?

ഉവ്വ്.വീട്ടിലുന്ടച്ചായാ...ഇതെന്നാ പറ്റിയങ്ങു ക്ഷീണിച്ചു പോയല്ലോ? സുഖമില്ലാരുന്നോ?
ഓ...എനിക്ക് കൊഴപ്പമൊന്നുമില്ലെന്റ്റെ കൊച്ചെ.വയസ്സായതിന്റ്റെ ഏനക്കേട് മാത്രമേയുള്ളൂ.നീയിനി നാളെ ക്രിസ്തുമസ് കൂടെ കഴിഞ്ഞിട്ടല്ലേ പോകുന്നുള്ളൂ?

അത്രേയുള്ളൂ...

എന്നാല്‍ ശരി ഞാനങ്ങോട്ടു നടക്കട്ടേടീ കൊച്ചേ...പിന്നെ കാണാം.....

ശരിയച്ചായാ...

ഇനി എത്ര നാള്‍ ഈ പള്ളിയും പരിസരവും ഇവരെയുമൊക്കെ കാണാന്‍ പറ്റുമെന്നാര്‍ക്കറിയാം...ഇപ്പൊ തന്നെ വയസ്സ് പത്തെഴുപതന്ച്ചു കഴിഞ്ഞു.ഓര്‍മ്മ വച്ച കാലം മുതല്‍ ഓടി നടന്ന പള്ളിമുറ്റം ആണ്.മാമോദീസയും ആദ്യകുര്‍ബാനയും ഒക്കെ ഇവിടെ തന്നെയായിരുന്നു.അപ്പച്ചന്റ്റെയും അമ്മച്ചിയുടെയും ഏഴു മക്കളില്‍ മൂന്നാമന്‍.തന്‍റെ പതിന്നാലാം വയസ്സില്‍ അപ്പച്ചന്‍ കര്‍ത്താവിങ്കല്‍ നിദ്ര പ്രാപിക്കുമ്പോള്‍ ആകെയുണ്ടായിരുന്ന സമ്പാദ്യം എട്ടും പൊട്ടും തിരിയാത്ത അമ്മച്ചിയും ചിരട്ടയും നാഴിയും പോലെത്തെ കൂടപ്പിറപ്പുകളും അപ്പച്ചന്‍ കൊപ്ര കച്ചവടം നടത്തിയുണ്ടാക്കിയ കടങ്ങളും വീടും കുറച്ചു പറമ്പും മാത്രമായിരുന്നു.അവിടുന്നങ്ങോട്ട് എല്ലു മുറിയെ പണിയെടുത്താണ് എല്ലാം ഒരു കരക്കടുപ്പിച്ചത്.കടങ്ങളെല്ലാം വീട്ടിക്കഴിഞ്ഞപ്പോള്‍ എല്ലാരെയും പഠിപ്പിച്ചു ചേട്ടായിക്കും പെങ്ങന്മാര്‍ക്കും ഓരോ ജീവിതവുമാക്കി കൊടുത്തു.പ്രാരാബ്ധങ്ങളൊക്കെ കഴിഞ്ഞപ്പോള്‍ സ്വന്തമായി ഒരു ജീവിതം തുടങ്ങന്ട കാലമൊക്കെ കഴിഞ്ഞിരുന്നു.അതത്ര അത്യാവശ്യമുള്ള ഒന്നായി തോന്നിയതുമില്ല.അമ്മച്ചിയുടെ കാലശേഷമാണ് ഒറ്റപ്പെടലിന്‍റെ ഭീകരത ശരിക്കും മനസ്സിലാകാന്‍ തുടങ്ങിയത്.ഒക്കെ വെറുതെ ഓരോ തോന്നലായിരിക്കും എന്നങ്ങു ആശ്വസിക്കുകയാ......

താനെന്നതാടോ മത്തായിച്ചാ സ്വപ്നം കണ്ടോണ്ടു നടക്കുകയാണോ?

