Saturday, December 3, 2011

ദുര്‍മന്ത്രവാദി

                                   രാമന്‍! മനസ്സിലും മുഖഭാവത്തിലും വളരെയധികം നിഗൂഡതകള്‍  പേറി നടക്കുന്ന,ഗ്രാമത്തിലെ ദുര്‍മന്ത്രവാദിയെന്നു സ്ഥാനക്കയറ്റം കിട്ടിയ (തെറ്റിദ്ധരിക്കപ്പെട്ട?)ഒരു ജന്മം.ജീവിതത്തിന്‍റെ ഇരുട്ട് പാതയില്‍ ദിശയറിയാതെ പകച്ചു നിന്ന് പോയ ഒരു പാവം.ദുരന്തങ്ങളുടെ കുത്തൊഴുക്കില്‍ ഒലിച്ചു പോയത്  രാമന്‍റെ ജീവിതവും ഭാവിയുമാണ്.ആ ദുരന്തങ്ങളുടെ ഒക്കെയും ഹേതു അയാളുടെ അപകര്‍ഷതാ ബോധം തന്നെയായിരുന്നു.

                                              ഗ്രാമത്തിലെ ഒരു ഇടത്തരം കുടുംബത്തിലെ ഒരു കര്‍ഷകന്റെ  മൂന്നു മക്കളില്‍  രണ്ടാമനായാണ്‌ രാമന്‍റെ ജനനം.സ്വന്തം രൂപം തന്നെയാണ് അയാളില്‍ ആദ്യം അപകര്‍ഷതാ ബോധം ജനിപ്പിച്ചത്.വളരെ മെല്ലിച്ച ശരീരം,കുഴിഞ്ഞ കണ്ണുകള്‍,നീണ്ട മൂക്ക്,കൂര്‍ത്ത മുഖം,വളരെയധികം നീളമുള്ള ശോഷിച്ച കൈകാലുകള്‍.ഇതൊക്കെ അയാളെ ഒരു വല്ലാത്ത മാനസികാവസ്ഥയില്‍ എത്തിച്ചിരുന്നു.ആളുകളുടെ ചില തമാശകളും പരിഹാസവും അയാളെ കൂടുതല്‍ അന്തര്‍മുഖനാക്കി.ദൈവത്തിനു സംഭവിച്ച ഒരു കൈയബ്ബദ്ധം തന്നെയാണ് താനെന്നു അയാള്‍ ഉറച്ചു വിശ്വസിച്ചു.തനിക്കു ചുറ്റും ഏകാന്തതയുടെ ഒരു ലോകം ഉണ്ടാക്കി സ്വന്തം ചിന്തകളും നിരാശകളുമായി   അയാള്‍ അതിലേക്കു ചുരുണ്ടു കൂടി.
                                        
                                                      കാലം ചെല്ലുന്തോറും അയാളിലെ അപകര്‍ഷതാബോധവും വളര്‍ന്നു കൊണ്ടിരുന്നു.ഒരു വിധം സ്കൂള്‍ ഫൈനല്‍ കടന്നതോടെ പഠനം ഉപേക്ഷിച്ചു.താന്‍ എല്ലായിടത്തും പരാജിതന്‍  ആകെന്ടവന്‍ ആണെന്ന ബോധം അയാളില്‍ വല്ലാതെ ഉറച്ചു പോയിരുന്നു.അടുത്ത പട്ടണത്തിലെ ഒരു ചെറിയ മരുന്ന് കമ്പനിയില്‍ മെഡിക്കല്‍ റെപ്പ് ആയി അയാള്‍ തന്‍റെ ഔദ്യോഗിക ജീവിതം ആരംഭിച്ചു.ദൈവത്തിന്‍റെ മറ്റൊരു കൈത്തെറ്റ് പോലെ സുന്ദരിയായ ഒരു പെണ്‍കുട്ടി അയാളുടെ ജീവിതത്തിലേക്ക് കടന്നു വന്നു.താന്‍ ഒരിക്കലും അവള്‍ക്കു അനുയോജ്യന്‍ അല്ലെന്ന അയാളുടെ ഉറച്ച വിശ്വാസവും അയാളുടെ വീട്ടുകാരുടെ ഇടപെടലുകളും അവരുടെ ദാമ്പത്യത്തെ വല്ലാതെ ഉലച്ചു.ജീവിതത്തിലെ  പ്രതീക്ഷകലട്ടു  പോയ ആ പെണ്‍കുട്ടി ഒരു മുഴം കയറില്‍ ജീവിതം അവസാനിപ്പിച്ചു.
           