താനായിരുന്നോ.ഒന്നുമില്ല...വെറുതെ ഓരോന്നാലോചിച്ചങ്ങനെ.....ഇതെവിടെ പോയിട്ട് വരുവാടോ പണിക്കരെ?

അമ്പലത്തില്‍ പോയതാ...അര്‍പ്പൂക്കരെയില്‍...താനെന്നാടോ പോകുന്നെ?

അറിയത്തില്ല.പിള്ളേര് ഒന്നും പറഞ്ഞില്ല...

ഹും...പിള്ളേര്...താനിങ്ങനെ ചത്ത്‌ കെടന്നങ്ങോട്ടു സ്നേഹിക്കാന്‍ അതുങ്ങള് സ്വന്തം മക്കളൊന്നുമല്ലല്ലോ.ചേട്ടായിയുടെയും പെങ്ങമ്മാരുടെയും മക്കളല്ലേ?

ഞാനെടുത്തോന്ടു നടന്നു വളര്‍ത്തിയതല്ലെടോ? എനിക്കവരല്ലാതെ വേറെയാരാടോ ഉള്ളത്?

ഓ...അത് കൊണ്ടായിരിക്കും വൃദ്ധ സദനത്തിലോട്ടു കൊണ്ടു തള്ളാന്‍ പോകുന്നത്?

അതൊക്കെ കര്‍ത്താവിന്റ്റെ ഓരോ തീരുമാനങ്ങളായിരിക്കും.ആരെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല..
എന്നാല്‍ ശരിയെടോ .പിന്നെ കാണാം....

പണ്ടൊക്കെ ഇവിടെ മണ്ണ് റോഡായിരുന്നു.ഇപ്പോഴാണ് റോഡൊക്കെ ടാര്‍ ചെയ്തത്.വാഹനങ്ങളും കൂടി.വഴിയില്‍ കൂടി നടക്കാന്‍ വയ്യെന്നായി.ഒരു വിധത്തിലാണ് വീട് പറ്റിയത്.

അച്ചായനെന്നാ താമസിച്ചത്?

നടന്നിങ്ങു വരണ്ടായോ കൊച്ചെ?എല്ലാരും വന്നോ?

വന്നു.

ആഹ കറിയാച്ചന്‍ എപ്പഴാടാ വന്നത്.നീ നാളയെ ഉള്ളൂന്ന് പറഞ്ഞിട്ട്?

അച്ചായാ ഞാന്‍ വന്നതേ...ഇന്ന് നമുക്ക് അങ്ങ് പോയാലോ?അവിടെ അഡ്മിഷനും എല്ലാം പറഞ്ഞു ശരിയാക്കി വച്ചിരിക്കുവാ.നാളെ ക്രിസ്തുമസ് അല്ലെ?എല്ലാര്‍ക്കും തെരക്കൊക്കെ അല്ലെ?അച്ചായനും ക്രിസ്തുമസ് ആഘോഷിക്കാന്‍ പറ്റത്തില്ല.

എനിക്കിനി എന്നാ ആഘോഷമാടാ മക്കളെ...ജനിച്ചു വളര്‍ന്ന സ്ഥലമാ...ഇവിടെ തന്നെ കിടന്നു മരിക്കണമെന്നാടാ എന്‍റെ ആഗ്രഹം.

ഇങ്ങനെ ഒക്കെ പറഞ്ഞാല്‍ ബുദ്ധിമുട്ടാ അച്ചായാ.അച്ചായനെ നോക്കാന്‍ ഇവിടെ ആരാ?അപ്പച്ചനും അമ്മച്ചിക്കുമൊക്കെ വയസ്സായില്ലേ?ഞങ്ങള്‍ക്കൊക്കെ വേറെ എന്തെല്ലാം തിരക്കുകളുള്ളതാ..ഇവിടെ നോക്കിയിരിക്കാന്‍ പറ്റുമോ?

അതിനു എന്‍റെ കാര്യങ്ങളൊക്കെ നോക്കാന്‍ എനിക്ക് ആവതില്ലെയോടാ മക്കളെ.

എന്നാ ഒക്കെ പറഞ്ഞാലും ഇനി ഈ ഭാരം ചുമക്കാന്‍ ഞങ്ങള്‍ക്ക് പറ്റത്തില്ല.സ്വന്തം അപ്പനെയും അമ്മയെയും നോക്കാം.അപ്പന്‍റെ വീട്ടുകാരെ മുഴുവന്‍ നോക്കുകാന്നു പറഞ്ഞാല്‍ നടക്കുന്ന കാര്യമല്ല.

വേണ്ടടാ കുഞ്ഞേ.ഞാന്‍ പൊക്കോളാം..നീ ഇന്ന് തന്നെ എന്നെ അവിടെ കൊണ്ടു ചെന്നാക്കിക്കോ.ഇവിടുന്നു പോകുന്നതിനു മുമ്പ് അങ്ങോട്ട്‌ വിളിക്കണേ കര്‍ത്താവേന്നുള്ള ഒറ്റ പ്രാര്‍ത്ഥന മാത്രമേ ഉണ്ടാരുന്നുള്ളൂ..സാരമില്ല.അതായിരിക്കും വിധി.

അച്ചായന്‍ വിചാരിക്കുന്ന പോലെ അത്ര മോശം സ്ഥലമൊന്നുമല്ല അത്.നല്ല സൌകര്യങ്ങളൊക്കെ ഉണ്ട് അവിടെ.അച്ചായന്റ്റെ എല്ലാ കാര്യങ്ങളും അവര് നന്നായിട്ട് നോക്കിക്കോളും.എത്ര കാശ് മുടക്കിയാ ഇങ്ങനെയൊരു അഡ്മിഷന്‍ ശരിയാക്കിയതെന്നറിയാമോ? അപ്പോള്‍ വൈകുന്നേരത്തേക്കിനു റെഡി ആയിക്കോ കേട്ടോ അച്ചായാ...

അവന്‍റെ ഭാവമാറ്റം കണ്ടപ്പോള്‍ പറയേണ്ടിയിരുന്നില്ല എന്ന് തോന്നി.എടുത്തോന്ടു നടന്നു വളര്‍ത്തിയതാ.ഉപ്പോളം ആകില്ലല്ലോ ഉപ്പിലിട്ടത്‌.പിന്നെ ആരോടും ഒന്നും പറയാന്‍ തോന്നിയില്ല.പറഞ്ഞിട്ടും കാര്യമില്ല എന്നും അറിയാം.എന്നാലും മനസ്സങ്ങോട്ടു സമ്മതിക്കുന്നില്ല. ഏതാന്നും എന്താനും അറിയാത്ത ഒരു സ്ഥലത്ത് കിടന്നു മരിക്കാനായിരിക്കും വിധി.ഉച്ചയായപ്പോള്‍ ഇറങ്ങി നടന്നു.അപ്പച്ചന്റ്റെയും അമ്മച്ചിയുടെയും കല്ലറക്ക് മുന്നില്‍ നിന്നു.എല്ലാവരില്‍ നിന്നും ഒറ്റപ്പെട്ടു പോയി.ഒരു കുടുംബം വേണ്ടതായിരുന്നു.തിരിച്ചു വീട്ടിലെത്തിയപ്പോള്‍ എല്ലാവരും ഉണ്ട്.

അച്ചായന്‍റെ സാധനങ്ങളൊക്കെ പായ്ക്ക് ചെയ്യന്ടെ?

ഞാനൊന്നും കൊണ്ടു പോകുന്നില്ല.പോകാറാകുംപോള് പറഞ്ഞാല്‍ മതി.ഞാനൊന്ന് കിടക്കട്ടെ.വല്ലാത്ത ക്ഷീണം.

ഡാ കറിയാച്ചാ...അവന്‍ ഇവിടെ നിക്കട്ടെടാ..അവനെ കൊണ്ടു പോകണ്ടാ...