                                                        ഒരു ചീട്ടുകൊട്ടാരം തകരുന്നത് പോലെ തന്‍റെ ജീവിതം ഉടയുന്നത് അയാള്‍ നിസംഗതയോടെ നോക്കി നിന്നു.സ്വതവേ ഭയമുള്ള ഒരാളായതിനാല്‍ രാമന്‍ മരണത്തില്‍ അഭയം പ്രാപിച്ചില്ല.പിന്നീട് അയാള്‍ ഉദ്യോഗത്തില്‍ ശ്രദ്ധിച്ചില്ല.ആരോടും ഒന്നും ഉരിയാടിയില്ല.വീട്ടില്‍ സ്വന്തമായി എന്തൊക്കെയോ പൂജകളും മറ്റും ചെയ്തു.ചെയ്യുന്നത് ശരിയോ തെറ്റോ എന്താണെന്ന് പോലും മനസ്സിലാക്കാന്‍ അയാള്‍ മിനക്കെട്ടില്ല.എങ്ങനെയെങ്കിലും ജീവിതം ജീവിച്ചു ത്വീര്‍ക്കണം എന്നത് മാത്രമായി അയാളുടെ ഉദ്ദേശ്യം.ചുവന്ന പട്ടു ധരിച്ചു, മുടി നീട്ടി വളര്‍ത്തി, നെറ്റിയില്‍ ഭസ്മം പൂശി, കയ്യില്‍ ഒരു തുണി സഞ്ചിയുമായി അയാള്‍ നാടുകള്‍ തോറും അലഞ്ഞു നടന്നു.മറന്നു വെച്ചതെന്തോ എടുക്കാനെന്ന പോലെ വല്ലപ്പോഴുമൊരിക്കല്‍ വീട്ടില്‍ എത്തും.സ്വന്തം വീട്ടുകാര്‍ തന്നെ അയാളെ മറന്ന മട്ടാണ്.അല്ലെങ്കില്‍ അയാളെ കണ്ടതായി നടിച്ചില്ല.രാമന് അതിലൊട്ടു പരിഭവവുമില്ല.ഇപ്പോള്‍ ഗ്രാമത്തിലെ കുട്ടികള്‍ക്ക് അയാള്‍ ഒരു  ദുര്‍ മന്ത്രവാദി ആണ്,പേടിപ്പെടുത്തുന്ന ഒരു കഥാപാത്രം.അവരുടെ മനസ്സില്‍ ഭീതിയുടെ വിത്ത് വിതച്ചു കുറച്ചു ദിവസങ്ങള്‍ക്കു ശേഷം അയാള്‍ അപ്രത്യക്ഷനാകും.

                                              വസന്തവും ഗ്രീഷ്മവുമൊക്കെ മാറി വന്നു കൊണ്ടിരുന്നു.രാമന്‍ വാര്ദ്ധക്യത്തിലെത്തി.ഇപ്പോള്‍ അയാള്‍ ഗ്രാമത്തിലെ യുവാക്കള്‍ക്ക് ഒരു പരിഹാസ കഥാപാത്രം ആയി.എന്തൊക്കെയോ തെറ്റിദ്ധാരണകള്‍   ശെരിയാണെന്ന് ധരിച്ചു സ്വന്തം ജീവിതം എറിഞ്ഞുടച്ച മഹാവിഡ്ഢി.രാമന്‍ അപ്പോഴും അലഞ്ഞു കൊണ്ടിരുന്നു,ആയുസ്സിന്‍റെ കണക്കു പുസ്തകത്തിലെ തന്‍റെ ശേഷിച്ച കാലം എത്രയും പെട്ടെന്ന് ജീവിച്ചു തീര്‍ത്തു ഈ ലോകത്തോടു വിട പറയുന്നതിനായി.....

26 comments:

മഹേഷ്‌ വിജയന്‍ said...

വളരെ നല്ല രീതിയില്‍ തുടങ്ങി പക്ഷെ പെട്ടന്നങ്ങ് തീര്‍ന്നു പോയി....
തീര്‍ക്കാന്‍ വേണ്ടി തീര്തപോലെ...ഒരു നല്ല കഥ പ്രതീക്ഷിച്ചാണ് എന്നും ഇവിടെ വരുന്നത്. പക്ഷെ പെട്ടന്ന് കഥ തീര്‍ന്നപ്പോള്‍ നിരാശനായി... എങ്കില്‍ കൂടി പറയട്ടെ...സുഷയുടെ ഭാഷ മനോഹരമാണ്...
ഇനിയും എഴുതുക,,,

കല്യാണിക്കുട്ടി said...

thank u mahesh.....
കുറ കാലം കൂടിയാണ് എന്തെങ്കിലും എഴുതുന്നത്‌.അതിന്റേതായ കുറവുകള്‍ ഈ പോസ്ടിനുന്ടു....ഏകദേശം ഒരു വര്‍ഷത്തോളമായി...കഴിഞ്ഞ രണ്ടു മൂന്നു പോസ്റ്റുകള്‍ നേരത്തെ സൂക്ഷിച്ചിരുന്നതാണ്.എഴുതാന്‍ പറ്റുമോ എന്നറിയാന്‍ വേണ്ടി മാത്രം എഴുതി നോക്കിയതാണ്...പതുക്കെ പതുക്കെ ഇമ്പ്രൂവ് ചെയ്യാന്‍ ശ്രമിക്കണം....വളരെയധികം നന്ദി....for ur suggestion........

മഹേഷ്‌ വിജയന്‍ said...

സുഷയ്ക്കു വളരെ നന്നായി എഴുതാന്‍ പറ്റും....
പഴയ കഥകളില്‍ നിന്നും സുഷ അത് തെളിയിച്ചിട്ടുണ്ട്....
എഴുത്തിന്റെ മനോഹര ലോകത്തേയ്ക്ക് എത്രയും പെട്ടന്ന് തിരിച്ചു വരാന്‍ സുഷയ്ക്കു സാധിയ്ക്കട്ടെ എന്നാശംസിക്കുന്നു....

Sureshkumar Punjhayil said...

Thiricharivukal ...!

Manoharam, Ashamsakal...!!!

Thommy said...

Well written...Enjoyed my first visit...

പൊട്ടന്‍ said...

അപകര്‍ഷതാ ബോധത്തെ കുറിച്ചുള്ള ലേഖനത്തിനീടയില്‍ ചേര്‍ത്ത വെറും ഒരു കഥാപാത്രം പോലെ തോന്നുന്നു, രാമന്‍
കഥ ആയില്ല എന്നാ തോന്നല്‍ ഉളവാകുന്നു. വിവരണങ്ങള്‍ മാത്രം.

സരള സുന്ദരമായ എഴുത്ത് നല്ല വായനാസുഖം നല്‍കുന്നു.

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

നല്ല കഥ.നല്ല ആഖ്യാനം.

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

അപകർഷതാ ബോധത്തിന്റെ അപകടം നന്നായി വിളിച്ചറിയിക്കുന്നു. സ്വയം തോല്‌വി സമ്മതിച്ചാൽ പിന്നെ ആർക്കെങ്കിലും സഹായിക്കാൻ പറ്റുമോ?
നല്ല ഒരു സന്ദേശം

Manu said...

ആദ്യമായിട്ടാണ് ഇവിടെ..ലളിത സുന്ദരമായ ഭാഷയിലെ എഴുത്ത് ഇഷ്ടമായീ..ഇനിയും വരാം.
ഭാവുകങ്ങള്‍ ...
മനു. .

anupama said...

പ്രിയപ്പെട്ട സുഷ,
ഒരു വര്‍ഷത്തിനു ശേഷം എഴുത്തിന്റെ ലോകത്തിലേക്ക് തിരിച്ചെത്തിനല്ലൊരു ആശയം അവതരിപ്പിക്കാന്‍ കഴിഞ്ഞു...!
അഭിനന്ദനങ്ങള്‍..!
സസ്നേഹം,
അനു

(നൗഷാദ് പൂച്ചക്കണ്ണന്‍) said...

നന്നായി വളരെ മനോഹരം
എഴുത്ത് തുടരുക ഇടയ്ക്ക് കാണാം
ആശംസകളോടെ.

പ്രദീപ്‌ രവീന്ദ്രന്‍ said...