അപ്പന്‍ അവിടെ മിണ്ടാതിരുന്നോണം.ആവശ്യമില്ലാത്ത പ്രശ്നം ഉണ്ടാക്കരുത്.

പിന്നെ ചേട്ടായി ഒന്നും മിണ്ടിയില്ല.പറയുന്നത് കേട്ടില്ലെന്കില്‍ ചിലപ്പോള്‍ ഇത് തന്നെയായിരിക്കും അവരുടെയും ഗതി.സന്ധ്യ ആയി.വല്ലാത്ത ഒരു വിങ്ങല്‍ മനസ്സിലുണ്ട്.ഇനി ഒരിക്കലും വരാന്‍ പറ്റിയെന്നു വരില്ല.ഓടിക്കളിച്ചു നടന്ന സ്ഥലമാണ്.അല്ലെന്കിലും അമ്മച്ചിയുടെ മരണ ശേഷം ഏകാന്തത കൂടുതല്‍ അനുഭവിച്ചിരുന്നു.ആര്‍ക്കും ഉപദ്രവമാകാതിരിക്കാന്‍ പരമാവധി ശ്രദ്ധിച്ചിരുന്നു.എന്നിട്ടും.....കര്‍ത്താവും കൂടെ കൈവിടുമെന്നു കരുതിയില്ല.

അച്ചായാ വേഗം വന്നു വണ്ടിയില്‍ കയറു.....

ഒന്നും മിണ്ടിയില്ല.ചെന്ന് വണ്ടിയില്‍ കേറി ഇരുന്നു.വീടും പള്ളിയും പഠിച്ച സ്കൂളും ഒക്കെ അകന്നകന്നു കയ്യെത്താത്ത ദൂരത്തായി.എപ്പോഴോ എത്തി,വളരെ ദൂരെയുള്ള ഏതോ ഒരു വൃദ്ധസദനം .ആര്‍ക്കും വേണ്ടാത്ത കൊറേ പാഴ്ജന്മങ്ങള്‍.ആയ കാലത്ത് കുടുംബത്തിനു വേണ്ടി കഷ്ടപ്പെട്ട് ആരോഗ്യം നഷ്ടപ്പെടുമ്പോള്‍ മറ്റുള്ളവര്‍ക്ക് ഭാരമാകുന്നു.പിന്നെ മരണം വരെ എത്രയും പെട്ടെന്ന് മരണം വരണേയെന്നു ആഗ്രഹിച്ചു സ്വന്തക്കാരെ ഒന്ന് കൂടെ കാണണമെന്ന് ആഗ്രഹിച്ചു...

എന്നാല്‍ ഞങ്ങളങ്ങോട്ടു ചെല്ലട്ടെ അച്ചായാ?

ഒന്നും മിണ്ടിയില്ല.മുഖത്ത് വല്ലാത്ത ദൈന്യതയും വേദനയും.മെല്ലെ തലയൊന്നാട്ടി.ക്ഷീണിച്ച മുഖത്തൂടെ കണ്ണുനീര്‍ ഒഴുകി.പിന്നെ തിരിഞ്ഞു നോക്കിക്കൊണ്ടു തിരിച്ചു നടന്നു...എല്ലാവരുമുണ്ടായിട്ടും ഒരു അനാഥനെ പോലെ...ഇരുണ്ട ഇടനാഴിയിലൂടെ...വെളിച്ചം കടക്കാന്‍ മടി കാണിക്കുന്ന തടവറ പോലെയുള്ള മുറിയിലേക്ക്...ശിഷ്ട ജീവിതം എങ്ങനെയെങ്കിലും ജീവിച്ചു തീര്‍ക്കുന്നതിനായി.....

19 comments:

കല്യാണിക്കുട്ടി said...

തിരിഞ്ഞു നോക്കിക്കൊണ്ടു തിരിച്ചു നടന്നു...എല്ലാവരുമുണ്ടായിട്ടും ഒരു അനാഥനെ പോലെ...ഇരുണ്ട ഇടനാഴിയിലൂടെ...വെളിച്ചം കടക്കാന്‍ മടി കാണിക്കുന്ന തടവറ പോലെയുള്ള മുറിയിലേക്ക്...ശിഷ്ട ജീവിതം എങ്ങനെയെങ്കിലും ജീവിച്ചു തീര്‍ക്കുന്നതിനായി.....

മഹേഷ്‌ വിജയന്‍ said...

കല്യാണിക്കുട്ടീ ,
ഈ തിരിച്ചു വരവ് നന്നായിരിക്കുന്നൂ...
പുതുമ തീര്‍ത്തും ഇല്ല എങ്കിലും കല്യാണിക്കുട്ടിയുടെ എഴുത്തിന്റെ രീതി കൊണ്ട് കഥ മനോഹരമായി എന്ന് തന്നെ പറയേണ്ടി വരും. അത് കൊണ്ട് പതിവ് പോലെ ആസ്വദിച്ചു.

എങ്കിലും ഒരു സങ്കടം ബാക്കി...ഈ കഥയില്‍ മഴ എവിടെ?
എല്ലാ കഥകളിലും കാണാറുള്ള ആ മാഴയുടെ സാമീപ്യം എവിടെ? മഴയെ ഉപേക്ഷിച്ചോ? അല്പം മഞ്ഞു ഉള്ളത് ഭാഗ്യം...എങ്കിലും മഴയെ കൈവിടല്ലേ കല്യാണിക്കുട്ടീ..

Bijith :|: ബിജിത്‌ said...

ഇപ്പോഴത്തെ പിള്ളേര് എല്ലാം അച്ഛനെയും അമ്മയെയും വയസ്സായാല്‍ ഭാരമായി കാണുന്നവരും, എങ്ങിനെയെങ്കിലും ശല്യം ഒഴിവാക്കുന്നവരും ആണ് എന്ന് തീര്‍പ്പാക്കാന്‍ എല്ലാവരും ശ്രമിക്കുന്നു. കല്യാണിക്കുട്ടിയും ????

കലി said...

അച്ചായന്‍ വിചാരിക്കുന്ന പോലെ അത്ര മോശം സ്ഥലമൊന്നുമല്ല അത്.നല്ല സൌകര്യങ്ങളൊക്കെ ഉണ്ട് അവിടെ.അച്ചായന്റ്റെ എല്ലാ കാര്യങ്ങളും അവര് നന്നായിട്ട് നോക്കിക്കോളും.എത്ര കാശ് മുടക്കിയാ ഇങ്ങനെയൊരു അഡ്മിഷന്‍ ശരിയാക്കിയതെന്നറിയാമോ? അപ്പോള്‍ വൈകുന്നേരത്തേക്കിനു റെഡി ആയിക്കോ കേട്ടോ അച്ചായാ...

anukalika prasakthamaya chinthakal ,,, nannayi

കല്യാണിക്കുട്ടി said...

@ mahesh...മഴയെ മറന്നതല്ല......എന്തോ ഇതില്‍ ഉള്‍പ്പെടുത്താന്‍ കഴിഞ്ഞില്ല.....
@bijith......അങ്ങനെ എല്ലാവരും മാതാപിതാക്കളെ മറക്കുന്നവരാനെന്നു ഞാന്‍ പറയുന്നില്ല....പക്ഷെ അങ്ങനെയുള്ളവരും ഉണ്ട്.....

@veejyotis......thank u...............
thank u all........

എം.എസ്. രാജ്‌ | M S Raj said...

മാസങ്ങളായി 'ഒതുക്കപ്പെട്ട' വൃദ്ധരുടെ കാഴ്ചപ്പാടിലുള്ള ഒരു കഥ മനസ്സില്‍ മുളച്ചു മുളച്ചില്ല എന്നു പറഞ്ഞു നില്‍ക്കുന്നു. ചിലപ്പോ ഇത്‌ അതിനൊരു ഊര്‍ജ്ജമായേക്കും. :)

എന്റെ മലയാളം said...