കുറച്ചു വാക്കുകള്‍ കൊണ്ട് നല്ലൊരു വായനാനുഭവം, അവസാനഭാഗം തകര്‍ത്തു. അഭിനന്ദനങ്ങള്‍ ..

khaadu.. said...

നല്ല എഴുത്ത്.... ചെറിയൊരു കാര്യം, എന്നാല്‍ സാധാരണയായി കണ്ടു വരുന്ന കാര്യങ്ങള്‍ പറഞ്ഞു...
തുടരുക എഴുതി....
നന്മകള്‍ നേരുന്നു...

മഹേഷ്‌ വിജയന്‍ said...

പുതിയ കഥ ഒന്നും ഇല്ലേ കല്യാണിക്കുട്ടി? ഒരു വേനല്‍ മഴയുടെ കഥ എഴുതൂ....

ചന്തു നായർ said...

രചനാ രീതി നന്നായി... ഇതു ഒരു കഥയായോ എന്നൊരു സംശയം....എല്ലാ ഭാവുകങ്ങളും.....

ജയരാജ്‌മുരുക്കുംപുഴ said...

aashamsakal...... blogil puthiya post..... NEW GENERATION CINEMA ENNAAL....... vayikkane..........

മഹേഷ്‌ വിജയന്‍ said...

സുഷേ, വേനല്‍ മഴ പലകുറി പെയ്തിട്ടും പുതിയ (മഴ)കഥകള്‍ മാതം ഇല്ലാല്ലോ...

ജയരാജ്‌മുരുക്കുംപുഴ said...

aashamsakal.................

anamika said...

അനാമികയെ പോലെ മഴയെ സ്നേഹിക്കുന്ന കല്യാണിക്കുട്ടി .....

ആദ്യമായാണ്‌ ഈ വഴി... ഒരു പാട് ഇഷ്ടപ്പെട്ടു ..
പുതിയ കഥകള്ക്കായി കാത്തിരിക്കുന്നു

Kalavallabhan said...

നല്ലൊരു കഥയ്ക്ക്‌ ആമുഖം എഴുതിയതുപോലെ തോന്നി.
ആദ്യമായിവിടെ വന്ന് ഇങ്ങനെ ഒരു അഭിപ്രായം പറയുന്നതിൽ ദേഷ്യം തോന്നരുതെന്ന അപേക്ഷയോടെ ...

ജോയ്‌ പാലക്കല്‍ - Joy Palakkal said...

കഥ വളരട്ടേ...
ആലേഖനംനന്നായിരിക്കുന്നു!!
ആശംസകള്‍!!


ആലേഖനം

ജയരാജ്‌മുരുക്കുംപുഴ said...

ആശംസകള്‍...... ബ്ലോഗില്‍ പുതിയ പോസ്റ്റ്‌....... ഇന്നലെ വേളി, ഇന്ന് മുരുക്കുംപുഴ, നാളെ.....? വായിക്കണേ........

തിരുവല്ലഭൻ said...

മഴയോട് ഇഷ്ടമുള്ള ഈ പാവം വയസന്റെ ഇടം വന്നു കണ്ടതിനും, സുമുഖം കാട്ടിയതിനും നന്ദി. സുഷ ഇനിയുമെഴുതുക. പഴയ ബൂലോക ശിങ്കങ്ങൾ പലരേയും കാണാനില്ലല്ലോ.

ആമി അലവി said...

കഥ അവസാനിപ്പിക്കാന്‍ ധൃതി പിടിച്ചോ കല്യാണി...കൊള്ളാട്ടോ എന്നാലും കഥ...ഇഷ്ടമായി...ആശംസകള്‍...:)

നിസാരന്‍ .. said...

കഥ എന്ന നിലക്ക് ഇനിയും വളരണം. എന്നാല്‍ നല്ല ഭാഷയാണ് ട്ടോ. കഥ കുറച്ചു കൂടെ പടര്‍ന്നു പന്തലിക്കണം ..

വേണുഗോപാല്‍ said...

കഥയെഴുതാന്‍ വേണ്ട എല്ലാ സംഗതികളും കയ്യില്‍ ഉണ്ട് എന്ന് ഈ കഥ വായിച്ചപ്പോള്‍ മനസ്സിലായി.

അടുത്ത കഥ പോസ്റ്റ്‌ ചെയ്‌താല്‍ മെയില്‍ അയക്കൂ ...

Post a Comment