I have no time now.But I will read the post at evening.....Your blog template is so fine..where from?which url?u got this one...if u like pls give the url....

K@nn(())raan*خلي ولي said...

വായിച്ചു.

Azeez . said...

Good story.
Felt very sad.
The language is very natural and well matched to the thread of the story and characters.

ജയിംസ് സണ്ണി പാറ്റൂർ said...

ദു:ഖസാന്ദ്രമെങ്കിലും നല്ല കഥ

Anil cheleri kumaran said...

നല്ല കഥയാണ്.
ഒരു നിർദ്ദേശം: കോമ കഴിഞ്ഞ് ഒരു സ്പേസും ഫുൾ സ്റ്റോപ്പ് കഴിഞ്ഞ് രണ്ട് സ്പേസും വിട്ട് എഴുതുക.

ponmalakkaran | പൊന്മളക്കാരന്‍ said...

കഥ നന്നായിട്ടുണ്ട്.. അഭിനന്ദനങ്ങൾ.

വിധു ചോപ്ര said...

കഥയൽ‌പ്പം ലോങ്ങാ.......പിന്നെ വന്ന് വായിക്കാം
സ്നേഹപൂർവ്വം വിധു

jayanEvoor said...

ഇതാണ് ലോകം.

പച്ചിലകൾ ചിരിക്കും...

അതുകണ്ട് പഴുത്തിലകളും ചിരിക്കും!

സിയാഫ് അബ്ദുള്‍ഖാദര്‍ said...

കൂടെ താമസിച്ചു കൊല്ലാക്കൊല ചെയ്യുന്നതിലും ഭേദമല്ലേ കല്യാണി ഇങ്ങനെ ചെയ്യുന്നത് ?കാലഘട്ടം ആവശ്യപ്പെടുന്ന ചില വേദനകള്‍ ,,,,,

ഫാസില്‍ said...

'കുർബ്ബാന കഴിഞ്ഞ് ഇറങ്ങിയപ്പോൾ നേരം ആറുമണിയായി'എന്ന് ഈ കഥ തുടങ്ങേണ്ടിയിരുന്നു കല്ല്യാണിക്കുട്ടീ.അതിന് മുമ്പു പറഞ്ഞ കാര്യങ്ങൾ മത്തായിച്ചന്റെ പിന്നീടുള്ള ചിന്തകളിലേക്കു കൊണ്ടു വരാമായിരുന്നു. ഇങ്ങനെയായാൽ എന്താണു കുഴപ്പം എന്നൊരു ചോദ്യം തൊണ്ടയിൽ വന്നുമുട്ടുന്നു അല്ലേ?നല്ലത്.കഥ പറച്ചിലിൽ കാലവും അതിന്റെ ആവിഷ്കാരങ്ങളും മുഖ്യമാണ്. പേടിച്ചോ.കല്ല്യാണിക്കുട്ടി തന്നെ ഒന്നു നോക്ക് കുർബ്ബാന കഴിഞ്ഞ്...എന്ന് തുടങ്ങുന്ന വാക്യത്തിനും അതിനു മുമ്പുള്ള കാര്യങ്ങൾക്കുമിടയിൽ വലിയൊരു ആഴം കാണുന്നില്ലേ?

കല്യാണിക്കുട്ടി said...

fasil....,
paranjathu seriyaanu...enthoo annu angane oru aashayam thonniyilla.....angane thudangiyirunnenkil kuduthal aakarshakamaayirunnu...............thanks for the suggestion...............melil ini sraddicholaam.........

മനോജ് കെ.ഭാസ്കര്‍ said...

ഫാസില്‍ പറഞ്ഞതുപോലെ ഒന്നു തിരിത്തിയെഴുതി നോക്കിക്കൂടേ...
അഭിനന്ദനങ്ങൾ...........

Unknown said...

കഥയിഷ്ടമായി

Post a Comment